ഇന്ത്യൻ വൈറോളജിക്കൽ സൊസൈറ്റി (IVS), ന്യൂഡൽഹിയും ICAR-കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും (ICAR-CTCRI), സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനമായ VIROCON 2026 ന് ഇന്ന് (11-11-2026) മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഇന്ന് രാവിലെ 9.30-ന് തിരുവനന്തപുരം ഹോട്ടൽ ലെമൺ ട്രി പ്രീമിയറിലെ ടാംഗറിൻ ഗ്രാൻഡിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR), ന്യൂഡൽഹി, ഡെപ്യൂട്ടി ജനറൽ ഡോ. യശ്‌പാൽ സിംഗ് മാലിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. സജിത റാണി വിശിഷ്ടാതിഥിയാകും. ICAR-CTCRI ഡയറക്‌ടർ ഡോ. ജി. ബൈജു അധ്യക്ഷത വഹിക്കും.

19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്ന് 80 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 350 പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് തിരുവനന്തപുരം, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (CTCRI) ഡയറക്ടർ ഡോ. ജി ബൈജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. “മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ വൈറസുകൾ: പരിസ്ഥിതിശാസ്ത്രം, പരിണാമം, ഭാവിയിലെ മുന്നൊരുക്കങ്ങൾ” എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ICAR-ദേശീയ വാഴ ഗവേഷണ കേന്ദ്രം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി, കേരള ​ഗവൺമെന്റ്, ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്സ് എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സസ്യ, മെഡിക്കൽ, വെറ്ററിനറി, ജലജീവി വൈറോളജി മേഖലകളിലെ ശാസ്ത്രജ്ഞർ, അധ്യാപകർ, ഗവേഷകർ, ഗവേഷണ വിദ്യാർഥികൾ, വ്യവസായ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുക, കൃഷിയുടെയും മത്സ്യബന്ധന മേഖലയുടെയും സുരക്ഷ ഉറപ്പാക്കുക. ഉയർന്നുവരുന്ന വൈറസ് ഭീഷണികളെ നേരിടാനുള്ള ദേശീയ മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് ഏകീകൃത വൺ ഹെൽത്ത് സമീപനത്തിന്റെ പ്രാധാന്യം സമ്മേളനം ചർച്ച ചെയ്യും.

മൂന്ന് ശാസ്‌ത്ര പ്രഭാഷണങ്ങൾ. ഏഴ് മുഖ്യപ്രഭാഷണങ്ങൾ, പത്ത് സാങ്കേതിക സെഷനുകൾ, യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിനായുള്ള 14 ശാസ്ത്ര അവതരണങ്ങൾ, അതിർത്തി കടന്നുള്ള ജൈവസുരക്ഷയെക്കുറിച്ചുള്ള വിദഗ്‌ധ പാനൽ ചർച്ച, 133 ഗവേഷണ പോസ്റ്റർ അവതരണങ്ങൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായിരിക്കും.

പുതുതായി ഉയർന്നുവരുന്നതും വീണ്ടും പ്രത്യക്ഷപ്പെടുന്നതുമായ വൈറസ് രോഗങ്ങൾ, വൈറസ് ജീനോമിക്‌സ്‌, തന്മാത്രാ രോഗനിർണയ സാങ്കേതികവിദ്യകൾ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട രോഗവ്യാപനം. കൃത്രിമബുദ്ധി അധിഷ്‌ഠിത രോഗനിരീക്ഷണം, വാക്‌സിൻ വികസനം, നൂതന ചികിത്സാ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. മനുഷ്യരിലെ നിപ, SARS-COV-2, പേവിഷബാധ, ഇൻഫ്ലുവൻസ തുടങ്ങിയ വൈറസ് രോഗങ്ങൾ; വിളകളിലെ വൈറസ് രോഗങ്ങൾ; കന്നുകാലികളിലെ വിവിധ രോഗങ്ങൾ, ചെമ്മീൻ കൃഷിയിലെ വൈറസ് ബാധ തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെടും.

ഗവേഷണ നേട്ടങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റുന്നതിനും സമ്മേളനം പ്രാധാന്യം നൽകും. CRISPR അധിഷ്‌ഠിത രോഗനിർണയം, ദ്രുത പരിശോധനാ സംവിധാനങ്ങൾ, ജിനോമിക് നിരീക്ഷണം, RNA ഇടപെടൽ സാങ്കേതികവിദ്യ, വാക്സിൻ വികസനം തുടങ്ങിയ മേഖലകളിലെ പുരോഗതിയും സമ്മേളനം ചർച്ച ചെയ്യും. കിഴങ്ങുവർഗവിളകളെ ബാധിക്കുന്ന വൈറസ് രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണ നേട്ടങ്ങൾ ICAR-CTCRI, അവതരിപ്പിക്കും.

വൈറസ് രോഗങ്ങളെക്കുറിച്ചുള്ള അറിവും ഗവേഷണവും പങ്കുവയ്ക്കുന്നതിനും ഭാവിയിലെ വൈറസ് ഭീഷണികളെ നേരിടാനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും സമ്മേളനം വേദിയൊരുക്കുമെന്ന് കോൺഫറൻസിന്റെ ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ടി. മകേഷ്‌കുമാർ പറഞ്ഞു. പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. എം എൽ ജീവ, ഡോ. ശരവണൻ രാജു, സീനിയർ സയന്റിസ്റ്റ് ഇ ആർ ഹരീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.