ശാസ്താംകോട്ടക്കും ചെങ്ങന്നൂരിനും പുതിയ ട്രെയിൻ സ്റ്റോപ്പുകൾ: കൊടിക്കുന്നിൽ സുരേഷ് എംപി ഇടപെടൽ ഫലം കണ്ടു

മാവേലിക്കര ലോക സഭാ മണ്ഡലത്തിലെ യാത്ര ക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്ക് പരിഹാരമായി 16329/30 നാഗർകോവിൽ – മംഗലാപുരം ജംഗ്ഷൻ അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിലും, 22653/54 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

അമൃത് ഭാരത് എക്സ്പ്രസ്സ്‌ ട്രെയിനിന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതോടെ കൊല്ലം ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് എംപി വ്യക്തമാക്കി. വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി മംഗലാപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും.

അതേസമയം, തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദിൻ സൂപ്പർഫസ്റ്റ് എക്സ്പ്രസ്സ്‌ ട്രെയിനിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതോടെ ഡൽഹിയിലേക്കുള്ള ദീർഘദൂര യാത്രകൾ കൂടുതൽ സൗകര്യപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ, മാവേലിക്കര, അടൂർ മേഖലകളിലെ യാത്രക്കാർക്ക് ഈ സ്റ്റോപ്പ് ഏറെ സഹായകരമാകും.

ഈ രണ്ടു ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും നിരവധി തവണ കത്തുകളും നേരിട്ടുള്ള ഇടപെടലുകളും നടത്തിയിരുന്നുവെന്ന് എംപി അറിയിച്ചു. ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് അനുകൂല തീരുമാനം ഉണ്ടായതെന്നും എംപി കൂട്ടിച്ചേർത്തു.

സ്റ്റോപ്പുകൾ അനുവദിച്ച റെയിൽവേ മന്ത്രാലയത്തിനും ദക്ഷിണ റെയിൽവേ അധികൃതർക്കും എംപി നന്ദി രേഖപ്പെടുത്തി. മണ്ഡലത്തിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ തുടർന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.