ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അയ്യപ്പഭക്തർക്കായി ഒരുക്കിയ ഇടത്താവളവും പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകളും നവംബർ 19 മുതൽ ആരംഭിക്കും.
വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനലിൽ നിന്ന് രാത്രി 9.30-നാണ് പമ്പയിലേക്കുള്ള ബസ് പുറപ്പെടുക. തീർഥാടനം പൂർത്തിയാക്കി മടങ്ങുന്ന ഭക്തർക്കായി പമ്പയിൽ നിന്ന് വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലേക്കും സർവീസ് ഉണ്ടായിരിക്കും.
കെഎസ്ആർടിസിയുടെ ഔദ്യോഗിക ഓൺലൈൻ ബുക്കിംഗ് വെബ്സൈറ്റ് വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. തീർഥാടക സംഘങ്ങൾക്ക് ഗ്രൂപ്പായി ചാർട്ടേഡ് ബസുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ വിമാന ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകളിലും കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്കിംഗ് ലിങ്ക് ലഭ്യമാണ്.
വിമാനമാർഗം കേരളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് വിമാനത്താവളത്തിൽ വിശ്രമിക്കാനും പമ്പയിലേക്ക് സുഗമമായി യാത്ര ചെയ്യാനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്

