ഗ്ലോബല്‍ സ്കില്‍ പാര്‍ട്ണര്‍ഷിപ്പ് നഴ്സിംങ് മോഡലില്‍ പങ്കാളികളായി ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ ഉടമസ്ഥതയിലുള്ള ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും ((GIZ) സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും കരാര്‍ കൈമാറി.
സുരക്ഷിതവും സുതാര്യവുമായ വിദേശ തൊഴില്‍ കുടിയേറ്റം ഉറപ്പാക്കുന്നതിനൊപ്പം കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതുമാണ് കരാര്‍.
ബി.എസ്.സി നഴ്സിംങ് പരിശീലനത്തോടൊപ്പം തന്നെ ബി 2 വരെയുളള ജര്‍മ്മന്‍ ഭാഷാ പരിശീലനവും, ജര്‍മ്മനിയിലേയ്ക്കുളള നൈപുണ്യ വിടവ് പരിഹരിക്കുന്നതിനുളള അധിക പരിശീലനവും ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിനാല്‍ കോഴ്സ് പൂര്‍ത്തിയാക്കുന്ന സമയത്തുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി ജോലി ചെയ്യുന്നതിനുളള അംഗീകാരം കൂടി പദ്ധതി വഴി ലഭിക്കുമെന്നതാണ് പ്രത്യേകത.
ഗ്ലോബൽ സ്കിൽസ് പാർട്ണർഷിപ്പ് നഴ്സിംഗ് പ്രോജക്ട് ലീഡ് ജുഡിത്ത് ഹീപ്പെ, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, GIZ പ്രോഗ്രാം കംപോണന്റ് മാനേജർ ലിജു ജോർജ്ജ് എന്നിവര്‍ തമ്മിലാണ് കരാര്‍ കൈമാറിയത്.
തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) ഡയറക്ടര്‍ ഡോ. ആശാ.എസ്.കുമാർ, നോര്‍ക്ക റൂട്ട്സ് ജനറൽ മാനേജർ ഉല്ലാസ് കൃഷ്ണൻ, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, നോര്‍ക്ക റൂട്ട്സ്, GIZ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. ഗ്ലോബല്‍ സ്കില്‍ പാര്‍ട്ണര്‍ഷിപ്പ് ഫ്രെയിംവർക്കില്‍ പങ്കാളികളാകുന്ന കേരളത്തിലെ നഴ്സിംങ് കോളേജുകള്‍, നോര്‍ക്ക റൂട്ട്സ്, GIZ എന്നിവര്‍ സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തില്‍ നഴ്സിംഗ് മേഖലയിലെ നൈപുണ്യ വികസനം, തൊഴിൽ സാധ്യത ഉറപ്പാക്കല്‍ എന്നിവ ലക്ഷ്യമിട്ടുളളതാണ് കരാര്‍. രാജ്യത്താദ്യമായാണ് ഇതിനായി കരാര്‍ ഒപ്പിടുന്നത്.


