ഇസ്രയേൽ–ഇറാൻ-പശ്ചിമേഷ്യ സംഘർഷം; മുഖ്യമന്ത്രിയുടെ ഗൾഫ് ലോക കേരള സഭ പ്രതിനിധി യോഗം വൈകിട്ട് 6ന്
കൗണ്‍സിലിങ്ങിനായി 24 മണിക്കൂറും നോര്‍ക്ക പ്രവാസി ടെലി മനസ്സ് സേവനം
———————————-
ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം പശ്ചിമേഷ്യന്‍ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം 2026 മാർച്ച് 3, ഇന്ത്യൻ സമയം വൈകിട്ട് ആറിന് ചേരും.

 

ഗൾഫ് രാജ്യങ്ങളിലെ കേരളീയരുടെ നിലവിലെ ആവശ്യങ്ങൾ മനസിലാക്കുന്നതിനും സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് യോഗം. നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി അനുപമ ടിവി, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി എന്നിവരും യോഗത്തിൽ പങ്കെടുക്കും.

 

 

നോര്‍ക്ക അവലോകനയോഗം ചേര്‍ന്നു

 

ഹെൽപ്‌ഡെസ്ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍, അടിയന്തിരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി. മേഖലയിലെ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം പ്രത്യേകമായി സജ്ജമാക്കിയ നോര്‍ക്ക റീജിയണല്‍ വിജിലന്‍സ് കോ-ഓഡിനേഷന്‍ ടീമും, ആവശ്യമുളളവര്‍ക്ക് സഹായം എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആറ് നോര്‍ക്ക കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍ (1. ഇസ്രായേല്‍-ജോര്‍ദ്ദാന്‍-ഈജിപ്ത്-സൗദി അറേബ്യ, 2. യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്, 3. ഖത്തർ, 4. ബഹ്റൈൻ, 5. കുവൈത്ത്, 6. ഒമാന്‍).

 

 

നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക് അപ്ഡേറ്റ്

 

വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരും അടിയന്തിരമായി നാട്ടിലേയ്ക്കും തിരിച്ചു വരേണ്ട പ്രവാസികള്‍, വിദേശരാജ്യങ്ങളിലേയ്ക്കും അവിടെനിന്നും നാട്ടിലേയ്ക്കും യാത്രചെയ്യവേ ഗള്‍ഫ് മേഖലഖളിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ കേരളീയരുമാണ് പ്രധാനമായും ബന്ധപ്പെട്ടത്. വിവിധ പരീക്ഷകള്‍ക്കായി നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികളുടെ കുടുംബം, വിവാഹത്തിനായി എത്തേണ്ട യുവതിയും കുടുംബവും, ഹോട്ടൽ എക്സ്റ്റൻഷൻ ആവശ്യപ്പെട്ട്, താമസ രജിസ്ട്രേഷൻ അവസാനിച്ചവര്‍, വിമാനം റദ്ദായി ഗ്രേസ് പീരിയഡ് കഴിഞ്ഞാൽ പിഴ ബാധകമാകുമെന്ന ആശങ്കയുളളവര്‍, ട്രാന്‍സിറ്റ് വീസയിലെത്തി കുടുങ്ങിയവര്‍, മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ 666 പേരാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്കില്‍ (മാര്‍ച്ച് 03 ന് രാവിലെ 11 മണിവരെ) ബന്ധപ്പെട്ടത്. ഹോര്‍മൂസ് കടലിടുക്കിലും സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ കപ്പലില്‍ ജോലി ചെയ്യുന്നവരും കുടുംബങ്ങളും ആശങ്കയിലാണ്.

 

ഷെൽ ആക്രമണത്തിൽ പരിക്ക്

 

തൃശ്ശൂര്‍ ചാവക്കാട് താലൂക്കിൽ വെങ്കിടങ് വില്ലേജിലേ ഹിഷാം എന്നയാൾക്ക് ഇന്നലെ ഖത്തറിലുണ്ടായ ഷെൽ ആക്രമണത്തിൽ പരിക്കേറ്റതായി വിവരം ലഭിച്ചു. കൈയ്യുടെ സർജറി കഴിഞ്ഞു. കാലിനും പരിക്കുണ്ട്. ഹോസ്പിറ്റലിൽ ആണ്. സഹോദരൻ ഖത്തറിലുണ്ട്.

 

വിമാനസര്‍വ്വീസുകള്‍

 

മേഖലയിലെ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേയ്ക്കും തിരിച്ചും വിമാനകമ്പനികള്‍ സുരക്ഷാ പ്രോട്ടേക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ റെഗുലർ സർവീസ് ഇതുവരെ ആരംഭിച്ചിട്ടില്ല. ചുരുക്കം ചില ആളുകൾ സൗദി എത്തിചേർന്ന് അവിടെ നിന്നും കുവൈറ്റ് വഴി കേരളത്തിലേക്ക് യാത്ര തിരിക്കുന്നുണ്ട്. അതുപോലെ ഒമാൻ വഴി റോഡ് മാർഗ്ഗം യാത്ര ചെയ്ത് അവിടെനിന്ന് വിമാനര്‍ഗ്ഗം കേരളത്തിലേക്ക് വരുന്നവരുമുണ്ട്. പരാതികൾ ലഭിക്കുന്നവരിൽ നിന്നും അടിയന്തര സാഹചര്യം ആവശ്യമുള്ളവർക്ക് നോര്‍ക്ക കൂട്ടായ്മകള്‍ വഴി സഹായങ്ങള്‍ ലഭ്യമാക്കിവരുന്നു.

 

 

കൗണ്‍സിലിംങിന് ടെലി മനസ്സ് സേവനം

 

നോർക്ക ഹെൽപ്‌ഡെസ്ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവരില്‍ ആവശ്യമായുളളവര്‍ക്ക് കൗണ്‍സിലിംങ് സേവനം ലഭ്യമാക്കാനായി ദേശീയ ആരോഗ്യ ദൗത്യം (കേരളം) കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി. സേവനങ്ങള്‍ക്കായി പ്രവാസികേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കും +91-4712430001 നമ്പറിലോ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് 14416 എന്ന ടോള്‍ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. നോര്‍ക്കയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കൗണ്‍സിലിങ്ങ് സേവനം ഏര്‍പ്പെടുത്തിയത്.

 

നോര്‍ക്ക സെന്ററില്‍ കണ്‍ട്രോള്‍ റൂം

 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോർക റൂട്ട്സ് ഹെൽപ്‌ഡെസ്ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോര്‍ക്ക സെന്ററില്‍ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍ എന്നിവരുമായുളള ഏകോപനത്തിനാണ് കണ്‍ട്രോള്‍ റൂം.