ഇന്ന് കർക്കടകം ഒന്ന്. മലയാള കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ കർക്കടകത്തിന് ഇന്ന് തുടക്കമാകുന്നു. ഭക്തിയുടെയും ആത്മീയതയുടെയും ആരോഗ്യപരിപാലനത്തിന്റെയും മാസമായാണ് കർക്കടകം അറിയപ്പെടുന്നത്. ഈ മാസം രാമായണ മാസമായും വിശേഷിപ്പിക്കപ്പെടുന്നു. വീടുകളിൽ രാമായണ പാരായണം നടത്തുകയും ആത്മീയചിന്തകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്ന പതിവുണ്ട്.

‘കർക്കടകം’ എന്നതിന് ഞണ്ട് എന്നും കർക്കടകരാശി എന്നും അർഥമുണ്ട്. സൂര്യൻ ഈ കാലയളവിൽ കർക്കടകരാശിയിലൂടെ സഞ്ചരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഭൂമിയുടെ ചലനവുമായി ബന്ധപ്പെട്ടാണ് ഉത്തരായനവും ദക്ഷിണായനവും നിർണയിക്കുന്നത്. സൂര്യൻ വടക്കുനിന്ന് തെക്കോട്ടുള്ള സ്ഥാനമാറ്റം ആരംഭിക്കുന്ന ദിനമാണ് കർക്കടകം ഒന്ന്. അതിനാലാണ് ഈ ദിവസം ദക്ഷിണായനത്തിന്റെ ആരംഭമായി കണക്കാക്കുന്നത്.

ഇത്തവണ കർക്കടകം പിറന്നിട്ടും പതിവുപോലെ ശക്തമായ മഴ ലഭിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം മനുഷ്യരെയും ജന്തുജാലങ്ങളെയും മാത്രമല്ല, പ്രകൃതിയുടെ താളത്തെയും ബാധിച്ചിരിക്കുന്നുവെന്നതിന് ഇത് ഒരു ഉദാഹരണമാണ്.

കർക്കടകത്തിലെ അമാവാസി ദിനമാണ് കർക്കടക വാവ്. ഹൈന്ദവ വിശ്വാസപ്രകാരം പിതൃബലിതർപ്പണത്തിന് ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഇത്.

കർക്കടകത്തിലെ ആരോഗ്യപരിപാലനം

“കർക്കടകത്തിൽ പത്തില കഴിക്കണം” എന്നൊരു പഴമൊഴിയുണ്ട്. താൾ, തകര, ചീര, മത്തൻ, കുമ്പളം, പയർ, ചേന, ചേമ്പ്, ഉഴുന്ന്, തഴുതാമ എന്നിവയുടെ ഇലകൾ ചേർത്ത് തോരൻ തയ്യാറാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതപ്പെടുന്നു.

അതുപോലെ ദശപുഷ്പങ്ങൾ, ഞവരയരി, ഉലുവ, ആശാളി, ജീരകം, ചെറുപയർ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഔഷധക്കഞ്ഞിയും ഈ മാസത്തിലെ പ്രധാന ഭക്ഷണമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും കാലാവസ്ഥാ മാറ്റങ്ങളോട് പൊരുത്തപ്പെടാനും ഇത് സഹായിക്കുമെന്നാണ് ആയുർവേദ പാരമ്പര്യം പറയുന്നത്.

ദശപുഷ്പങ്ങൾ

കേരളീയ പാരമ്പര്യത്തിൽ ദശപുഷ്പങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. അവയാണ്:

കറുക
ചെറൂള
തിരുതാളി
മുയൽച്ചെവിയൻ
പൂവാൻകുരുന്നില
നിലപ്പന
വിഷ്ണുക്രാന്തി
കയ്യൂന്നി
മുക്കൂറ്റി
ഉഴിഞ്ഞ
കർക്കടക കഞ്ഞി

ഞവരയരി, ജീരകം, തിരുതാളി, ഉഴിഞ്ഞി, ബല, അതിബല, ചതുർജാതം, ജാതിക്ക, ദനകം, ആശാളി, ശതകുപ്പ, മഞ്ഞൾ, കക്കൻകായ എന്നിവ പാലിലോ തേങ്ങാപ്പാലിലോ വേവിച്ച് ഉപ്പും ശർക്കരയും ചേർത്താണ് കർക്കടക കഞ്ഞി തയ്യാറാക്കുന്നത്.

കുറഞ്ഞത് ഏഴ് ദിവസം ഔഷധക്കഞ്ഞി കഴിക്കണമെന്നും ആ ദിവസങ്ങളിൽ ചായ, മാംസം, മത്സ്യം, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കി പഥ്യം പാലിക്കണമെന്നും ആയുർവേദം നിർദേശിക്കുന്നു.

കർക്കടക ചികിത്സ

കർക്കടക മാസത്തിൽ ചെയ്യുന്ന ആയുർവേദ ചികിത്സകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ പഞ്ചകർമ ചികിത്സകൾക്കൊപ്പം ഇലക്കിഴി, അഭ്യംഗം, പിഴിച്ചിൽ, ഞവരക്കിഴി തുടങ്ങിയ ചികിത്സകളും ഈ കാലത്ത് വ്യാപകമായി ചെയ്യാറുണ്ട്. ഈ സമയത്ത് ചികിത്സ ചെയ്താൽ മികച്ച ഫലം ലഭിക്കുമെന്നാണ് പരമ്പരാഗത വിശ്വാസം.

“പത്ത് മഴ, പത്ത് വെയിൽ, പത്ത് മഞ്ഞ്” എന്ന ചൊല്ല് കർക്കടക മാസത്തിന്റെ പ്രകൃതിസ്വഭാവം വ്യക്തമാക്കുന്നതാണ്. മഴയും വെയിലും മഞ്ഞും മാറിമാറി എത്തുന്ന ഈ മാസം പ്രകൃതിയുടെയും ജീവിതത്തിന്റെയും സന്തുലിതാവസ്ഥയെ ഓർമ്മപ്പെടുത്തുന്നു.

എല്ലാവർക്കും രാമായണ മാസാശംസകൾ. ആത്മീയതയും ആരോഗ്യവും ഐശ്വര്യവും നിറഞ്ഞ കർക്കടക മാസം ആശംസിക്കുന്നു.