മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു.

പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണ് വൻ സംഘർഷവും അക്രമവും ഉണ്ടായത്.ഇഷ്ടികയും കട്ടകളും ഉപയോഗിച്ച് എറിഞ്ഞും കൈകൊണ്ട് ഇടിച്ചും പ്രവർത്തകർ ഇഡിയുടെ രണ്ട് വാഹനങ്ങൾ തകർത്തു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്ത പ്രവർത്തകർ വീടിന്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞു .

 

ഉദ്യോഗസ്ഥർ അക്രമിക്കപ്പെട്ടതിലും വാഹനങ്ങൾ തകർക്കപ്പെട്ടതിലും ഇഡി തമ്പാനൂർ പോലീസിൽ പരാതി നൽകി.പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ ഡൽഹിയിലും പ്രതിഷേധം കത്തുന്നു.

 

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സി.പി.എം സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത എം.എ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലടക്കം 12 ഓളം ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത് .