തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ പൊൻമുടിയും രാജിവെച്ചു.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചതിനു പിന്നാലെ സ്റ്റാലിന്‍ മന്ത്രിസഭയില്‍നിന്ന് വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജി രാജിവെച്ചു.

മന്ത്രിസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കപ്പെടുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതോടെ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. ഏപ്രില്‍ 28-ന് മുന്‍പ് രാജിവയ്ക്കണമെന്നായിരുന്നു കോടതിയുടെ അന്ത്യശാസനം.ശൈവ-വൈഷ്ണവ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശത്തിനു പിന്നാലെ വനംമന്ത്രി പൊന്‍മുടിയും മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പൊന്‍മുടിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതിനു പിന്നാലെയാണ് തീരുമാനം.

ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറിന് വൈദ്യുതിയുടെയും ഭവന മന്ത്രി എസ്. മുത്തുസാമിക്ക് എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പും അധിക ചുമതലയായി നല്‍കി.സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്നവയാണ് ഈ വകുപ്പുകള്‍. നിലവിലുള്ള പാല്‍, ക്ഷീര വികസന വകുപ്പിനു പുറമേ, ആര്‍.എസ്. രാജകണ്ണപ്പന്‍ ഇനി പൊന്‍മുടി കൈകാര്യം ചെയ്തിരുന്ന വനം, ഖാദി വകുപ്പുകളുടെകൂടി മേല്‍നോട്ടം വഹിക്കും.

പദ്മനാഭപുരം നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ടി. മനോ തങ്കരാജിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. ഏപ്രിൽ 28 തിങ്കളാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. തമിഴ്‌നാട്ടില്‍ ഇത് നാല് വര്‍ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനഃ സംഘടനയാണ്.