വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. വരുമാന വര്‍ധനയ്ക്കുള്ള കാര്യമായ നടപടികള്‍ ബജറ്റിൽ പ്രതീക്ഷിക്കുന്നു. ആര്‍ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശൻ.ഇടതു​പക്ഷത്തു നിന്നും സി.​ ​അച്യുതമേനോനും ഇ.കെ. നാ​യനാരും മുഖ്യമന്ത്രി പദത്തിലിരിക്കെ ബജറ്റ് അവതരിപ്പിച്ചി​ട്ടു​ണ്ട്.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില മോശമാണെന്ന് വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെയാണ് ബജറ്റ്.രാവിലെ ഒമ്പതിന്‌ 2026–27 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കുക.തിങ്കള്‍ മുതൽ മൂന്നുദിവസം ബജറ്റ്‌ ചർച്ച. 25മുതൽ 28വരെ സഭ ചേരില്ല. ജൂലൈ ഒന്നിന്‌ അവസാനിക്കും.

ഇന്ദിര ​ഗ്യാരന്‍റികൾ ഉൾപ്പടെ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ​ബജറ്റ് ആണ് ഇന്ന് നിയമസഭയിൽ ധനവകുപ്പിന്‍റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.​ഡി. സതീശൻ അവതരിപ്പിക്കുന്നത് . എൽഡിഎഫ് സർക്കാരിന്‍റെ അവസാന ബജറ്റിൽ അന്നത്തെ ധനമന്ത്രി കെ.എൻ.​ ബാലഗോപാൽ ആകെ വരുമാനമായി പ്രതീക്ഷിച്ചത് 1.84 ലക്ഷം കോടി രൂപയായിരുന്നു, ചെലവ് 2.39 ലക്ഷം കോടി.ശമ്പളവും പെൻഷനും പലിശയും ദൈനംദിന ഭരണം നടത്താനുള്ള പണ​വും കഴിഞ്ഞാൽ വികസന പദ്ധതികൾക്കായി ബജറ്റിൽ ബാക്കിയുള്ളത് 33,000 കോടി​യാണ്. ജനകീയ പദ്ധതികൾ കുറയാനാണ് സാധ്യത.