കലാപബാധിതമായ നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അകപ്പെട്ട 40-ൽ പരം വരുന്ന മലയാളികളുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ എടുക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തതായി ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രി അഡ്വ: ജോർജ് കുര്യൻ അറിയിച്ചു .

എത്രയും പെട്ടെന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിൽ നിന്നും പോയവർ സുരക്ഷിതരാണ് എന്നും അഡ്വ: ജോർജ് കുര്യൻ അറിയിച്ചു .

നേപ്പാൾ അതിർത്തി അടച്ചതിനെ തുടർന്ന് ചൈനയിലെ ഡാർചനിൽ കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടുന്ന 3000-ൽ പരം കൈലാസ് മാനസ സരോവർ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കേന്ദ്ര മന്ത്രി  ജോർജ് കുര്യന് ഉറപ്പ് നൽകി.

യാത്രികർ കേന്ദ്ര മന്ത്രിയെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും എത്രയും പെട്ടന്ന് അവരെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

നേപ്പാൾ കലാപ സാഹചര്യത്തിൽ നേപ്പാൾ – ബിഹാർ അതിർത്തി അടച്ചു.അതിർത്തി രക്ഷാ സേനയായ സശസ്ത്ര സീമാ ബലും (എസ്എസ്ബി) ബിഹാർ പൊലീസും അതീവ ജാഗ്രതയിലാണ്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലെ വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, സീതാമഡി, മധുബനി, അരാരിയ, സുപോൽ, കിഷൻഗഞ്ച് ജില്ലകളിലെ അതിർത്തി റോ‍ഡുകൾ നിരീക്ഷണത്തിലാണ്. അതിർത്തിക്കപ്പുറമുള്ള നീക്കങ്ങളും സേനാ വിഭാഗങ്ങൾ സസൂക്ഷം വിലയിരുത്തുന്നുണ്ട്.

നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം രൂക്ഷമായി.കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചു.ത്രിഭുവൻ അടക്കമുള്ള വിമാനത്താവളങ്ങൾ അടച്ചു.രാജ്യത്തിനത്തേക്കും പുറത്തേക്കുമുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തി.രാജിവച്ച പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ സൈന്യം സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.നിരോധനാജ്ഞ പ്രഖ്യാപിച്ചു.