മഴക്കാല രോഗ പ്രതിരോധ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. മഴക്കാലപൂർവ രോഗ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള ഉന്നതതലയോഗത്തിലാണ് നിർദ്ദേശം നൽകിയത്. പകർച്ചവ്യാധി വ്യാപനം ഉണ്ടായാൽ രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ സംവിധാങ്ങളൊരുക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനും അടിയന്തിര പ്രാധാന്യം നൽകാൻ നിർദ്ദേശിച്ചു.
മുൻപ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കണം. തദ്ദേശ സ്ഥാപന, വാർഡ് തലങ്ങളിൽ ഇവ പരിശോധിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കണം. ബോധവത്ക്കരണ ബോർഡുകൾ സ്ഥാപിക്കാനും അവബോധം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.
ഡെങ്കിപ്പനി നിയന്ത്രണത്തിന് വീടുകൾക്കുള്ളിൽ സ്പ്രേ ചെയ്യാനാവശ്യമായ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പുവരുത്താൻ സിവിൽ സപ്ലൈസ് വകുപ്പുമായി ഏകോപനം നടത്തണം. വീടിനു ചുറ്റും മഴവെള്ളം കെട്ടി നിൽക്കുന്നത് തടയാനും വീട്ടിനുള്ളിലെ ചെടിച്ചട്ടികൾ, നിർമാണം നടക്കുന്ന കെട്ടിടങ്ങൾ തുടങ്ങിയിടങ്ങളിൽ ജലം കെട്ടിനിൽക്കുന്നില്ല എന്നുറപ്പാക്കാനും നടപടികൾ സ്വീകരിക്കണം.
ഭക്ഷണ സുരക്ഷിതത്വം ഉറപ്പാക്കാൻ വിതരണ സ്ഥാപനങ്ങളിലെ പരിശോധനകൾ ശക്തമാക്കണം. ജ്യൂസ് തയാറാക്കാൻ ഉപയോഗിക്കുന്ന ഐസ്, വെള്ളം എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേർന്ന് പരിശോധനകൾ കർശനമാക്കണം.
അമീബിക് മസ്തിഷ്ക ജ്വരം തടയാൻ റിസോർട്ടുകളിലുൾപ്പെടെയുള്ള നീന്തൽക്കുളങ്ങളിലെയും, നീന്തൽ പരിശീലന കേന്ദ്രങ്ങളിലെയും വെള്ളം ക്ലോറിനേഷൻ നടത്താൻ നടപടി സ്വീകരിക്കണം. കുളങ്ങളിൽ മുങ്ങിക്കുളിക്കുന്നവർ കുളത്തിലേക്ക് ചാടുമ്പോഴും മുങ്ങുമ്പോഴും മൂക്ക് അടച്ച് പിടിക്കാൻ ശ്രദ്ധിക്കുന്നത് സംബന്ധിച്ചും ബോധവത്ക്കരണം നടത്തണം. വീടുകളിലെ കിണറുകൾ, ഓവർ ഹെഡ് ടാങ്കുകൾ എന്നിവ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം.
മലിന ജലവുമായി കൂടുതൽ സമ്പർക്കമുള്ള തൊഴിൽ ചെയ്യുന്നവർ തൊഴിലിനിറങ്ങുന്നതിനു മുമ്പ് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ കഴിക്കണം. കുടിവെള്ള വിതരണ ശൃഖലകളിൽ കുടിവെള്ളം കൃത്യമായി അണുനശീകരണം നടത്താൻ ജലവിഭവ വകുപ്പ്, ജലനിധി എന്നിവയുമായി ഏകോപിപ്പിച്ച് നടപടിയെടുക്കണം.
അതിഥി തൊഴിലാളികളിൽ മലമ്പനി കണ്ടെത്തിയാൽ അടിയന്തിരമായി ചികിത്സ നൽകുകയും രോഗവ്യാപനം തടയാൻ വേണ്ട പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ നടത്തി എല്ലാവരെയും സ്ക്രീൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. തൊഴിൽവകുപ്പുമായി ചേർന്ന് അതിഥി തൊഴിലാളികളുടെയിടയിൽ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കണം.
ആശുപത്രികളിലെ ഇൻഫെക്ഷൻ കണ്ട്രോൾ നടപടികൾ ശക്തമാക്കണം. ശുചിമുറികൾ ഉൾപ്പെടെ വൃത്തിയായി സൂക്ഷിക്കാൻ നടപടിയെടുക്കണം.
ജില്ലകളിലെ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പു മേധാവികൾ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ എന്നിവരുടെ യോഗം വിളിച്ച് ചേർക്കണം. ആശാപ്രവർത്തകർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം കൂടുതൽ ഉപയോഗിച്ച് വീടുകൾ കേന്ദ്രീകരിച്ച് രോഗപ്രതിരോധ നടപടികൾ സ്വീകരിക്കണം.
സ്കൂളുകളിൽ ആദ്യ രക്ഷാകർതൃ യോഗത്തിൽത്തന്നെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ രോഗപ്രതിരോധ മാർഗ്ഗനിർദേശങ്ങൾ നൽകണം. സ്കൂളുകളുടെ ജലസ്രോതസുകൾ അണുവിമുക്തമാക്കുന്നതുൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ നടപടികൾ ഉറപ്പുവരുത്തണം. വിദ്യാർത്ഥികൾ, എൻ.എസ്.എസ് വോളന്റിയർമാർ എന്നിവരെ കേന്ദ്രീകരിച്ച് രോഗപ്രതിരോധം സംബന്ധിച്ച ബോധവത്കരണം നടത്തി വിദ്യാർത്ഥികളുടെയിടയിൽ അവബോധം ശക്തമാക്കണം. മഞ്ഞപ്പിത്തം തടയാൻ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്ന ശീലം വ്യാപകമാക്കാൻ ബോധവത്കരണം ശക്തമാക്കണം.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ രാഹുൽ കൃഷ്ണ ശർമ്മ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.


