തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതത്തിന് വലിയ ഭീഷണിയുയർത്തുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടികളുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ എംഎൽഎമാരുടെ യോഗം കൂടി.

 

മന്ത്രിമാരായ അഡ്വ. സണ്ണി ജോസഫ്, ടി. സിദ്ദിഖ്, മുൻമന്ത്രി കെ. രാജൻ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. വന്യജീവികളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റി നിർത്താൻ അതിർത്തികളിൽ ടോട്ടൽ ഡിഫെൻസ്’ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.

വന്യജീവി ശല്യം രൂക്ഷമായ വയനാട്, ആറളം, കോതമംഗലം മേഖലകൾക്ക് അടിയന്തര മുൻഗണന (Immediate Priority) നൽകും. ഇന്നലെ പകൽ മാത്രം ജനവാസ മേഖലകളിൽ ഇറങ്ങിയ 6 ആനകളെ വിജയകരമായി കാട്ടിലേക്ക് തിരിച്ചയക്കാൻ വനംവകുപ്പിന് സാധിച്ചതായും മന്ത്രി യോഗത്തെ അറിയിച്ചു. കാട്ടുപന്നി വിഷയം ഗൗരവമായി കൈകാര്യം ചെയ്യും. ഇരുളത്ത് വിജയകരമായി നടപ്പാക്കിയ ത്രീ ടയർ ഡിഫെൻസ് സിസ്റ്റം വന്യജീവി ശല്യമുള്ള മറ്റ് വനമേഖലകളിലേക്കും വ്യാപിപ്പിക്കും.

കാട്ടുപന്നികളെ ഉപദ്രവകാരികളായ ‘ശുദ്രജീവി’ (Vermin) ആയി പ്രഖ്യാപിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അതിന് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി അഡ്വ. സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കേണ്ടതുണ്ടെന്നും മന്ത്രി ആവശ്യപ്പെട്ടു.

പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വിനിയോഗം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനംവകുപ്പിന് കീഴിൽ തന്നെ സ്വന്തം നിർവഹണ സംവിധാനം (Own Implementation System) രൂപീകരിക്കണമെന്ന് മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക്, അപകടം നടന്നത് വനത്തിന് അകത്താണോ പുറത്താണോ എന്ന് നോക്കാതെ കൃത്യമായ നഷ്ടപരിഹാരം നൽകണമെന്ന് മുൻമന്ത്രി കെ. രാജൻ യോഗത്തിൽ ആവശ്യപ്പെട്ടു.