വേവ്‌സ് ഡോക് ബസാറിൻ്റെ രണ്ടാം പതിപ്പ് 19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (എം.ഐ.എഫ്.എഫ് -2026) വിജയകരമായി സമാപിച്ചു. ഡോക്യുമെൻ്ററി ചലച്ചിത്ര പ്രവർത്തകർക്ക് ലോകത്തുടനീളമുള്ള മാർഗ്ഗനിർദ്ദേശകർ, നിർമ്മാതാക്കൾ, വിതരണക്കാർ, സംപ്രേഷകർ, ഈ വ്യവസായ രംഗത്തെ പ്രൊഫഷണലുകൾ എന്നിവരുമായി ബന്ധപ്പെടാനുള്ള ഒരു പ്രധാന വേദിയെന്ന നിലയിലുള്ള അതിൻ്റെ പങ്കിനെ പരിപാടി ഊട്ടിയുറപ്പിച്ചു.

മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ പദ്ധതി അവതരണങ്ങൾ, സമ്പർക്ക പരിപാടികൾ, വ്യവസായരംഗത്തെ ഇടപെടലുകൾ എന്നിവ സാധ്യമായി. ഇതിലൂടെ, തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ പ്രോജക്ടുകളുടെ വികസനം, ചിത്രീകരണാനന്തര ഘട്ടം, വിതരണം എന്നിവയ്ക്കുള്ള പിന്തുണ തേടാനുള്ള അവസരങ്ങൾ ലഭിച്ചു.

പ്രസാദ് ലാബ്സിൻ്റെ ജനറൽ മാനേജർ നിതിൻ പിംഗ്ലെ സമ്മാനിച്ച പ്രസാദ് ലാബ്സ് അവാർഡുകൾ, തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾക്ക് ചിത്രീകരണാനന്തര ഘട്ട പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് മികച്ച ഡോക്യുമെൻ്ററികൾക്ക് അംഗീകാരമേകി.

പ്രസാദ് ലാബ്സ് പോസ്റ്റ്-പ്രൊഡക്ഷൻ അവാർഡ്, ചെന്നൈയിലെ പ്രസാദ് ലാബ്സിൽ 50 മണിക്കൂർ വരെ സൗജന്യ 4 കെ ഡിജിറ്റൽ ഇൻ്റർമീഡിയറ്റ് (ഡി.ഐ) സേവനങ്ങൾ നൽകി, തിരഞ്ഞെടുക്കപ്പെട്ട ഡോക്യുമെൻ്ററി പദ്ധതികൾക്ക്, ഗണ്യമായ പോസ്റ്റ്-പ്രൊഡക്ഷൻ പിന്തുണ വാഗ്ദാനം ചെയ്തു.

പുരസ്‌കാര ജേതാക്കൾ:

വിജയ ചിത്രം: ഓൺ എ ഗുഡ് നോട്ട്
സംവിധായക: കരിഷ്മ റാവു
നിർമ്മാതാവ്: വിശ്വേഷ് എസ്. പ്രസാദ്
വിജയ ചിത്രം: ഇറ്റ് ടേക്ക്‌സ് എ വില്ലേജ്
സംവിധായകൻ: ഇന്ദ്രജീത് മോറെ
എഡിറ്റർ: ആകാൻക്ഷ കൽഹെ

കൂടാതെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് (ഐ.ഐ.സി.ടി) അക്കാദമിക വിഭാഗം ഡയറക്ടർ ശ്രീ. സതീഷ് നാരായണൻ ഐ.ഐ.സി.ടി പോസ്റ്റ്-പ്രൊഡക്ഷൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. അവ ഡോക്യുമെൻ്ററി ചലച്ചിത്ര നിർമ്മാണത്തിലെ മികവിനെ അംഗീകരിക്കുകയും തിരഞ്ഞെടുത്ത പദ്ധതികളുടെ ചിത്രീകരണാനന്തര ഘട്ട വികസനത്തിന് പിന്തുണയേകുകയും ചെയ്തു.

ഐ.ഐ.സി.ടി പോസ്റ്റ്-പ്രൊഡക്ഷൻ പുരസ്‌കാരം 50 മണിക്കൂർ 4കെ ഡിജിറ്റൽ ഇൻ്റർമീഡിയറ്റ് (ഡി.ഐ) സേവനങ്ങളിൽ 50 ശതമാനം കിഴിവ് വാഗ്ദാനം ചെയ്തു.

പുരസ്‌കാര ജേതാക്കൾ:

വിജയ ചിത്രം: അഡീയു ദില്ലി
സംവിധായകർ: നന്ദൻ സക്സേന, കവിതാ ബഹൽ
വിജയ ചിത്രം: ദോ ചാർ ദിൻ
സംവിധായകൻ: സാന്യ ആനന്ദ്
നിർമ്മാതാവ്: നവ്യ ബജാജ്

റീബോൺ ഇന്ത്യ ഫിലിംസിലെ രാഹുൽ അഗർവാളും രോഹിത് അഗർവാളും ചേർന്ന് റീബോൺ ഇന്ത്യ ഫിലിംസ് വിതരണ പുരസ്‌കാരം സമ്മാനിച്ചു.
തിരഞ്ഞെടുക്കപ്പെട്ട പദ്ധതികൾക്ക് വിതരണ അവസരങ്ങളിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നതിന് ഈ പുരസ്‌കാരം പിന്തുണ നൽകുന്നു, 7 ലക്ഷം രൂപ വില മതിക്കുന്ന വിതരണ പിന്തുണയോടെ 10 തിയേറ്ററുകളിലായുള്ള റിലീസ് ഇതിൽ ഉൾപ്പെടുന്നു.

പുരസ്‌കാരം നേടിയത്:

ഓൺ എ ഗുഡ് നോട്ട്
സംവിധായകൻ: കരിഷ്മ റാവു
നിർമ്മാതാവ്: വിശ്വേഷ് എസ്. പ്രസാദ്

ഇതാദ്യമായി, ഡോക്യുമെൻ്ററി, ഹ്രസ്വചിത്ര പദ്ധതികൾക്കായി ഒരു ലക്ഷം രൂപ വീതമുള്ള മൂന്ന് ധനസഹായങ്ങൾ എൻ.എഫ്.ഡി.സി ഏർപ്പെടുത്തി. എൻ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ ശ്രീ. പ്രകാശ് മാഗ്ദമാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

ഗ്രാൻ്റ് ലഭ്യമായവർ:

‘കുഞ്ചോക്ക് ആൻഡ് ഹിസ് മെനി മൂൺസ്’
സംവിധായകനും എഡിറ്ററും: അശോക് മീണ
ദ ഗേൾ ബിനീത്ത് ദ സൺ
സംവിധായിക: മധുരിമ മൈതി
തുക്രോ തുക്രോ പൃഥ്ബി
സംവിധായിക: അസ്മിത പാൽ
നിർമ്മാതാവ്: അരുണിമ ചൗധരി

ഡോക്യുമെൻ്ററി സംവിധായകർക്കായി ഒരു സമർപ്പിത വേദി വേണമെന്ന ആവശ്യം വർദ്ധിച്ചുവരുന്നതിൻ്റെ പ്രതിഫലനമാണ്, വിവിധ വിഭാഗങ്ങളിലായി 150-ലധികം എൻട്രികൾ ലഭിച്ച വേവ്‌സ് ഡോക് ബസാറിനോടുള്ള ശക്തമായ പ്രതികരണമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ. പ്രകാശ് മാഗ്ദം പറഞ്ഞു. എൻ.എഫ്.ഡി.സി ഇത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും നോൺ-ഫിക്ഷൻ സിനിമകളിലെ ഉയർന്നുവരുന്ന പ്രതിഭകളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

9 രാജ്യങ്ങളിൽ നിന്ന് 35 ഭാഷകളിലായി 155 അപേക്ഷകൾ ലഭ്യമായിക്കൊണ്ട്, ഡോക്യുമെൻ്ററി സമൂഹത്തിൽ നിന്നുള്ള ശക്തമായ പങ്കാളിത്തത്തിന് വേദി സാക്ഷ്യം വഹിച്ചു. ഇതിൽ നിന്ന് അവതരണ, മാർക്കറ്റിങ് പ്രവർത്തനങ്ങൾക്കായി 12 ചിത്രങ്ങൾ തിരഞ്ഞെടുത്തു. ബിസിനസ് സ്ഥാപനങ്ങൾ തമ്മിലുള്ള 100-ലധികം കൂടിക്കാഴ്ചകൾ നടക്കുകയും, ഇത് സഹ-നിർമ്മാണങ്ങൾ, ധനസഹായം, വിതരണ പങ്കാളിത്തങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

പ്രതീക്ഷാഭരമായ മികവ് പുലർത്തുന്ന ഡോക്യുമെൻ്ററി പദ്ധതികൾക്ക് പിന്തുണയേകുന്നതിനായി നിരവധി പുരസ്‌കാരങ്ങൾ സമാപന ചടങ്ങിൽ വിതരണം ചെയ്തു.