ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട എന്നീ രാജ്യങ്ങളിൽ എബോള രോഗബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഹെൽത്ത് റെഗുലേഷൻസ് (IHR, 2005) പ്രകാരം, നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അന്താരാഷ്ട്ര തലത്തിൽ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് 2026 മേയ് 17-ന് ഈ പ്രഖ്യാപനം നടത്തിയത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട എന്നീ രാജ്യങ്ങളെ വിഴുങ്ങുന്ന എബോള ‘ബുന്ദിബുഗ്യോ’ വകഭേദത്തിൻ്റെ (Bundibugyo strain) പശ്ചാത്തലത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലും അന്താരാഷ്ട്ര തലത്തിലും പ്രതിരോധ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ശക്തമാക്കുന്നു. ലോകാരോഗ്യ സംഘടന (WHO) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ, ആഫ്രിക്കൻ യൂണിയൻ്റെ കീഴിലുള്ള ആഫ്രിക്ക സി.ഡി.സി (Africa CDC) ഇതിനെ ‘ഭൂഖണ്ഡാന്തര സുരക്ഷാ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി’ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ, 2026 മേയ് 22-ന് കൂടിയ ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര ഹെൽത്ത് റെഗുലേഷൻസ് അടിയന്തര സമിതി, വിവിധ രാജ്യങ്ങൾക്കായി കർശനമായ താൽക്കാലിക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ രോഗനിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ബുന്ദിബുഗ്യോ എബോള വകഭേദം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്നും എത്തുന്ന, വ്യക്തമല്ലാത്ത കാരണങ്ങളാൽ കടുത്ത പനി ഉള്ള യാത്രക്കാരെ കൃത്യമായി കണ്ടെത്താനും ,പരിശോധിക്കാനും, റിപ്പോർട്ട് ചെയ്യാനും, അവരെ മാറ്റിപ്പാർപ്പിച്ച് ചികിത്സ നൽകാനും കർശന നിർദ്ദേശം നൽകി.ബുന്ദിബുഗ്യോ എബോള ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളിലേക്കുള്ള പൗരന്മാരുടെ യാത്രകൾ പരമാവധി ഒഴിവാക്കാൻ എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

സൗത്ത് സുഡാൻ ഉൾപ്പെടെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുമായും ഉഗാണ്ടയുമായും അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ രോഗവ്യാപന സാധ്യത വളരെ കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നു.

എബോള വൈറസ് കുടുംബത്തിലെ ‘ബുന്ദിബുഗ്യോ’ വകഭേദം മൂലമുണ്ടാകുന്ന മാരകമായ രക്തസ്രാവത്തോടുകൂടിയ ഒരു പനിയാണിത്.ബാധിക്കപ്പെടുന്നവരിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവത്തിന് കാരണമാകുന്ന ഈ രോഗം, വളരെ ഉയർന്ന മരണനിരക്കുള്ള (high mortality rate) അതീവ ഗുരുതരമായ ഒന്നാണ്.

ഏറ്റവും വലിയ വെല്ലുവിളി, നിലവിൽ സാധാരണ എബോളക്കെതിരെ ഉപയോഗിക്കുന്ന വാക്സിനുകൾ ഈ വകഭേദത്തിന് ഫലപ്രദമല്ല എന്നതാണ്.

ഇന്ത്യയിൽ ഇതുവരെ ബുണ്ടിബുഗ്യോ വകഭേദം മൂലമുള്ള എബോള രോഗബാധയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും മറ്റ് ബാധിത രാജ്യങ്ങളിലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും, ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾക്ക് അനുസൃതമായും, എല്ലാ ഇന്ത്യൻ പൗരന്മാരും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ഗവണ്മെൻ്റ് നിർദ്ദേശിച്ചു.

നിലവിൽ ഈ രാജ്യങ്ങളിൽ താമസിക്കുന്നതോ അല്ലെങ്കിൽ അവിടെ യാത്ര ചെയ്യുന്നതോ ആയ ഇന്ത്യൻ പൗരന്മാർ, പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന പൊതുജനാരോഗ്യ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അതീവ ജാഗ്രത പുലർത്താനും കേന്ദ്ര ഗവണ്മെൻ്റ് നിർദ്ദേശം നല്കി.