റബ്ബര്‍ മേഖലയ്ക്ക് പ്രതീക്ഷയായി ‘കേര പദ്ധതി’
കര്‍ഷകര്‍ക്ക് കൂടുതല്‍ നേട്ടം ഉറപ്പാക്കി സര്‍ക്കാര്‍, ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം, 50,000ത്തോളം കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യം
റബ്ബര്‍ കര്‍ഷകര്‍ക്ക് സമാശ്വാസ പദ്ധതിയുമായി കൃഷി വകുപ്പ്. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയിലൂടെ പുനര്‍നടീല്‍ നടത്തുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് ഹെക്ടറിന് 75,000 രൂപ നിരക്കില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ധനസഹായം ലഭ്യമാക്കുന്നു.
ഉല്‍പാദനക്ഷമത കുറഞ്ഞ പഴയ റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റി കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും ഉയര്‍ന്ന ഉല്‍പാദനക്ഷമത കൈവരിക്കാനും കഴിയുന്ന പുതിയ ഇനങ്ങളാണ് കേര പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്.
സംസ്ഥാനത്ത് 30,000 ഹെക്ടര്‍ വരെയായിരിക്കും ഇത്തരത്തിലുള്ള പുതുനടീലിന്റെ ലക്ഷ്യം. ഇതിലൂടെ ഏകദേശം 50,000 റബ്ബര്‍ കര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കും.
25 സെന്റ് മുതല്‍ അഞ്ച് ഹെക്ടര്‍ വരെ റബ്ബര്‍ കൃഷിയുള്ള ചെറുകര്‍ഷകര്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് പദ്ധതി. ആദ്യ വര്‍ഷം 55,000 രൂപയും രണ്ടാം വര്‍ഷം 20,000 രൂപയും എന്ന രീതിയില്‍ ഓരോ കര്‍ഷകനും പരമാവധി രണ്ട് ഹെക്ടര്‍ വരെ റബ്ബര്‍ പുനര്‍നടീലിന് ധനസഹായം ലഭിക്കും.
ധനസഹായത്തോടൊപ്പം കേര പദ്ധതിയുടെ ഭാഗമായുള്ള ശാസ്ത്രീയ കൃഷിമുറകളും പ്രകൃതി സൗഹൃദ കാലാവസ്ഥ അതിജീവന രീതികളും കര്‍ഷകര്‍ക്ക് കൈമാറും. മികച്ച ഇനം ഉപയോഗിക്കുന്നതിനാല്‍ ദീര്‍ഘകാലത്തേക്ക് ഉല്‍പാദനം ലഭിക്കുകയും വരുമാനം വര്‍ധിക്കുകയും ചെയ്യും.
കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള അത്യുല്‍പാദന റബ്ബര്‍ തൈ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് 30 അംഗീകൃത നഴ്‌സറികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പിന്തുണയുണ്ട്. മികച്ച തൈകള്‍ കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് ഓരോ നഴ്‌സറിക്കും പരമാവധി ആറ് ലക്ഷം രൂപ വരെ സബ്‌സിഡി അനുവദിക്കും.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്ത കര്‍ഷകരെ കേര സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിലേക്ക് ക്ഷണിക്കും. യോഗ്യരായ കര്‍ഷകര്‍ക്ക് സഹായം ലഭ്യമാക്കുന്നതും പുനര്‍നടീല്‍ ശരിയായി നടപ്പാക്കുന്നതും ഉറപ്പാക്കാന്‍ കേരയുടെ ഫീല്‍ഡ് ഓഫീസര്‍മാര്‍ നേരിട്ടെത്തും.
ഈ സ്‌കീമിലേക്ക് കര്‍ഷകര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കൃഷിയിടത്തിന്റെ സ്‌കെച്ച്, അംഗീകൃത നഴ്‌സറിയില്‍ നിന്ന് നടീല്‍ വസ്തുക്കള്‍ വാങ്ങിയതിന്റെ ബില്‍ തുടങ്ങിയവ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
വിവരങ്ങള്‍ക്ക് കേരയുടെ തിരുവനന്തപുരം വഴുതക്കാടുള്ള സംസ്ഥാന എസ്.പി.എം.യു. ഓഫീസിലോ അതാത് റീജിയണല്‍ ഓഫീസുമായോ 91 9188301359 നമ്പറിലോ ബന്ധപ്പെടണം. താല്‍പര്യമുള്ള കര്‍ഷകരും നഴ്‌സറികളും കേര പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ www.keraplantation.kerala.gov.in പോര്‍ട്ടല്‍ വഴിയും അപേക്ഷിക്കാം.

