അറബിക്കടലിൽ ന്യൂന മർദ്ദം :അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

 

തെക്കുകിഴക്കൻ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു.

ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദ പാത്തി ട്രഫ് (Trough) സ്ഥിതിചെയ്യുന്നു.

ബംഗാൾ ഉൾക്കടലിൽ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മുകളായിലായി തീവ്രന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് (ഒക്ടോബർ 25-ന്) അതിതീവ്ര ന്യൂനമർദ്ദമായി (Deep Depression) ശക്തിപ്രാപിക്കാനും ഇത് ഒക്ടോബർ 26-ന് രാവിലെ മധ്യബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും ഒക്ടോബർ 27-ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറാനും സാധ്യതയുണ്ട്.

തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ഇത് കൂടുതൽ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുകയും ഒക്ടോബർ 28-ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരുകയും .ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള മണിക്കൂറിൽ 115–125 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത.

കേരളത്തിൽ ഇന്ന് (ഒക്ടോബർ 25) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

ഒക്ടോബർ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (25/10/2026) മുതൽ 27/10/2026 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും (25/10/2026) നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

25/10/20206 & 26/10/2026: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദേശം

ബംഗാൾ ഉൾക്കടൽ: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനിൽക്കുന്നു. ഒക്ടോബർ 25 വൈകുന്നേരത്തോടെ ഈ പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത വീണ്ടും വർധിച്ച് മണിക്കൂറിൽ 50-60 കി.മീറ്ററും ചിലപ്പോൾ 70 കി.മീ വരെയും ആകാൻ സാധ്യതയുണ്ട്. ഒക്ടോബർ 25 രാത്രി മുതൽ ആൻഡമാൻ ദ്വീപുകളുടെ തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 45-55 കിലോമീറ്ററും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്ററും ആയി മാറാൻ സാധ്യതയുണ്ട്. അതിനുശേഷം കാറ്റിന്റെ വേഗത ക്രമേണ കുറയാൻ സാധ്യത.

ഒക്ടോബർ 26 പുലർച്ചെ മുതൽ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും ഉയരാൻ സാധ്യത. അതിനുശേഷം, ഈ പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത കുറഞ്ഞ് ഒക്ടോബർ 26 രാത്രിയോടെ മണിക്കൂറിൽ 50-60 കിലോമീറ്ററും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്ററും, ഒക്ടോബർ 27 ഉച്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 കിലോമീറ്ററും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലൊമീറ്റർ വരെ ആകാൻ സാധ്യതയുണ്ട്. തുടർന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയാൻ സാധ്യത.

ഒക്ടോബർ 25 വൈകുന്നേരം മുതൽ പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഒക്ടോബർ 26 വൈകുന്നേരത്തോടെ പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ വേഗത വർധിച്ച് മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ100 കിലോമീറ്റർ വരെയും ആകാൻ സാധ്യത. ഒക്ടോബർ 27 രാവിലെയോടെ പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ഇത് കൂടുതൽ ശക്തമായി മണിക്കൂറിൽ 90 മുതൽ 100 കിലൊമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും ആകാനും, 2026 ഒക്ടോബർ 28 രാവിലെയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 140 കിലൊമീറ്റർ വരെയും ആയി ഉയരാൻ സാധ്യത. കരയിൽ പ്രവേശിച്ച ശേഷം, ഒക്ടോബർ 28 വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്ററും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും, ഒക്ടോബർ 29 രാവിലെയോടെ മണിക്കൂറിൽ മണിക്കൂറിൽ 40-50 കിലോമീറ്ററും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും അകാൻ സാധ്യത. അതിനുശേഷം വേഗത ക്രമേണ കുറയാൻ സാധ്യത.

ഒക്ടോബർ 27 രാവിലെ മുതൽ ആന്ധ്രാപ്രദേശ്, യാനം തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഒക്ടോബർ 27 ഉച്ചയോടെ ഇത് കൂടുതൽ ശക്തമായി മാറി മണിക്കൂറിൽ 60 മുതൽ 70 കിലൊമീറ്ററും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും, വൈകുന്നേരത്തോടെ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും, ഒക്ടോബർ 28 രാവിലെയോടെ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെയും ഉയരാൻ സാധ്യത. കരയിൽ പ്രവേശിച്ച ശേഷം, ഒക്ടോബർ 28 വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും, ഒക്ടോബർ 29 രാവിലെയോടെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും അകാൻ സാധ്യത. ശേഷം വേഗത ക്രമേണ കുറയാൻ സാധ്യത.

ഒക്ടോബർ 27 വൈകുന്നേരം മുതൽ ഒക്ടോബർ 28 വൈകുന്നേരം വരെ തെക്കൻ ഒഡീഷ തീരങ്ങളിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനുശേഷം കാറ്റിന്റെ വേഗത ക്രമേണ കുറയാൻ സാധ്യത.

ഒക്ടോബർ 25, 26 തീയതികളിൽ തമിഴ്‌നാട് തീരങ്ങൾ, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലും ഒക്ടോബർ 27, 28 തീയതികളിൽ വടക്കൻ തമിഴ്‌നാട് തീരത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

റെഡ് അലർട്ട്

25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്

25/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ

26/10/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

25/10/2026: കാസറഗോഡ്

26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്

27/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

* ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.

* സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.

* ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

* സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.