തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 31) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. നദികൾ, തോടുകൾ, ജലാശയങ്ങൾ എന്നിവ മുറിച്ചുകടക്കുകയോ കുളിക്കുകയോ ചെയ്യരുതെന്നും ശക്തമായ മഴയുള്ള സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ഓഗസ്റ്റ് 1 വരെ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കടൽസ്ഥിതിക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. കൂടാതെ, ഇന്ന് വൈകിട്ട് 4.00 മുതൽ 4.30 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ KaWaCHaM മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറണുകൾ മുഴക്കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


