മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് കളമെഴുത്തിന് തുടക്കമായി. മാളികപ്പുറത്തെ മണിമണ്ഡപത്തിലാണ് മകരസംക്രമ ദിനം മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് കളമെഴുത്ത് നടക്കുന്നത്.
അയ്യപ്പന്റെ ഓരോ ഭാവങ്ങളാണ് ഓരോ ദിവസവും കളമെഴുതുന്നത്. ബാലമണികണ്ഠവേഷമായിരുന്നു മകരവിളക്ക് ദിനത്തില്‍ കളമെഴുതിയത്. ഇന്നലെ (ജനുവരി 15) വില്ലാളി വീരന്‍, ഇന്ന് (ജനുവരി 16) രാജകുമാരന്‍, നാളെ (ജനുവരി 17) പുലിവാഹനന്‍, സമാപനദിനമായ ജനുവരി 18ന് തിരുവാഭരണ വിഭൂഷിതനായ ശാസ്താവിനെയുമാണ് കളമെഴുതുക.
റാന്നി കുന്നയ്ക്കാട്ട് കുറുപ്പുമാരുടെ കുടുംബമാണ് പരമ്പരാഗതമായി സന്നിധാനത്ത് ഈ ചടങ്ങ് നിര്‍വഹിക്കുന്നത്. രതീഷ് അയ്യപ്പകുറുപ്പ്, അജിത് ജനാര്‍ദന കുറുപ്പ്, ജയകുമാര്‍ ജനാര്‍ദനകുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.
മകരവിളക്കിന് ശേഷമുളള പ്രധാന അഞ്ച് ചടങ്ങുകളായ കളമെഴുത്ത്, പാട്ട്, എഴുന്നള്ളത്ത്, നായാട്ടുവിളി, ഗുരുതി എന്നിവയില്‍ നായാട്ടുവിളി ഒഴികെയുള്ളവ നിര്‍വഹിക്കുന്നത് ഇവരാണ്. മാളികപ്പുറത്ത് കളമെഴുതിയതിന് ശേഷം എഴുന്നളളത്ത് സന്നിധാനത്ത് എത്തുന്നു. തിരിച്ച് മാളികപുറത്തെത്തി കളം മായ്ക്കുന്നതോടെ ഒരു ദിവസത്തെ ചടങ്ങ് അവസാനിക്കും. ജനുവരി 19 നാണ് മാളികപ്പുറത്ത് ഗുരുതി നടക്കുന്നത്.


