IRCTC വെബ്‌സൈറ്റിന്റെ പുതിയ രൂപവും ഭാവവും ഉപയോക്താക്കള്‍ക്ക് അനുഭവവേദ്യമാക്കാനും സവിശേഷതകളെക്കുറിച്ച് പ്രതികരണങ്ങൾ രേഖപ്പെടുത്താനും വെബ്‌സൈറ്റിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കി . https://www.irctc.co.in/eticket/ എന്ന ലിങ്ക് വഴി പുതിയ വെബ്സൈറ്റ് സന്ദർശിക്കാം. ബീറ്റാ പതിപ്പിലേക്കുള്ള ലിങ്ക് നിലവിലെ വെബ്‌സൈറ്റിന്റെ ഹോംപേജിലും ലഭ്യമാക്കിയിട്ടുണ്ട്.

 

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പരിഷ്കാരങ്ങൾ നിർദേശിച്ചത്.

 

2002-ൽ ആരംഭിച്ച IRCTC വെബ്‌സൈറ്റ് നിലവിൽ പ്രതിദിനം ശരാശരി 14.5 ലക്ഷം ടിക്കറ്റുകളാണ് കൈകാര്യം ചെയ്യുന്നത്. വ്യക്തതയേറിയ യൂസർ ഇന്റർഫേസും ലളിതമായ യൂസർ എക്സ്പീരിയൻസുമാണ് പുതിയ വെബ്‌സൈറ്റിന്റെ സവിശേഷത.

 

ബീറ്റാ പതിപ്പിൽ നാല് പ്രധാന പരിഷ്കാരങ്ങളാണ് IRCTC വരുത്തിയിരിക്കുന്നത്:

ക്യാപ്‌ചാ: അനാവശ്യ ക്യാപ്‌ചകളോ പോപ്പ്-അപ്പുകളോ ഇല്ല. മിന്നിമറയുന്ന ഗ്രാഫിക്സുകളും ശ്രദ്ധതിരിക്കുന്ന മറ്റ് ഘടകങ്ങളും ഒഴിവാക്കി.

സീറ്റ് ലഭ്യത: എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒറ്റനോട്ടത്തിൽ കാണാം.

വേഗമേറിയ പ്രക്രിയ: ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ ഘട്ടങ്ങളുടെ എണ്ണം കുറച്ചു.

വീണ്ടും ബുക്ക് ചെയ്യാന്‍ എളുപ്പം: യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി സേവ് ചെയ്തുവെക്കാം.

 

വെബ്‌സൈറ്റിന്റെ രൂപവും ഭാവവും മെച്ചപ്പെടുത്തുന്നതിന് നിർദേശങ്ങൾ സമർപ്പിച്ച് രൂപകല്പന പ്രക്രിയയിൽ വിദ്യാർത്ഥികളും പങ്കാളികളായി. വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ വെബ്‌സൈറ്റ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ സജ്ജമാക്കിയത്.

 

തുടർന്നുള്ള പരിഷ്കാരങ്ങൾക്കും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനും ഉപയോക്താക്കളുടെ പ്രതികരണങ്ങൾ ശേഖരിക്കാൻ ബീറ്റാ പതിപ്പ് സഹായിക്കും. വരാനിരിക്കുന്ന പുതിയ യാത്രാ റിസർവേഷൻ സംവിധാനവുമായി വൈകാതെ IRCTC വെബ്‌സൈറ്റ് സംയോജിപ്പിക്കും. യാത്രാ റിസർവേഷൻ സംവിധാനത്തിന്റെ നവീകരണം സമാന്തരമായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ പൂർണസജ്ജമായ പുതിയ IRCTC പോർട്ടൽ ഏതാനും ആഴ്ചകൾക്കകം ലഭ്യമാകും.

 

ഇതിനൊപ്പം വിവിധ ട്രെയിൻ ബുക്കിങ് ആപ്പുകൾക്ക് കരുത്തേകുന്ന പതിറ്റാണ്ടുകൾ പഴക്കം ചെന്ന യാത്രാ റിസർവേഷൻ സംവിധാനങ്ങളും IRCTC നവീകരിക്കുന്നുണ്ട്. നവീകരണ പ്രക്രിയയിലുടനീളം നിലവിലെ സംവിധാനം തടസ്സമില്ലാതെ പ്രവർത്തിക്കേണ്ടതിനാല്‍ വിപുലമായ പ്രവർത്തനങ്ങൾ ഇതിന് ആവശ്യമായി വന്നു. പുതിയ യാത്രാ റിസർവേഷൻ സംവിധാനവും ഉടന്‍ പുറത്തിറക്കും.

 

IRCTC വെബ്‌സൈറ്റ് ഇനിയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന് പുതിയ രൂപകല്പന സംബന്ധിച്ച് വിലയേറിയ നിർദേശങ്ങളും പ്രതികരണങ്ങളും പങ്കുവെക്കാൻ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു