ഇന്ത്യ-യു.കെ. സ്വതന്ത്ര വ്യാപാര കരാറിന് (സമഗ്ര സാമ്പത്തിക, വ്യാപാര കരാർ – CETA) കീഴിൽ കേരളത്തിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള ആദ്യ കയറ്റുമതി ചരക്ക് കൊച്ചിയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) റീജിയണൽ അതോറിറ്റി കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ നടന്ന ചടങ്ങിൽ ഫ്ലാഗ് ഓഫ് ചെയ്തു.

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാറിന് കീഴിൽ കേരളത്തിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് ചരക്കുകൾ കയറ്റി അയക്കുന്ന ആദ്യ കയറ്റുമതി സ്ഥാപനം എന്ന നേട്ടം കൈവരിച്ചതിനെ മുൻനിർത്തി, ചടങ്ങിൽ ഡി.ജി.എഫ്.ടി. ബന്ധപ്പെട്ട കയറ്റുമതി സ്ഥാപനത്തിന് അംഗീകാരപത്രം സമ്മാനിച്ചു.
പുതുതായി ഒപ്പുവെച്ച ഇന്ത്യ-യു.കെ. സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ കേരളത്തിൽ നിന്നുള്ള കയറ്റുമതിയുടെ ഔദ്യോഗിക തുടക്കമാണ് ഈ ഫ്ലാഗ് ഓഫ് ചടങ്ങ് അടയാളപ്പെടുത്തുന്നത്.
ന്ത്യ-യു.കെ. സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി സ്ഥാപനങ്ങളുടെ മത്സരശേഷി ഗണ്യമായി വർദ്ധിപ്പിക്കുമെന്നും, ഒപ്പം സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ എന്നിവയുൾപ്പെടെ കേരളത്തിലെ പ്രധാന മേഖലകൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുമെന്നാണ് കരുതപ്പെടുന്നത്. ഇത് വ്യാപാരം, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതോടൊപ്പം ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

കേരളത്തിൻ്റെ കയറ്റുമതി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഏകോപിത ശ്രമങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് കസ്റ്റംസ് വകുപ്പ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (FIEO), APEDA, ഇമിഗ്രേഷൻ വകുപ്പ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI), ബന്ധപ്പെട്ട കയറ്റുമതി സ്ഥാപനം, മറ്റ് പങ്കാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കസ്റ്റംസ് കമ്മീഷണർ ഡോ. ടി. ടിജു, ഡി.ജി.എഫ്.ടി. ഡെപ്യൂട്ടി ഡയറക്ടർ ഹസ്സൻ ഉസൈദ് എൻ. എ., FIEO കേരള ചാപ്റ്റർ അസിസ്റ്റൻ്റ് ഡയറക്ടർ രാജീവ്, എഫ്.എസ്.എസ്.എ.ഐ. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ധന്യ, APEDA-യിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരായ ആതിര ശ്രീദേവി, കൃതിക യാദവ്, കൂടാതെ ഗായത്രി ദാസ്, ആൽഫിൻ സന്തോഷ് എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.