ഗോവയിൽ നടക്കാനിരിക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) ഫെസ്റ്റിവൽ ഡയറക്ടറായി പ്രശസ്ത ചലച്ചിത്രകാരൻ അശുതോഷ് ഗോവാരിക്കറെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിയമിച്ചു.
ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ പ്രശസ്ത ചലച്ചിത്രകാരനാണ് ഗോവാരിക്കർ. ഐ.എഫ്.എഫ്.ഐയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം നിരവധി പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്നതും, ചലച്ചിത്ര കലകളുടെയും അന്താരാഷ്ട്ര ചലച്ചിത്ര സംസ്കാരത്തിൻ്റെയും പരിണാമത്തിൽ അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള ഇടപെടൽ പ്രതിഫലിപ്പിക്കുന്നതുമാണ്.
നിയമനത്തെക്കുറിച്ചുള്ള തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് . ഗോവാരിക്കർ ഇങ്ങനെ പറഞ്ഞു, ”ഗോവയിൽ നടക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഡയറക്ടറായി സേവനമനുഷ്ഠിക്കാൻ കഴിയുന്നത് എനിക്ക് അതിയായ അഭിമാനവും സന്തോഷവും നൽകുന്നു.
ഈ മേളയുടെ പരിണാമത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. 1984-ൽ ഇതിൽ പങ്കെടുത്തത് മുതൽ 2024-ൽ അന്താരാഷ്ട്ര ചലച്ചിത്രവിഭാഗത്തിൻ്റെ ജൂറി പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചത് വരെയുള്ള വർഷങ്ങളിലുടനീളം ഞാൻ അതുമായുള്ള ബന്ധം തുടരുന്നു”.
1952 മുതൽ പതിറ്റാണ്ടുകളായി എണ്ണമറ്റ മേളകളിലൂടെ സംഘാടകർ സൃഷ്ടിച്ചതും പരിപോഷിപ്പിച്ചതും വികസിപ്പിച്ചതുമായ ഈ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നത് നവീകരിച്ച ഉത്തരവാദിത്തബോധത്തോട് കൂടിയ ഒരു വലിയ ബഹുമതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായും ഗോവ ഗവണ്മെൻ്റുമായും അടുത്ത് ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”.
1952-ൽ സ്ഥാപിതമായ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള, ഏഷ്യയിലെ മുൻനിര ചലച്ചിത്രമേളകളിൽ ഒന്നാണ്, കൂടാതെ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആഗോള സിനിമയിലെ മികവ് പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായും ഇത് പ്രവർത്തിക്കുന്നു.
ഐ.എഫ്.എഫ്.ഐയെ കുറിച്ച്:
1952-ൽ രൂപീകൃതമായ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.ഐ) ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമേറിയതും നിലനിൽക്കുന്നതുമായ ചലച്ചിത്ര ആഘോഷമായി തലയുയർത്തി നിൽക്കുന്നു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും (എൻ.എഫ്.ഡി.സി), ഗോവ സർക്കാറിന് കീഴിലെ ഗോവ എൻ്റർടെയ്ൻമെൻ്റ് സൊസൈറ്റിയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ മേള, ആഗോളതലത്തിൽ ചലച്ചിത്ര രംഗത്തെ ഒരു വഴിത്തിരിവായി പരിണമിച്ചിരിക്കുന്നു.
ഇവിടെ, പുനരുദ്ധരിക്കപ്പെട്ട പഴയകാലത്തെ മികച്ച (ക്ലാസിക്ക്) കൃതികൾ ധീരമായ പുതിയ ശബ്ദങ്ങളുമായി സംവദിക്കുന്നു, ഇതിഹാസ എഴുത്തുകാർ നിർഭയരായ തുടക്കക്കാരുമായി ഇടം പങ്കിടുന്നു. ഐ.എഫ്.എഫ്.ഐക്ക് അതിൻ്റെ വ്യതിരിക്തമായ ഊർജ്ജം നൽകുന്നത് അതിൻ്റെ ചലനാത്മകമായ മിശ്രണമാണ്. ഇതിൽ അന്താരാഷ്ട്ര മത്സരങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട രാജ്യകേന്ദ്രീകൃത വിഷയങ്ങൾ, വിദഗ്ധ ക്ലാസുകൾ, ആദരമർപ്പിക്കൽ എന്നിവയും ആശയങ്ങളും സഹകരണങ്ങളും സൃഷ്ടിപരമായ പങ്കാളിത്തങ്ങളും രൂപപ്പെടുന്ന ഊർജ്ജസ്വലമായ വേവ്സ് ഫിലിം ബസാറും ഉൾപ്പെടുന്നു. ഗോവയുടെ തിളക്കമാർന്ന തീരദേശ പശ്ചാത്തലത്തിൽ, 2026 നവംബറിൽ നടക്കുന്ന 57-ാമത് ഐ.എഫ്.എഫ്.ഐ, കൂടുതൽ വിസ്തൃതമായ ഒരു കാൻവാസ് വാഗ്ദാനം ചെയ്യുന്നു. ഇത് ഭാഷകൾ, കലാരൂപങ്ങൾ, സാങ്കേതികവിദ്യകൾ, കഥാകഥന പാരമ്പര്യങ്ങൾ എന്നിവയുടെ സമ്പന്നമായ ഒരു ശ്രേണിയെ ഒരുമിച്ച് കൊണ്ടുവരും.

