മകരവിളക്ക്: ഇതുവരെ 2,17,288 അയ്യപ്പഭക്തർ ശബരീദർശനം നടത്തി

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നതിന് ശേഷം ഇതുവരെ (ജനുവരി 1, വൈകുന്നേരം 6.50 വരെ ) 2,17,288 അയ്യപ്പ ഭക്തർ സന്നിധാനത്തെത്തി. ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത്; 57,256 പേർ ദർശനം നടത്തി. വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,401, പുൽമേട് വഴി 4,283 പേരുമാണ് ഇന്നലെ ശബരി ദർശനം നടത്തിയത്. ഡിസംബർ 31ന് 90,350 പേർ സന്നിധാനത്തെത്തി. വിർച്വൽ ക്യൂവിലൂടെ 26,870; സ്പോട്ട് ബുക്കിംഗ്: 7,318, പുൽമേട് വഴി 4,898. ഇന്ന് (ജനുവരി ഒന്ന് വൈകുന്നേരം 6.50 വരെ) 69,682 പേർ ശബരിമലയിൽ ദർശനം നടത്തി.

ശബരിമല ക്ഷേത്ര സമയം (02.01.2026)

രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00

പൂജാ സമയം

നെയ്യഭിഷേകം- രാവിലെ 3.20 മുതൽ

ഉഷഃപൂജ – രാവിലെ 7.30

ഉച്ച പൂജ – 12.30

ദീപാരാധന – വൈകിട്ട് 6.30

അത്താഴപൂജ – രാത്രി 10.30

രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും

 

ശബരിമല സന്ദർശിച്ച് ബാലാവകാശ കമ്മീഷൻ

സംസ്ഥാന ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ അറിയാനാണ് കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ബി മോഹൻകുമാർ, കെ കെ ഷാജു എന്നിവർ സന്നിധാനം സന്ദർശിച്ചത്. ശബരിമല പോലീസ് ചീഫ് കോർഡിനേറ്റർ എ ഡി ജി ജി പി എസ്. ശ്രീജിത്ത് ദേവസ്വം ബോർഡ് അംഗങ്ങൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ് എന്നിവരുമായി കമ്മീഷൻ കൂടിക്കാഴ്ച നടത്തി.

സന്നിധാനത്ത് തിരക്ക് നിയന്ത്രിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സുഗമമായ ദർശനം ഉറപ്പാക്കാൻ സ്വീകരിച്ച വിവിധ നടപടികളിൽ കമ്മീഷൻ തൃപ്തി അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും പതിനെട്ടാം പടിയിലും ഒരുക്കിയ പ്രത്യേക വരി വിപുലീകരിക്കണമെന്നും കുട്ടികളെ കണ്ടെത്താൻ അണിയിക്കുന്ന റിസ്റ്റ് ബാൻഡ് എല്ലാ കുട്ടികളും അണിയുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശം നൽകി. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശബരിമലയിലെ ഉദ്യോഗസ്ഥരുമായി വിശദമായ ഹിയറിങ് നടത്തി നിലവിലെ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ നിർദേശങ്ങൾ നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി.

 

അയ്യന് തിരുവാതിര അർച്ചന സമ്മർപ്പിച്ച് കുഞ്ഞ് മാളികപുറങ്ങൾ

മകരവിളക്ക് മഹോത്സവത്തിനായി നടതുറന്ന ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്ര സന്നിധാനത്ത് പുതുവത്സരദിനത്തിൽ ശബരീശന് തിരുവാതിര അർച്ചന സമർപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ. തിരുവനന്തപുരം വെഞ്ഞാറമൂടിലെ ജീവകല സാംസ്‌കാരിക കേന്ദ്രത്തിലെ ഒൻപത് വയസിനു താഴെയുള്ള 11 പെൺകുട്ടികളാണ് സന്നിധാനം നടപന്തലിലെ വേദിയിൽ തിരുവാതിര അവതരിപ്പിച്ചത്.

 

കൈകൊട്ടിയും, കോൽകെട്ടിയും, മൺചിരാതുകൾ ചേർത്തും വ്യത്യസ്തമായ 5 തിരുവാതിര ഇനങ്ങൾ അവതരിപ്പിച്ചു. ഭക്തിസാന്ദ്രമായ സന്നിധാനത്ത് കുട്ടികളുടെ നൃത്താർച്ചന അയ്യപ്പ ഭക്തർക്കും കൗതുകകാഴ്ചയായി. എ കെ ആദിത്യ, എ പുണ്യ, എസ് ശ്രവ്യ, നിള ഉണ്ണികൃഷ്ണൻ, എസ് വി ശിവപ്രിയ, കെ കൃഷ്ണകൃപ, വൈഷ്ണവി എസ് നായർ, ദേവപ്രിയ അരുൺ, എസ് പി ശിവകാർത്തിക, എസ് എസ് വൈഗ, ആർ കെ നിരഞ്ജന എന്നിവരാണ് തിരുവാതിര അവതരിപ്പിച്ചത്. നൃത്യാധ്യാപിക പാർവതി മോഹനാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്. 2017 മുതൽ സന്നിധാനത്ത് ജീവകല സാംസ്‌കാരിക കേന്ദ്രം തിരുവാതിര അവതരിപ്പിക്കുകയാണ്. ജീവകല സെക്രട്ടറി വി എസ് ബിജുകുമാർ, ജോയിന്റ് സെക്രട്ടറി പി മധു എന്നിവരാണ് സംഘത്തെ ശബരിമലയിലെത്തിച്ചത്.