BUSINESS100NEWS.COM; ഓണക്കാലത്തെ തിരക്ക് പരിഹരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ 112 ഓണം സ്പെഷ്യൽ ട്രെയ്ൻ സർവീസുകൾ പ്രഖ്യാപിച്ചു. അയൽ സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന മലയാളി യാത്രക്കാർ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ എന്നിവരുടെ യാത്രാസൗകര്യം മുൻനിർത്തിയാണ് ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 06 വരെയുള്ള ഉത്സവകാലയളവിൽ ഈ പ്രത്യേക സർവീസുകൾ നടത്തുന്നത്.
സൗത്ത് സെൻട്രൽ റെയിൽവേ (SCR), സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR), സൗത്ത് ഈസ്റ്റേൺ റെയിൽവേ (SER) എന്നീ മറ്റ് റെയിൽവേ സോണുകളുമായി ഏകോപിപ്പിച്ചാണ് ദക്ഷിണ റെയിൽവേ യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്. 2025-ലെ ഓണം സീസണിൽ 55 സർവീസുകൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ 112 സർവീസുകളായി ഉയർത്തിയിരിക്കുന്നത്. സേവനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം വർദ്ധനവ് (103%) ഉണ്ടായിട്ടുണ്ട്.
ചെന്നൈ, തമിഴ്‌നാട് മേഖലകൾ,ബെംഗളൂരു, മൈസൂരു & കർണാടക ഇടനാഴി, തെലങ്കാന & ആന്ധ്രാപ്രദേശ് ഇടനാഴി, കിഴക്കൻ ഇടനാഴി എന്നീ പ്രധാന മേഖലകളിൽ നിന്നാണ് സർവ്വീസുകൾ. തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ അനുവദിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.


