UPI ഉപയോഗത്തിന് ഉപയോക്താക്കളിൽ നിന്ന് യാതൊരുവിധ ചാർജുകളും ഈടാക്കില്ലെന്ന് കേന്ദ്രഗവണ്മെന്റ് ഔദ്യോഗികമായി വ്യക്തമാക്കുന്നു:
ഉപയോക്താക്കൾക്ക് ചാർജുകളില്ല: UPI വഴി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് ഇടപാടുകള്‍ക്ക് പ്രത്യേക ചാർജുകളൊന്നും ഈടാക്കില്ല.
P2P ഇടപാടുകൾ സൗജന്യം: വ്യക്തികൾ തമ്മിലുള്ള എല്ലാ ഇടപാടുകളും പൂർണമായും സൗജന്യമായി തുടരും.
വ്യാപാരികൾക്ക് തുച്ഛമായ MDR നിരക്ക്: ഭാവിയിൽ വ്യാപാരികളുടെ ഇടപാടിന് പ്രത്യേക നിരക്ക് (MDR) നടപ്പാക്കുകയാണെങ്കിൽ പോലും അത് നിശ്ചിത പരിധിക്ക് മുകളിലെ ഇടപാടുകൾക്ക് മാത്രമാണ് ബാധകമാകുക. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിരക്കുകളേക്കാൾ വളരെ കുറഞ്ഞ നിരക്കായിരിക്കും ഇത്.
UPI വഴി വ്യാപാരികള്‍ നടത്തുന്ന ഭൂരിഭാഗം ഇടപാടുകളും സൗജന്യമായി തന്നെ തുടരും. MDR ഏർപ്പെടുത്തുകയാണെങ്കിൽ അത് എല്ലാ ഇടപാടുകൾക്കും ഒരുപോലെ ബാധകമാക്കാതെ നിശ്ചിത തുകയ്ക്ക് മുകളിലെ ഇടപാടുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും.
പണമിടപാടുകളും തീര്‍പ്പാക്കല്‍ സംവിധാനങ്ങളും സംബന്ധിച്ച 2007-ലെ നിയമത്തിലെ 10A വകുപ്പ് ഭേദഗതി ചെയ്യാൻ നിർദേശിക്കുന്ന 2026-ലെ നികുതിയും മറ്റ് നിയമങ്ങളും സംബന്ധിച്ച (ഭേദഗതി) ബിൽ പാർലമെന്റ് പാസാക്കിയാല്‍ NPCI നേതൃത്വം നൽകുന്ന UPI സേവന നിർവഹണ സമിതി MDR നിരക്കുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
പണമിടപാടുകളും തീര്‍പ്പാക്കല്‍ സംവിധാനങ്ങളും സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുന്നതെന്തുകൊണ്ട്?
പണമിടപാടുകളും തീര്‍പ്പാക്കല്‍ സംവിധാനങ്ങളും സംബന്ധിച്ച നിയമത്തില്‍ വരുത്തിയ സമീപകാല ഭേദഗതി സാധാരണ ഉപയോക്താക്കളിൽ നിന്ന് ചാർജുകൾ ഈടാക്കാനുള്ള നീക്കമാണെന്ന് ചിലർ തെറ്റായി വ്യാഖ്യാനിച്ചത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ UPI-യുടെ ദീർഘകാല സുസ്ഥിരത, സാങ്കേതിക മുന്നേറ്റം, പുതിയ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള ശേഷി എന്നിവ ഉറപ്പാക്കാനായി ആവിഷ്കരിച്ച വ്യവസ്ഥ മാത്രമാണ് ഈ ഭേദഗതി.
UPI-യുടെ വളർച്ച: ഇടപാടുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, സാങ്കേതിക അടിസ്ഥാനസൗകര്യ വികസനം എന്നിവയിൽ വന്‍തോതില്‍ തുടർച്ചയായ നവീകരണം അനിവാര്യമായി മാറിയിട്ടുണ്ട്.
വിപണി വിപുലീകരണം: കൂടുതൽ കമ്പനികളെ ഈ രംഗത്തേക്ക് ആകർഷിക്കാനും മത്സരം വർദ്ധിപ്പിക്കാനും സ്വയംപര്യാപ്ത വരുമാന മാതൃക ആവശ്യമാണ്.
സ്വയംപര്യാപ്തത: UPI-യുടെ അടുത്തഘട്ട വളർച്ചയ്ക്ക് ഗവണ്മെന്റ് സബ്സിഡികളെ മാത്രം ആശ്രയിക്കുന്നത് പ്രായോഗികമല്ല. UPI കൂടുതൽ ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവിസജ്ജവുമാണെന്ന് ഉറപ്പാക്കാൻ ഒരു സമഗ്ര ചട്ടക്കൂട് അനിവാര്യമാണ്.
വ്യാജ പ്രചരണങ്ങളിലെ ആശങ്കകൾ പരിഹരിക്കുന്നു
നയപരമായ മാറ്റങ്ങൾക്ക് പിന്നിൽ ബാഹ്യ സ്വാധീനങ്ങളുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിച്ചിട്ടുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. വിദേശ സമ്മർദ്ദങ്ങൾ ഒരു ഘടകമായിരുന്നെങ്കിൽ 2016-ൽ ഗവണ്മെന്റ് UPI അവതരിപ്പിക്കുകയോ 2020 ജനുവരി മുതൽ വ്യാപാരികൾക്കും പൗരന്മാർക്കും ഇത് സൗജന്യമാക്കുകയോ ചെയ്യുമായിരുന്നില്ല. കൂടാതെ ലോകത്തെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനമാക്കി UPI മാറ്റാനും സാധിക്കുമായിരുന്നില്ല.
അതിനാൽ ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് അടിസ്ഥാനസൗകര്യം സുസ്ഥിരവും മത്സരശേഷിയാര്‍ന്നതും നൂതനാശയങ്ങളില്‍ അധിഷ്ഠിതവും രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ സേവിക്കാൻ പ്രാപ്തിയുള്ളതുമായി നിലനിർത്തുകയെന്ന ഗവണ്മെന്റിന്റെ വിശാല ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതിയെ വിലയിരുത്തേണ്ടത്.
ലളിതമായ വസ്തുത: UPI ഇന്ത്യയുടെ സ്വന്തം നൂതനാശയമാണ്. വരും പതിറ്റാണ്ടുകളിലും ഇതിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം സാധാരണ ജനങ്ങള്‍ക്ക് പൂർണമായും സൗജന്യമായി ഈ സേവനം നിലനിർത്താൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.
ഡിജിറ്റൽ വളർച്ചയുടെ അടുത്ത ഘട്ടം
ഡിജിറ്റൽ പണമിടപാടുകളിലെ അടുത്ത വളർച്ചാ തരംഗത്തിന്റെ പടിവാതിലിലാണ് രാജ്യം. ഗ്രാമീണ, അർധ-നഗര മേഖലകളിലേക്ക് UPI കൂടുതൽ വ്യാപിപ്പിക്കാനും മത്സരശേഷി നിലനിർത്താനും UPI സംവിധാനം സ്വയംപര്യാപ്തവും ലളിതവും ചെലവുകുറഞ്ഞതുമാകണം. സുരക്ഷിതവും താങ്ങാവുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ പണമിടപാട് സംവിധാനമായി UPI തുടർന്നും വളരുന്നുവെന്ന് ഉറപ്പാക്കാനുള്ള ഭാവികേന്ദ്രീകൃത ചുവടുവെപ്പാണ് ഈ നിയമ ഭേദഗതി.
ഉപസംഹാരം:
കേന്ദ്ര ഗവണ്മെന്റ് ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു:
പൗരന്മാർക്ക് UPI സൗജന്യമായി തന്നെ തുടരും.
പൗരന്മാരുടെ ദൈനംദിന ഇടപാടുകൾക്ക് യാതൊരുവിധ ചാർജുകളും ഉണ്ടാകില്ല.
ഭാവിയിൽ നടപ്പിലാക്കുന്ന MDR തുച്ഛമായിരിക്കും; നിശ്ചിത വ്യാപാരി ഇടപാടുകൾക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക.
ഇന്ത്യയുടെ സുപ്രധാന ഡിജിറ്റൽ മുന്നേറ്റമായി തുടരുന്ന UPI ആഗോളതലത്തിൽ വിപുലീകരിക്കപ്പെടുന്നു.
2016-17 ൽ തുടക്കം കുറിച്ചത് മുതൽ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ലോകത്തിലെ തന്നെ ഏറ്റവും ജനകീയവും ചലനാത്മകവുമായ പണമിടപാട് ശൃംഖലകളിലൊന്നാക്കി മാറ്റാൻ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിന് (UPI) സാധിച്ചിട്ടുണ്ട്. തത്സമയ പണമിടപാടുകളിലെ പരീക്ഷണമെന്ന നിലയിൽ ആരംഭിച്ച ഈ സംവിധാനം പ്രതിമാസം ശതകോടിക്കണക്കിന് ഇടപാടുകൾ നടത്തുകയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്തതോടെ ഇന്ന് ഒരു ആഗോള മാതൃകയായി മാറിയിരിക്കുന്നു. 2026 ജൂലൈയില്‍ മാത്രം 2,366 കോടി ഇടപാടുകളിലായി 29.9 ലക്ഷം കോടി രൂപ കൈകാര്യം ചെയ്ത UPI ഇന്ന് ലോകത്തെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനമായി വളർന്നുകഴിഞ്ഞു. നിലവിൽ 11 വിദേശ രാജ്യങ്ങളിൽ UPI ലഭ്യമാണ്. കൂടാതെ മറ്റ് നിരവധി രാജ്യങ്ങൾ ഇതിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യക്കാർ തന്നെ വികസിപ്പിച്ച് കൈവരിച്ച വലിയൊരു ദേശീയ നേട്ടമാണ് UPI. ഒരു പതിറ്റാണ്ടായി ഗവണ്മെന്റ് ഈ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക സഹായം നൽകി വളർത്തുകയും ചെയ്യുന്നു. ഇത് ഇനിയും തുടരും. കേന്ദ്ര ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, NPCI എന്നിവ നല്കുന്ന ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

