രാജ്യത്തിന്റെ സമ്പന്നമായ പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിലും ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിലും ഇന്ത്യയുടെ മുന്നേറ്റം തുടരുകയാണ്. ദേശീയ അഭിമാനത്തിന്റെ ഒരു നിമിഷമായി, രാജ്യത്തുടനീളമുള്ള ഏഴ് ശ്രദ്ധേയ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ താല്‍കാലിക പട്ടികയില്‍ വിജയകരമായി ഉള്‍പ്പെടുത്തി. ഇതോടെ ഇന്ത്യയുടെ താല്‍കാലിക പട്ടികയിലെ പൈതൃക കേന്ദ്രങ്ങളുടെ ആകെ എണ്ണം 62 ല്‍ നിന്ന് 69 ആയി ഉയര്‍ന്നു.

ഈ ഉള്‍പ്പെടുത്തലിന് ശേഷം ഇന്ത്യയില്‍ നിന്ന് സാംസ്‌കാരിക പ്രാധാന്യമുള്ള 49 ഉം പ്രകൃതിദത്ത പ്രാധാന്യമുള്ള 17 ഉം സാംസ്‌കാരികവും പ്രകൃതിദത്തവുമായ പ്രാധാന്യമുള്ള 3 സ്ഥലങ്ങളും ഉള്‍പ്പെടെ ആകെ 69 കേന്ദ്രങ്ങള്‍ നിലവില്‍ യുനെസ്‌കോയുടെ പരിഗണനയിലാണ്. അപൂര്‍വ്വമായ പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഈ നേട്ടം ഊട്ടിയുറപ്പിക്കുന്നു.

യുനെസ്‌കോയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് അഭിമാനകരമായ ലോക പൈതൃക പട്ടികയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിന് താല്‍ക്കാലിക പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത് ഒരു മുന്നുപാധിയാണ്.

പുതുതായി ചേര്‍ത്ത സ്ഥലങ്ങളുടെ വിശദാംശങ്ങള്‍:

1. മഹാരാഷ്ട്രയിലെ പഞ്ചഗണി, മഹാബലേശ്വര്‍ എന്നിവിടങ്ങളിലെ ഡെക്കാണ്‍ ട്രാപ്പുകള്‍ : ലോകത്തിലെ ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടുന്നതും പഠനവിധേയവുമായ ലാവാ പ്രവാഹങ്ങളുടെ ആസ്ഥാനമായ ഈ സ്ഥലങ്ങള്‍ കൂറ്റന്‍ ഡെക്കാണ്‍ ട്രാപ്പുകളുടെ ഭാഗമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇതിനോടകം ഇടം നേടിയ കൊയ്‌ന വന്യജീവി സങ്കേതത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.

2. കര്‍ണാടകയിലെ സെന്റ്. മേരീസ് ദ്വീപ സമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ പൈതൃകം: അപൂര്‍വമായ, നിര പോലുള്ള ബസാള്‍ട്ടിക് പാറകളുടെ രൂപീകരണങ്ങള്‍ക്ക് പേരുകേട്ട ഈ ദ്വീപ സമൂഹം ഏകദേശം 85 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഭൂമിശാസ്ത്രപരമായ ചിത്രം വാഗ്ദാനം ചെയ്യുന്ന ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തിലാണ്.

3. മേഘാലയന്‍ യുഗത്തിലെ ഗുഹകള്‍, മേഘാലയ: മേഘാലയയിലെ അതിശയകരമായ ഗുഹാ സംവിധാനങ്ങള്‍, പ്രത്യേകിച്ച് മോംലു ഗുഹ ഹോളോസീന്‍ കാലഘട്ടത്തിലെ മേഘാലയന്‍ യുഗത്തിന്റെ ആഗോള റഫറന്‍സ് പോയിന്റ് ആയി വര്‍ത്തിക്കുന്നു. ഇത് ഗണ്യമായ കാലാവസ്ഥയേയും ഭൂമിശാസ്ത്രപരമായ പരിവര്‍ത്തനങ്ങളേയും പ്രതിഫലിപ്പിക്കുന്നു

4. നാഗ ഹില്‍ ഒഫിയോലൈറ്റ്,നാഗാലാന്‍ഡ്: അപൂര്‍വമായി കാണപ്പെടുന്ന ഒഫിയോലൈറ്റ് പാറകള്‍ ഇവിടെ കാണാം. ഈ കുന്നുകള്‍ ഭൂഖണ്ഡാന്തര ഫലകങ്ങളിലേക്ക് ഉയര്‍ത്തിയ സമുദ്ര പുറംതോടിനെ പ്രതിനിധീകരിക്കുന്നു. ഇത് ടെക്‌റ്റോണിക് പ്രക്രിയകളേയും മധ്യസമുദ്ര ചലനാത്മകതയേയും കുറിച്ചുള്ള ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്കുന്നു.

5. എറ മട്ടി ദിബ്ബാലു (ചുവന്ന മണല്‍ കുന്നുകള്‍),ആന്ധ്രാപ്രദേശ്: വിശാഖപട്ടണത്തിനടുത്തുള്ള, കാഴ്ചയില്‍ ശ്രദ്ധേയമായ ഈ ചുവന്ന മണല്‍ രൂപങ്ങള്‍ ഭൂമിയുടെ കാലാവസ്ഥാ ചരിത്രത്തേയും ചലനാത്മക പരിണാമത്തേയും വെളിപ്പെടുത്തുന്ന അതുല്യമായ പുരാതന കാലാവസ്ഥാ സാക്ഷ്യങ്ങളും തീരദേശ ഭൂമിശാസ്ത്ര സവിശേഷതകളും പ്രദര്‍ശിപ്പിക്കുന്നു.

6. തിരുമല കുന്നുകളുടെ പ്രകൃതിദത്ത പൈതൃകം,ആന്ധ്രാപ്രദേശ്: എപ്പാര്‍ക്കിയന്‍ അസമത്വവും പ്രശസ്തമായ ശിലാത്തോരണവും (പ്രകൃതിദത്ത കമാനം) ഉള്‍ക്കൊള്ളുന്ന ഈ സ്ഥലം ഭൂമിയുടെ 150 കോടി വര്‍ഷം പഴക്കമുള്ള ചരിത്രത്തെ പ്രതിനിധീകരിക്കുന്നതും ഭൂമിശാസ്ത്രപരമായി വലിയ പ്രാധാന്യമുള്ളതുമാണ്.

7. വര്‍ക്കല പാറക്കെട്ടുകള്‍, കേരളം: കേരളത്തിന്റെ തീരപ്രദേശത്തുള്ള മനോഹരമായ ഈ പാറക്കെട്ടുകള്‍ മിയോപ്ലിയോസീന്‍ കാലഘട്ടത്തിലെ വാര്‍ക്കല്ലി രൂപീകരണത്തേയും പ്രകൃതിദത്ത നീരുറവകളേയും ആകര്‍ഷകമായ മണ്ണൊലിപ്പ് ഭൂപ്രകൃതികളേയും തുറന്നുകാട്ടുന്നു. ഇത് ശാസ്ത്രീയവും വിനോദസഞ്ചാരപരവുമായ മൂല്യം വാഗ്ദാനം ചെയ്യുന്നു.

ആഗോള പൈതൃകത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത

ഈ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ലോക പൈതൃക പട്ടികയിലെ ഭാവി നാമനിര്‍ദ്ദേശങ്ങളിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. ഇന്ത്യയുടെ പ്രകൃതി വിസ്മയങ്ങളെ ആഗോള സംരക്ഷണ ശ്രമങ്ങളുമായി സംയോജിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പ്രതിബദ്ധതയെയും ഇത് പ്രതിഫലിപ്പിക്കുന്നു.

നാമനിര്‍ദ്ദേശങ്ങള്‍ സമാഹരിക്കുന്നതിലും സമര്‍പ്പിക്കുന്നതിലും ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക പൈതൃക കണ്‍വെന്‍ഷന്റെ നോഡല്‍ ഏജന്‍സിയായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ASI) നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ ശ്രമത്തില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചതിന് പാരീസിലെ യുനെസ്‌കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി എ.എസ്.ഐ യോട് ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു.

2024 ജൂലൈയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ലോക പൈതൃക സമിതിയുടെ 46-ാമത് സമ്മേളനത്തിന് ഇന്ത്യ അഭിമാനത്തോടെ ആതിഥേയത്വം വഹിച്ചു. 140 ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2000 ത്തിലധികം പ്രതിനിധികളും വിദഗ്ധരും ഇതില്‍ പങ്കെടുത്തു.