വൈകിട്ട് 6.30 മുതൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം | ഓരോ തവണയും 25 മിനിറ്റ് വരെ നിയന്ത്രണം

തിരുവനന്തപുരം: കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വൈകിട്ട് മുതൽ വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.30 മുതലാണ് നിയന്ത്രണം ആരംഭിച്ചത്. പല സ്ഥലങ്ങളിലും ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങി.
ദേശീയതലത്തിൽ വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതും പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതുമാണ് നിയന്ത്രണത്തിന് കാരണം. രാജ്യത്താകമാനം അന്തരീക്ഷ താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചിരിക്കുകയാണ്.വൈദ്യുതി ലഭ്യതയിലെ ഈ കുറവ് പരിഹരിക്കുന്നതിനായാണ് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നത്.

വൈദ്യുതി പോകുന്ന സമയം മൊബൈലിൽ അറിയാം

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന സമയം ഉപഭോക്താക്കളെ കൃത്യമായി അറിയിക്കുന്നതിനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് സന്ദേശം ലഭിക്കുന്ന സംവിധാനവും കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്.നാളെ മുതല്‍ മെസ്സേജ് ലഭിച്ചു തുടങ്ങും .

അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ ദേശീയതലത്തിലെ വൈദ്യുതി ദൗർലഭ്യം തുടർന്നേക്കാമെന്നാണ് വിലയിരുത്തൽ. വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം വർധിച്ചാൽ നിയന്ത്രണം തുടർന്നേക്കാനും സാധ്യതയുണ്ട്.