വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുരോഗതിയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനക്ഷമതയും ദേശീയ ഷിപ്പിങ് ബോർഡ് (NSB) ചെയർമാൻ ശ്രീ സമീർ കുമാർ ഖരെ (റിട്ട. ഐ.എ.എസ്) വിലയിരുത്തി. വ്യാഴാഴ്ചയാണ് ദേശീയ ഷിപ്പിങ് ബോർഡ് ചെയർമാൻ തുറമുഖം സന്ദർശിച്ചത്. ഇന്ത്യയിലെ നിർണായകമായ ഈ തുറമുഖ ദൗത്യത്തിന്റെ നിലവിലെ അവസ്ഥ അദ്ദേഹം നേരിട്ട് പരിശോധിച്ചു.

സന്ദർശനവേളയിൽ, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) സി.ഇ.ഒ പ്രദീപ് ജയറാമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുമായും മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് (MMD), കേരള മാരിടൈം ബോർഡ് (KMB) എന്നിവയുടെ പ്രതിനിധികളുമായും ബന്ധപ്പെട്ട മറ്റു വ്യക്തികളുമായും ശ്രീ ഖരെ ചർച്ചകൾ നടത്തി.

തുറമുഖത്തിന്റെ നിലവിലെ വികസനം, പ്രവർത്തനങ്ങളിലെ പുരോഗതി, വിഴിഞ്ഞത്തെ പ്രധാന ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി മാറ്റുന്നതിനുള്ള ഭാവി വികസന പദ്ധതികൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ ദേശീയ ഷിപ്പിങ് ബോർഡ് ചെയർമാനോട് വിശദീകരിച്ചു.

ഈ പദ്ധതിക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച ശ്രീ ഖരെ, ഇന്ത്യയുടെ സമുദ്രമേഖലയെയും ലോജിസ്റ്റിക്സ് ശേഷിയെയും ശക്തിപ്പെടുത്തുന്നതിൽ പദ്ധതിക്കുള്ള തന്ത്രപരമായ പ്രാധാന്യം അംഗീകരിച്ചു. പദ്ധതി മികച്ച വേഗതയിൽ മുന്നേറുന്നതായി നിരീക്ഷിച്ച അദ്ദേഹം, തുറമുഖ അധികൃതരും കേന്ദ്ര റെഗുലേറ്ററി ഏജൻസികളും തമ്മിലുള്ള ഏകോപനത്തെ പ്രശംസിച്ചു.

തുറമുഖത്തിന്റെ വളർച്ച നിലനിർത്തുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചും ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പദ്ധതിക്കായി അധിക ഭൂമി ലഭ്യമാക്കുന്നതിനും ഭരണപരമായ മറ്റ് പിന്തുണകൾ നൽകുന്നതിനും കേരള ഗവണ്മെന്റിന്റെ സഹായം ആവശ്യമാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. അതോടൊപ്പം, കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുള്ള റെയിൽവേ, ദേശീയ പാത കണക്റ്റിവിറ്റി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിനു കേന്ദ്ര ഗവണ്മെന്റ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സി.ഇ.ഒ പ്രദീപ് ജയറാം ഉൾപ്പെടെയുള്ളവർ ഉന്നയിച്ച വിഷയങ്ങളിൽ അനുകൂലമായ നടപടികളുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. വിഴിഞ്ഞത്തെ ആഗോളതലത്തിലുള്ള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി ഉയർത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ത്യയുടെ വികസനത്തിൽ നിർണായകമായ പങ്കുവഹിക്കുമെന്ന് സന്ദർശനവേളയിൽ ശ്രീ ഖരെ ചൂണ്ടിക്കാട്ടി. പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ലോകനിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും ദ്രുതഗതിയിലുള്ള നടപടികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുംകാലങ്ങളിൽ ഇന്ത്യയുടെ സമുദ്ര വ്യാപാര മേഖലയിൽ വലിയ കുതിച്ചുചാട്ടം നടത്താൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.