കേരളത്തിൽ വയോജന മേഖലയെ കൂടുതൽ ഊർജസ്വലതയോടെയും കരുതലോടെയും വയോജന സൗഹൃദവുമായി കൊണ്ട് പോകുന്നതിന്റെ ഭാഗമായി കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.

 

വയോജനങ്ങളുടെ മാനസിക-ശാരീരിക സജീവത വർധിപ്പിക്കുന്നതിന്റെ ഭാഗമായും വയോജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും തലമുറകൾക്കിടയിലെ സൗഹൃദവും ശക്തിപ്പെടുത്തുന്നതിനും വയോജന പ്രതിഭകൾക്ക് സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വയോജനങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി കേരളത്തിലെ 14 ജില്ലകളിലെ തെരഞ്ഞെടുത്ത വയോജനങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളടങ്ങിയ സായംപ്രഭ സ്റ്റേറ്റ് ഫെസ്റ്റ് ഫെബ്രുവരി 18, 19 ന് തിരുവനന്തപുരം വെള്ളാർ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ വച്ച് സംഘടിപ്പിക്കുന്നു.

സമൂഹത്തിൽ ഒറ്റപെടുത്തുന്ന വയോജനങ്ങളുടെ സുരക്ഷ, ക്ഷേമം സമൂഹത്തിലേക്കുള്ള പുനസംയോജനം എന്നിവ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരു റാപ്പിഡ് റെസ്‌പോൺസ് ടീം സായംപ്രഭ സേന എന്ന പുതിയ പദ്ധതിയുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ചടങ്ങിൽ നിർവ്വഹിക്കുന്നു. വയോജന ക്ഷേമം മുൻനിർത്തി സായംപ്രഭ ഹോമുകളിൽ സേവനം അനുഷ്ടിക്കുന്ന കെയർ ഗിവർമാർ, ടെക്‌നിക്കൽ അസ്സിസ്റ്റന്റുമാർ, ഫീൽഡ് റെസ്‌പോൺസ് ഓഫീസർമാർ, മാതൃക സായം പ്രഭ ഹോം ഫെസിലിറ്റെറ്റർമാർ എന്നിവർക്ക് അവരുടെ പ്രവർത്തനമേഖലയിൽ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ഇതോടൊന്നിച്ച് നടത്തുന്നു.

എം. വിൻസെന്റ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സായംപ്രഭ ഫെസ്റ്റിൽ പങ്കെടുക്കുന്ന വിവിധ ജില്ലകളിൽ നിന്നും വരുന്ന വയോജനങ്ങൾക്ക് ഫെബ്രുവരി 19ന് തിരുവനന്തപുരം നഗരം, കേരള നിയമ സഭ, കനകക്കുന്ന് എന്നിവിടങ്ങളിൽ സന്ദർശിക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.