BUSINESS100NEWS.COM; ക്ലാസ് മുറിയിലെ പഠനവും ആഗോള സാമ്പത്തിക വിപണിയുടെ പ്രായോഗിക അനുഭവങ്ങളും തമ്മിലെ വിടവ് നികത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി 12 ടെർമിനലുകളോടുകൂടിയ ബ്ലൂംബെർഗ് ഫിനാൻസ് ലാബിന് തുടക്കം കുറിച്ചതായി IIM കോഴിക്കോടും ബ്ലൂംബെർഗും പ്രഖ്യാപിച്ചു. ലോകമെങ്ങും സാമ്പത്തിക വിദഗ്ധര്‍ ഉപയോഗിക്കുന്ന സുപ്രധാന വിവരശേഖരം, വിശകലന സംവിധാനങ്ങൾ, വിപണി നിരീക്ഷണ വിവരങ്ങള്‍ എന്നിവ ലഭ്യമാക്കി ഡാറ്റാധിഷ്ഠിത നിക്ഷേപ രംഗത്ത് കൃത്യമായും തെളിവുകൾ അടിസ്ഥാനമാക്കിയും തീരുമാനങ്ങളെടുക്കുന്നതിലെ വിദ്യാർത്ഥികളുടെ ശേഷി ഇതിലൂടെ വർധിക്കും.

ക്ലാസ് മുറിയിലെ പഠനത്തെയും ആഗോള സാമ്പത്തിക വിപണിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി കോഴിക്കോട് IIM-ലെ ബ്ലൂംബെർഗ് ഫിനാൻസ് ലാബ് പ്രവര്‍ത്തിക്കും. വ്യവസായ രംഗത്തെ മുന്‍നിര ഡാറ്റാ വിശകലന, വിപണി നിരീക്ഷണ വിവര സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ വിദ്യാർത്ഥികളിൽ പ്രായോഗിക വിപണി നൈപുണ്യം വളർത്താനും തെളിവുകൾ അടിസ്ഥാനമാക്കി കൃത്യമായ തീരുമാനങ്ങളെടുക്കുന്നതില്‍ ശേഷി വർധിപ്പിക്കാനുമാണ് IIM കോഴിക്കോട് ലക്ഷ്യമിടുന്നത്.

ഇതോടെ ഈ സാങ്കേതികവിദ്യ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ലോകത്തെ 1,200-ലധികം മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിരയില്‍ IIM കോഴിക്കോടും ഇടംപിടിച്ചു. തത്സമയ ഡാറ്റ, പഴയകാല വിവരങ്ങൾ, വിപണി വാർത്തകൾ, വിശകലനങ്ങൾ എന്നിവ തടസ്സമില്ലാതെ സമന്വയിപ്പിക്കുന്ന ബ്ലൂംബെർഗ് ടെർമിനലുകൾ മികച്ച നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളാന്‍ ആഗോള വ്യാപാര-സാമ്പത്തിക വിദഗ്ധരെ സഹായിക്കുന്നു.

സാമ്പത്തിക വിപണികൾ കൂടുതൽ പരസ്പരബന്ധിതവും ഡാറ്റാഷ്ഠിതവുമാകുന്ന കാലത്ത് പ്രായോഗിക പഠനം ഒഴിവാക്കാനാവാത്ത ഒന്നാണെന്ന് IIM കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക-നിക്ഷേപ ലോകത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാവശ്യമായ വിശകലന ശേഷി, സാങ്കേതിക വൈദഗ്ധ്യം, ആഗോള കാഴ്ചപ്പാട് എന്നിവ വിദ്യാർത്ഥികൾക്ക് ഉറപ്പാക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സാമ്പത്തിക വിദ്യാഭ്യാസത്തെ പുരോഗതിയിലേക്ക് നയിക്കാനും ആഗോളതലത്തിൽ മത്സരശേഷിയാര്‍ന്നവരും ലോകത്തിന് സംഭാവനകൾ നൽകാൻ പ്രാപ്തരുമായ പ്രതിഭകളെ വാർത്തെടുക്കാനുമുള്ള സംയുക്ത പ്രതിബദ്ധതയാണ് ബ്ലൂംബെർഗ് ഫിനാൻസ് ലാബ് പ്രതിഫലിപ്പിക്കുന്നത്.