കഴിഞ്ഞ കുറച്ചു മാസങ്ങളായി റെയിൽവേ മന്ത്രാലയത്തിന്റെയും റെയിൽവേ ബോർഡിന്റെയും മുന്നിൽ നിരന്തരം നടത്തിയ ഇടപെടലുകളുടെ ഫലമായി തിരുവനന്തപുരം നോർത്ത് – പളനി – പോടന്നൂർ സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.വർക്കല ശിവഗിരി, കൊട്ടാരക്കര എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകരും യാത്രക്കാരും നേരിട്ട് പളനിയിലേക്ക് എത്തുന്നതിനായി നിലവിൽ അമൃത എക്സ്പ്രസ് മാത്രമാണ് ആശ്രയിച്ചിരുന്നത്. എന്നാൽ പ്രസ്തുത ട്രെയിൻ രാമേശ്വരത്തേക്ക് നീട്ടിയതോടെ ടിക്കറ്റ് ലഭ്യത വലിയ പ്രതിസന്ധിയായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കോട്ടയം അല്ലെങ്കിൽ കൊല്ലം സ്റ്റേഷനുകളിൽ നിന്നാരംഭിച്ച് പുനലൂർ – മധുര – പളനി വഴി പോടന്നൂർ, കോയമ്പത്തൂർ, ഈറോഡ് എന്നിവിടങ്ങളിലേക്കുള്ള പുതിയ ട്രെയിൻ സർവീസ് വേണമെന്ന ആവശ്യം റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നത്.
കഴിഞ്ഞ മാസം ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിലും ഈ വിഷയം വിശദമായി ചർച്ച ചെയ്യപ്പെട്ടു. കോട്ടയം, കൊല്ലം സ്റ്റേഷനുകളിൽ ആവശ്യമായ മെയിന്റനൻസ് സൗകര്യങ്ങൾ നിലവിൽ ലഭ്യമല്ലാത്തതിനാൽ തിരുവനന്തപുരം നോർത്തിൽ നിന്നാരംഭിച്ച് അവിടെത്തന്നെ ട്രെയിൻ മെയിന്റനൻസ് നടത്തുക എന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. കോയമ്പത്തൂർ, ഈറോഡ് സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ലഭ്യത സംബന്ധിച്ച പരിമിതികൾ നിലനിന്ന സാഹചര്യത്തിൽ നിലവിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമായ പോടന്നൂർ/മേട്ടുപ്പാളയം സ്റ്റേഷനുകളിലേക്ക് സർവീസ് ആരംഭിക്കുന്നതിനാണ് തത്വത്തിൽ തീരുമാനം കൈക്കൊണ്ടത്.
കേരളത്തിൽ നിന്ന് പളനിയിലേക്കുള്ള തീർത്ഥാടന യാത്രകൾക്കും കോയമ്പത്തൂർ, ഈറോഡ് തുടങ്ങിയ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്കും വലിയ പ്രയോജനം ലഭിക്കുന്ന രീതിയിൽ, കൊല്ലം മേഖലയെ കേന്ദ്രീകരിച്ച് പുനലൂർ – മധുര റൂട്ടിലൂടെ എൽ.എച്ച്.ബി കോച്ചുകളുള്ള ട്രെയിൻ സർവീസ് യാഥാർഥ്യമാകുന്നത് ചരിത്രത്തിൽ ആദ്യമായാണെന്ന് എം.പി ചൂണ്ടിക്കാട്ടി.
ആദ്യഘട്ടത്തിൽ ഈ സർവീസ് പ്രതിവാര ട്രെയിനായി ആരംഭിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ നിലവിൽ രണ്ട് സർവീസുകൾ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ കേരളത്തിൽ മലയാളി യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ആവശ്യമായ സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലെന്നതും നിരാശാജനകമാണ്. ചെങ്കോട്ടയിൽ നിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് മറ്റ് ട്രെയിൻ സർവീസുകൾ ലഭ്യമാണെന്നിരിക്കെ കേരളത്തിനുള്ളിൽ രണ്ട് സ്റ്റോപ്പുകൾ മാത്രം അനുവദിച്ച റെയിൽവേയുടെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിനിന്റെ യാത്രാ സമയക്രമത്തിൽ ആവശ്യമായ ബഫർ സമയം ലഭ്യമായതിനാൽ ചിറയിൻകീഴ്, വർക്കല ശിവഗിരി, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, തെന്മല, ആര്യങ്കാവ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ അടിയന്തരമായി സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡിന്റെ പാസഞ്ചർ ഓപ്പറേഷൻ വിഭാഗം മേധാവി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ എന്നിവരുമായി ഫോണിൽ സംസാരിക്കുകയും വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തതായി എം.പി അറിയിച്ചു.
കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും പ്രത്യേക കത്തും നൽകിയിട്ടുണ്ട്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് സർവീസുകൾക്ക് ശേഷം ട്രെയിൻ സർവീസ് അവസാനിപ്പിക്കാതെ സ്ഥിരമായി തുടരുന്നതിനും പിന്നീട് പ്രതിവാര സർവീസായി ഉയർത്തുന്നതിനും ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി.
ട്രെയിൻ നമ്പർ : 06079/06080 തിരുവനന്തപുരം – പോടന്നൂർ (കോയമ്പത്തൂർ) – തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ്
ട്രെയിൻ നമ്പർ : 06079 തിരുവനന്തപുരം – പോടന്നൂർ (കോയമ്പത്തൂർ) എക്സ്പ്രസ്
തിരുവനന്തപുരം നോർത്ത് : 01:00 PM
കൊല്ലം : 02:35 PM
പുനലൂർ : 03:35 PM
ചെങ്കോട്ട : 07:20 PM
തെങ്കാശി : 07:45 PM
കടയനല്ലൂർ : 08:13 PM
ശങ്കരൻകോവിൽ : 08:58 PM
രാജപാളയം : 09:38 PM
ശ്രീവില്ലിപ്പുത്തൂർ : 09:53 PM
ശിവകാശി : 10:28 PM
വിരുദനഗർ : 11:28 PM
മധുര : 01:05 AM
കൊടൈക്കനാൽ റോഡ് : 01:50 AM
ഡിണ്ട്ക്കൽ : 02:25 AM
ഒട്ടൻഛത്രം : 03:28 AM
പളനി : 03:58 AM
ഉദുമലൈപേട്ട : 04:28 AM
പൊള്ളാച്ചി : 05:15 AM
പോടന്നൂർ ജംഗ്ഷൻ (കോയമ്പത്തൂർ) : 06:45 AM
ട്രെയിൻ നമ്പർ : 06080 പോടന്നൂർ (കോയമ്പത്തൂർ) – തിരുവനന്തപുരം എക്സ്പ്രസ്
പോടന്നൂർ ജംഗ്ഷൻ (കോയമ്പത്തൂർ) : 05:00 PM
പൊള്ളാച്ചി : 05:50 PM
ഉദുമലൈപേട്ട : 06:18 PM
പളനി : 07:40 PM
ഒട്ടൻഛത്രം : 08:18 PM
ഡിണ്ട്ക്കൽ : 09:05 PM
കൊടൈക്കനാൽ റോഡ് : 09:28 PM
മധുര : 10:00 PM
വിരുദനഗർ : 10:53 PM
ശീവകാശി : 11:18 PM
ശ്രീവല്ലിപ്പുത്തൂർ : 11:45 PM
രാജപാളയം : 12:02 AM
ശങ്കരൻകോവിൽ : 12:30 AM
കടയനല്ലൂർ : 12:56 AM
തെങ്കാശി : 01:13 AM
ചെങ്കോട്ട : 01:40 AM
പുനലൂർ : 03:40 AM
കൊല്ലം : 05:00 AM
തിരുവനന്തപുരം സെൻട്രൽ : 07:15 AM


