ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) നൂതനമായ ‘സെൽഫ് ബുക്കിംഗ് സിം സേവനം’ രാജ്യവ്യാപകമായി ആരംഭിച്ചു. ടെലികോം സേവനങ്ങൾ ഇന്ത്യയിലുടനീളമുള്ള പൗരന്മാരിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ ഡിജിറ്റൽ പദ്ധതിയിലൂടെ ബിഎസ്എൻഎൽ ഓഫീസുകൾ സന്ദർശിക്കാതെയും പേപ്പർ രഹിതമായും പുതിയ കണക്ഷനുകൾ സ്വന്തമാക്കാം.

കണക്റ്റിവിറ്റി രംഗത്തെ തടസ്സങ്ങൾ നീക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിഎസ്‌എൻഎൽ കേരള സർക്കിൾ മേധാവി സജി കുമാർ ആർ (ITS) പറഞ്ഞു. നിങ്ങളുടെ താല്പര്യത്തിനനുസരിച്ചോ ഭാഗ്യനമ്പറുകൾ നോക്കിയോ ഇഷ്ടമുള്ള മൊബൈൽ നമ്പർ ഓൺലൈനായി തെരഞ്ഞെടുക്കാം എന്നതാണ് സെൽഫ്-കെവൈസി (SKYC)-യുടെ ഏറ്റവും മികച്ച സവിശേഷത. കെവൈസി നടപടികളും ബുക്കിംഗും സ്വയം പൂർത്തിയാക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിലൂടെ ബിഎസ്എൻഎൽ സേവനങ്ങൾ കൂടുതൽ സുതാര്യവും ആധുനിക ഡിജിറ്റൽ ജീവിതശൈലിക്ക് അനുയോജ്യവുമാകുന്നു.

“ഡിജിറ്റൽ ഇന്ത്യ” കാഴ്ചപ്പാടിന് അനുസൃതമായി, ബിഎസ്എൻഎൽ വെബ് സൈറ്റിലെ ക്യുആർ കോഡ് (QR Code) സ്കാൻ ചെയ്തോ ലിങ്ക് വഴിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ കണക്ഷൻ നടപടികൾ ആരംഭിക്കാം. മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഏത് സ്ഥലത്തുനിന്നും ഏത് സമയത്തും തടസ്സമില്ലാതെ ഈ സേവനം പ്രയോജനപ്പെടുത്താം.

ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ സജി കുമാർ ആർ (ITS)-ന്റെ നേതൃത്വത്തിൽ കേരള ഐടി ടീമാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ജെടിഒമാരായ ശ്രീകുമാർ ഒ.എസ്, അനുമോദ് സി എന്നിവരാണ് ഇതിന്റെ വികസനത്തിനും സാങ്കേതിക രൂപകൽപ്പനയ്ക്കും പിന്നിൽ പ്രവർത്തിച്ചത്. സംവിധാനം ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള എല്ലാ സർക്കിളുകളിലും ലഭ്യമാണ്.