ബജറ്റ് 2026: സമഗ്ര വികസനത്തിന് കരുത്തേകി ബജറ്റ്- പുതുയുഗ കേരളത്തിന്റെ റോഡ്‌മാപ്പ് :ബജറ്റ് 2026-27: ഒറ്റനോട്ടത്തിൽ

കേരളത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനും ദീർഘകാല വികസനത്തിനും സാമൂഹിക ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സമഗ്ര കാഴ്ചപ്പാടാണ് ബജറ്റ് 2026-27 മുന്നോട്ടുവെക്കുന്നത്. സാമ്പത്തിക വെല്ലുവിളികളെ അതിജീവിച്ച് നിക്ഷേപം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് പുതിയ ദിശാബോധം നൽകുന്ന വികസന അജണ്ടയാണ് ഈ ബജറ്റിന്റെ അടിത്തറ.

 

ആധുനിക സാങ്കേതികവിദ്യ, വൻകിട നിക്ഷേപങ്ങൾ, വിജ്ഞാന സമ്പദ്‌വ്യവസ്ഥ, സാമൂഹിക സുരക്ഷ, പരിസ്ഥിതി ഉത്തരവാദിത്തം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് കേരളത്തെ ആഗോള നിലവാരത്തിലുള്ള വികസന മാതൃകയാക്കി മാറ്റുകയാണ് ബജറ്റിന്റെ ലക്ഷ്യം. വികസനത്തിന്റെ നേട്ടങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്ന, ‘ഉൾക്കൊള്ളുന്ന’ വളർച്ചയ്ക്കാണ് ബജറ്റ് പ്രാധാന്യം നൽകുന്നത്.

 

ആഗോള മാരിടൈം ശക്തിയിലേക്ക് കേരളംസമുദ്രസമ്പത്തും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ലോക മാരിടൈം ഭൂപടത്തിലെ പ്രധാന ശക്തിയാക്കുന്നതിനായി ‘മിഷൻ സമുദ്ര’ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കേന്ദ്രമാക്കി തുറമുഖങ്ങൾ, റെയിൽ ശൃംഖല, റോഡ് ഗതാഗതം, ഉൾനാടൻ ജലപാതകൾ എന്നിവ സംയോജിപ്പിക്കുന്ന സമഗ്ര മാരിടൈം സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കും. ബാലരാമപുരം–വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിംഗ് റോഡ്, ഡ്രൈ പോർട്ടുകൾ, സ്റ്റഫിംഗ് സെന്ററുകൾ എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കും. കേരള മാരിടൈം പോളിസിയും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കും.

 

വിജ്ഞാന സമ്പദ്‌വ്യവസ്ഥയും ഉന്നത വിദ്യാഭ്യാസവുംകേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി ‘കേരള നോളജ് വാലി’ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുൻനിര വിദേശ സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നിയമപരവും നയപരവുമായ മാറ്റങ്ങൾ നടപ്പാക്കും.

 

ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക ശാക്തീകരണത്തിനുമായി വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ, കേരള സ്കൂൾ ഓഫ് പ്ലാനിങ്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ പിപിപി (PPP) മാതൃകയിൽ ആരംഭിക്കും. ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നതിനായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

 

ആരോഗ്യ സംരക്ഷണവും സാമൂഹിക സുരക്ഷയുംജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കും. ഓരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ് പദ്ധതിയുടെ പ്രത്യേകത.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഗുരുതര രോഗബാധിതർക്കും സഹായം ലഭ്യമാക്കുന്നതിനായി ‘വൺ കേരള കരുതൽ മിഷൻ’ എന്ന സാങ്കേതികവിദ്യ അധിഷ്ഠിത പ്ലാറ്റ്ഫോം ആരംഭിക്കും. സർക്കാർ, CSR ഫണ്ടുകൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവയുടെ സംഭാവനകൾ സുതാര്യമായി അർഹരായവർക്ക് എത്തിക്കുന്ന സംവിധാനം ഇതിലൂടെ ഒരുക്കും.

 

വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രത്യേക വകയിരുത്തലും പ്രഖ്യാപിച്ചിട്ടുണ്ട്. ജനസംഖ്യാ ഘടനയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കണക്കിലെടുത്ത് മുതിർന്ന പൗരന്മാർക്കായുള്ള സേവനങ്ങളും ക്ഷേമ പദ്ധതികളും ശക്തിപ്പെടുത്തും.
നിക്ഷേപം, സംരംഭകത്വം, തൊഴിൽസംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ കരുത്ത് പകരുന്നതിനായി 10,000 പുതിയ MSME സംരംഭങ്ങൾ ആരംഭിക്കും. ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിൽ നിക്ഷേപവും തൊഴിലും വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പാക്കും. പ്രവാസി ഇൻവെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിക്കുന്നതിലൂടെ പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തും.

 

ഗ്ലോബൽ ജോബ് വാച്ച് ടവർ പദ്ധതിയിലൂടെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ വിലയിരുത്തി യുവാക്കൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ഒരുക്കും.
റബ്ബറിന്റെ താങ്ങുവില കിലോയ്ക്ക് 250 രൂപയായി വർധിപ്പിക്കുന്നതിലൂടെ കാർഷിക മേഖലയ്ക്ക് വലിയ പിന്തുണ ലഭിക്കും.

 

അടിസ്ഥാന സൗകര്യ വികസനത്തിന്റെ പുതിയ അധ്യായംതിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുന്നതിലൂടെ നഗര ഗതാഗത മേഖലയിൽ പുതിയ അധ്യായം തുറക്കും. അതോടൊപ്പം തെക്കൻ കേരള ഇക്കണോമിക് കോറിഡോർ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് വ്യവസായ-സാമ്പത്തിക വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും.

 

കൊച്ചി–ആലുവ–പെരുമ്പാവൂർ ഗ്ലോബൽ ഫർണിച്ചർ ഹബ്, കൊച്ചി–തൃശൂർ ഗോൾഡ് കോറിഡോർ, ജെ.സി. ഡാനിയൽ ഫിലിം സിറ്റി എന്നിവയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നടപ്പാക്കും. കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ–ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതിയ്ക്ക് 200 കോടി രൂപ വകയിരുത്തി.

 

മത്സ്യത്തൊഴിലാളികൾക്കും തീരദേശ വികസനത്തിനും മുൻഗണനമത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണ സബ്സിഡി വർധിപ്പിക്കുകയും പ്രത്യേക ഭവന പദ്ധതി നടപ്പാക്കുകയും ചെയ്യും. തീരദേശ മേഖലകളിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ വേതന സഹായം നൽകുന്നതിനും നടപടികൾ സ്വീകരിക്കും.
കൃഷി, ക്ഷീര വികസനം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥസംസ്ഥാനത്തെ ക്ഷീര വികസനത്തിനായി 102 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൃഷിയേയും വിനോദസഞ്ചാരത്തേയും സംയോജിപ്പിച്ച പുതിയ സാമ്പത്തിക സാധ്യതകൾ സൃഷ്ടിക്കും. കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണിയും മൂല്യവർധിത ഉൽപ്പാദനത്തിനുള്ള അവസരങ്ങളും ഒരുക്കും.
സാമൂഹിക നീതിയും സുരക്ഷിത സമൂഹവുംമനുഷ്യ–വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി 192.20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങിവരുന്നത് തടയുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ‘മകൾക്കൊപ്പം’ പദ്ധതി നടപ്പിലാക്കും. സാമൂഹിക സുരക്ഷയും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കുന്നതിനുള്ള നിരവധി ഇടപെടലുകൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

സംസ്കാരം, കായികം, പൈതൃക സംരക്ഷണംകോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും. കായിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി മലബാറിൽ ഫുട്ബോൾ സ്റ്റേഡിയം സ്ഥാപിക്കാൻ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

 

ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സാംസ്കാരിക പൈതൃകവും ടൂറിസം സാധ്യതകളും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.

 

ബജറ്റ് 2026-27: ഒറ്റനോട്ടത്തിൽ

മിഷൻ സമുദ്രം• കേരളത്തെ ആഗോള മാരിടൈം ശക്തിയാക്കും• വിഴിഞ്ഞം കേന്ദ്രീകരിച്ച മാരിടൈം സമ്പദ്‌വ്യവസ്ഥ• ₹400 കോടി
അന്താരാഷ്ട്ര മാരിടൈം മ്യൂസിയം• കേരളത്തിന്റെ സമുദ്ര പൈതൃകം സംരക്ഷിക്കും• ₹50 കോടി
ഏവിയേഷൻ–ലോജിസ്റ്റിക്സ് ഹബ്• നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള വികസനം• എയറോപാർക്ക്, എയറോസിറ്റി, വിമാനപരിപാലന കേന്ദ്രങ്ങൾ• ₹200 കോടി
ഇൻവെസ്റ്റ് കേരളം• നിക്ഷേപകർക്ക് ഏകജാലക സേവനം• ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ
കേരള MSME ഗ്രോത്ത് സ്കീം• 10,000 പുതിയ MSME സംരംഭങ്ങൾ• ₹100 കോടി
പ്രവാസി ഇൻവെസ്റ്റ്മെന്റ് ഫണ്ട്• പ്രവാസി മലയാളികളുടെ നിക്ഷേപം വികസനത്തിനായി പ്രയോജനപ്പെടുത്തും
ഗ്ലോബൽ ജോബ് വാച്ച് ടവർ• ഭാവി തൊഴിൽ സാധ്യതകൾ നിരീക്ഷിക്കുന്ന സംവിധാനം
സ്പേസ് ഇക്കണോമി• ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം• ₹5 കോടി
കേരള നോളജ് വാലി• കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കും• വിദേശ സർവകലാശാലകളെ ആകർഷിക്കും• ₹100 കോടി
വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി• ആദിവാസി വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രാധാന്യം• ₹50 കോടി
കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി• മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, മെഡിക്കൽ ടൂറിസം• ₹100 കോടി
റിസർച്ച് പാർക്ക്• IIT മാതൃകയിൽ ഗവേഷണ–വ്യവസായ സഹകരണം• ₹60 കോടി
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്• ഓരോ കുടുംബത്തിനും പ്രതിവർഷം ₹25 ലക്ഷം വരെ ആരോഗ്യ പരിരക്ഷ
വൺ കേരള കരുതൽ മിഷൻ• ഗുരുതര രോഗബാധിതർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സഹായം• ₹1 കോടി
സിൽവർ ഇക്കണോമി• വയോജനങ്ങളുടെ അറിവും അനുഭവസമ്പത്തും സാമ്പത്തിക വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തും
കെയർ ഗിവർ പദ്ധതി• അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം• ആഗോള തൊഴിൽ സാധ്യതകൾ
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി• സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്ര• ₹600 കോടി
കൃഷിയും ക്ഷീര വികസനവും• റബ്ബറിന്റെ താങ്ങുവില ₹250• ക്ഷീര വികസനത്തിന് ₹102.88 കോടി• പാൽ ഉത്പാദനം 1 കോടി ലിറ്ററാക്കി ഉയർത്തും
മത്സ്യമേഖല• മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി• മണ്ണെണ്ണ സബ്സിഡി ₹75• തീരദേശവാസികൾക്ക് പട്ടയം• മത്സ്യബന്ധന വിലക്ക് ദിവസങ്ങളിൽ വേതനസഹായം
ഭൂപരിഷ്കരണം 2.0• ലാൻഡ് മാനേജ്മെന്റ് പോളിസി• ലാൻഡ് ബാങ്ക്• ലാൻഡ് പൂളിംഗ് ഫ്രെയിംവർക്ക്
അടിസ്ഥാന സൗകര്യ വികസനം• തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ• തെക്കൻ കേരള ഇക്കണോമിക് കോറിഡോർ• ഗ്ലോബൽ ഫർണിച്ചർ ഹബ്• ഗോൾഡ് കോറിഡോർ
വിനോദസഞ്ചാരം• ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും• ₹325.36 കോടി• മുസിരിസ് ഹെറിറ്റേജ് പദ്ധതി• തീർഥാടന ടൂറിസം സർക്യൂട്ട്• ബ്രാൻഡ് വയനാട്• AI അധിഷ്ഠിത സ്മാർട്ട് ടൂറിസം
പുനരുപയോഗ ഊർജ്ജം• ഗ്രീൻ ഹൈഡ്രജൻ• ഗ്രീൻ അമോണിയ• ഫ്ലോട്ടിംഗ് സോളാർ• പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ്
പ്രത്യേക നിക്ഷേപ മേഖലകൾ• സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോണുകൾ• വൻകിട നിക്ഷേപങ്ങൾക്ക് സൗകര്യങ്ങൾ
മനുഷ്യ–വന്യജീവി സംഘർഷം• ₹192.20 കോടി• സാങ്കേതികവിദ്യ അധിഷ്ഠിത പരിഹാരങ്ങൾ
സ്ത്രീ സുരക്ഷ• മകൾക്കൊപ്പം പദ്ധതി
സംസ്കാരവും കായികവും• മലബാർ ഫുട്ബോൾ സ്റ്റേഡിയം – ₹50 കോടി• എം.ടി. കൾച്ചറൽ പാർക്ക്• ജെ.സി. ഡാനിയൽ ഫിലിം സിറ്റി• സലിംകുമാർ സ്മാരകം – ₹1 കോടി
ക്ഷേത്ര വികസനം• ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ എന്നിവയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും
വിദ്യാഭ്യാസ–ആരോഗ്യ ഡെസ്റ്റിനേഷൻ കേരളം• കേരളത്തെ ദേശീയ, അന്തർദേശീയ ആരോഗ്യ–വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയർത്തും

 

ബജറ്റ് പുതുയുഗ കേരളത്തിലേക്കുള്ള ചുവടുവയ്പ്പ് : മുഖ്യമന്ത്രി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലും ഒരു രൂപയുടെ പോലും നികുതി വർധന വരുത്താത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. നിക്ഷേപങ്ങൾ ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുക എന്നിവയിലൂടെ ‘പുതുയുഗ കേരളം’ യാഥാർഥ്യമാക്കുന്നതിനുള്ള വികസന കാഴ്ചപ്പാടാണ് ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ബജറ്റ് അവതരിപ്പിച്ച ശേഷം നിയസഭാ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ദൈനംദിന ചെലവുകൾക്കായാണ് ഉപയോഗിക്കുന്നത്. ഇതോടെ വികസന പ്രവർത്തനങ്ങൾക്കായി വെറും 23 ശതമാനം മാത്രമാണ് ശേഷിക്കുന്നത്. കിഫ്ബി വഴി 9.72 ശതമാനം ഉയർന്ന പലിശയ്ക്ക് പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കുന്നത് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സ്വകാര്യ നിക്ഷേപ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

സംസ്ഥാനത്തെ ജനസംഖ്യാ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ബജറ്റിൽ പ്രത്യേകമായി പരിഗണിച്ചിട്ടുണ്ട്. യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും കേരളത്തിൽ തന്നെ ഒരുക്കും. ഇതിന്റെ ഭാഗമായി ‘നോളജ് വാലി’ ഉൾപ്പെടെയുള്ള പദ്ധതികൾ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കും. അതോടൊപ്പം, മുതിർന്ന പൗരന്മാരെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം കാണാതെ അവരെ സമ്പദ് വ്യവസ്ഥയുടെ സജീവ ഭാഗമാക്കുന്നതിനായി രാജ്യത്താദ്യമായി കേരളത്തിൽ ‘സിൽവർ ഇക്കോണമി’ പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിലുള്ള കെയർ ഗിവർ കോഴ്സുകളും ആരംഭിക്കും.
അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ വളർച്ചയ്ക്കും ബജറ്റിൽ വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള ‘മിഷൻ സമുദ്ര’ പദ്ധതി നടപ്പിലാക്കും. ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ഏവിയേഷൻ ഹബ്ബായി കേരളത്തെ വികസിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് ‘സതേൺ കേരള ഇക്കണോമിക് കോറിഡോർ’ സ്ഥാപിക്കും. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഇൻവെസ്റ്റ് കേരള സെൽ’ രൂപീകരിക്കുകയും ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി കണ്ടെത്തുന്നതിനായി ലാൻഡ് ബാങ്ക് സ്ഥാപിക്കുകയും ചെയ്യും. ഐ.എസ്.ആർ.ഒയുടെ സാന്നിധ്യം പ്രയോജനപ്പെടുത്തി സ്വകാര്യ നിക്ഷേപത്തോടെ തിരുവനന്തപുരത്ത് ‘സ്‌പേസ് ഇക്കോണമി’ വികസിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നു. കേരളത്തിൽ നിർമ്മിക്കുന്ന മികച്ച ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി ലഭ്യമാക്കുന്നതിന് ‘ബ്രാൻഡ് കേരള’ സർട്ടിഫിക്കേഷനും ഏർപ്പെടുത്തും.

 

കാർഷിക, ഗ്രാമീണ മേഖലകൾക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുകയും സംസ്ഥാനത്തെ പ്രതിദിന പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് 28.5 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകൾക്കായി പ്രത്യേക വികസന പാക്കേജും നടപ്പിലാക്കും. വയനാട്ടിൽ ഗോത്രവർഗ സമൂഹത്തിന്റെ തനത് അറിവുകളും ആധുനിക വിജ്ഞാനവും സംയോജിപ്പിക്കുന്ന ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസത്തെയും സിനിമയെയും വ്യവസായമായി പ്രഖ്യാപിക്കുന്നതിലൂടെ ഈ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അന്താരാഷ്ട്ര ഫിലിം സിറ്റിയായ ‘ജെ.സി. ഡാനിയേൽ ചിത്രനഗരം’ സ്ഥാപിക്കും. എം.ടി. വാസുദേവൻ നായരുടെ പേരിൽ സാംസ്‌കാരിക പാർക്കും യാഥാർഥ്യമാക്കും.

 

പാവപ്പെട്ടവരുടെ ചികിത്സാ, വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സി.എസ്.ആർ ഫണ്ട് ഉൾപ്പെടെയുള്ളവ ഉപയോഗപ്പെടുത്തി ‘വൺ കേരള കരുതൽ മിഷൻ’ നടപ്പിലാക്കും. പ്രവാസികളുടെ സമ്പാദ്യത്തെ നിക്ഷേപമാക്കി മാറ്റി സംസ്ഥാന വികസനത്തിന്റെ പങ്കാളികളാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും വീടുകൾ നൽകുന്ന കാര്യത്തിനും ബജറ്റിൽ പ്രത്യേക പദ്ധതികളുണ്ട്. ദുരന്തനിവാരണ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പദ്ധതികൾ ആവിഷ്‌കരിക്കും.
ബജറ്റിലെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും സാമ്പത്തിക ചോർച്ച തടയുന്നതിനുമായി കർശനമായ പെർഫോമൻസ് ഓഡിറ്റിംഗും ‘പ്രോജക്ട് ഇംപ്ലിമെന്റേഷൻ പ്രോട്ടോക്കോൾ’ സംവിധാനവും നടപ്പിലാക്കും. ഇതിലൂടെ ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

സഹകരണ മേഖലയ്ക്ക് 114 കോടി; പബ്ലിക് കോ-ഓപ്പറേറ്റീവ് പാർട്ണർഷിപ്പ് വരുന്നു

 

സഹകരണ മേഖലയിൽ (കോ-ഓപ്പറേഷൻ) 2026-27 സംസ്ഥാന ബഡ്ജറ്റിൽ 114.44 കോടി രൂപയും എക്സൈസിന് 23.31 കോടി രൂപയുമാണ് നീക്കി വെച്ചിട്ടുള്ളത്. സഹകരണ മേഖലയിൽ പി.സി.പി. (പൊതു സഹകരണ പങ്കാളിത്തം) പദ്ധതികൾ ആരംഭിയ്ക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സംയുക്തമായി അടിസ്ഥാന സൗകര്യങ്ങൾ, പൊതുസേവനങ്ങൾ, സാമ്പത്തിക വികസന പ്രവർത്തനങ്ങൾ എന്നിവ ജനങ്ങൾക്ക് ലഭ്യമാക്കുന്ന വികസന മാതൃകയാണ് പബ്ലിക് കോ-ഓപ്പറേറ്റീവ് പാർട്ട്ണർഷിപ്പ് (PCP). ഈ മാതൃകയിൽ സർക്കാർ, ധനസഹായം, ഭൂമി, നയപരമായ പിന്തുണ, സാങ്കേതിക മാർഗ്ഗനിർദ്ദേശം എന്നിവ നൽകുമ്പോൾ സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക നിക്ഷേപം, പദ്ധതിയാസൂത്രണം, നടപ്പാക്കൽ, മാനേജ്മെന്റ് എന്നിവയിൽ പങ്കാളികളാകുന്നു. സഹകരണ മേഖലയിൽ പി.സി.പി. മാതൃകയിൽ വൈവിധ്യമാർന്ന പദ്ധതികൾക്കായി പഠനം നടത്തുന്നതിനും പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി 2026-27-ലെ പുതുക്കിയ ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സഹകരണ മേഖലയിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടേയും, നിക്ഷേപകരുടേയും സമ്പാദ്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ നയത്തിന്റെ ഭാഗമായി നിക്ഷേപഗ്യാരന്റി ഫണ്ട് ബോർഡിന് ധനസഹായം നൽകുന്ന പുതിയ പദ്ധതി സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപഗ്യാരന്റി ഫണ്ട് ബോർഡിന്റെ കോർപ്പസ് ഫണ്ടിലേക്കുള്ള സർക്കാർ വിഹിതമായി 10 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

സഹകരണ മേഖലയിൽ ഊർജ്ജ സ്വയംപര്യാപ്ത സഹകരണ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിനും ഊർജഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ ഊർജ്ജ ചെലവ് കുറയ്ക്കുന്നതിനും 100 ശതമാനം ഊർജ്ജ സ്വയംപര്യാപ്ത ഗ്രാമങ്ങൾ എന്ന പുതിയ പദ്ധതിയ്ക്ക് ബഡ്ജറ്റിൽ തുടക്കം ഇട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 1000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ സ്വന്തമായുള്ള സഹകരണ സംഘങ്ങൾക്ക് നിർബന്ധിത റൂപ്ടോപ്പ് സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി ധനസഹായം നൽകുന്നതാണ്. എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി 6 പുതിയ പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്രഗ് ഡിറ്റക്ഷൻ കിറ്റ്, വകുപ്പിനായുള്ള വാഹനങ്ങളുടെ വാങ്ങൽ, കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി, സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, സിസിടിവി ക്യാമറകളും സ്‌കാനറുകളും വാങ്ങൽ, മോഡൽ എക്സൈസ് റേഞ്ച് ഓഫീസ്.

നിലവിൽ എക്സൈസ് വകുപ്പിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ഇല്ലാത്തതും കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറികൾ നിലവിലില്ലാത്തതും ലഹരിവിരുദ്ധ കേസുകളുടെ തുടർനടപടികളിൽ വലിയൊരു പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. എക്സൈസ് വകുപ്പിന് ആവശ്യത്തിന് വാഹനങ്ങളില്ലാത്തത് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഏകോപനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രശ്‌നങ്ങൾക്ക്, ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പുതിയ പദ്ധതികൾ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കായംകുളത്ത് സ്ഥാപിക്കുവാനുദ്ദേശിക്കുന്ന മോഡൽ എക്സൈസ് റേഞ്ച് ഓഫീസ് സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ എക്സൈസ് ഓഫീസായിരിക്കും. കായംകുളത്തു സ്ഥാപിക്കാനുദ്ദേശിക്കുന്ന കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയും, സംസ്ഥാനത്തെ എക്സൈസ് ഡിപ്പാർട്മെന്റിന്റെ ഇത്തരത്തിലുള്ള ആദ്യത്തെ ലബോറട്ടറിയാണ്. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ തെളിവ് പരിശോധനയിൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറികൾക്ക് വലിയ പങ്കാണുള്ളത്.

 

ബജറ്റിൽ തൊഴിൽ മേഖലയ്ക്ക് 650.46 കോടി : ഗിഗ് തൊഴിലാളികൾക്കും പരമ്പരാഗത മേഖലയ്ക്കും വമ്പൻ പ്രഖ്യാപനങ്ങൾ

:ഗ്ലോബൽ ജോബ് വാച്ച് ടവർ’ തുറന്നിടുന്നത് വൻ തൊഴിലവസരങ്ങൾ

2026-27 പുതുക്കിയ സംസ്ഥാന ബജറ്റിൽ തൊഴിൽ മേഖലയ്ക്കും തൊഴിലാളി ക്ഷേമത്തിനുമായി 650.46 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാന വിഹിതത്തിന്റെ ആദ്യഘട്ടമായി 1422.60 കോടി രൂപയും ബജറ്റിൽ മാറ്റിവച്ചു.

ഗിഗ്, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കും. ഐ.ടി. ഉൾപ്പെടെയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ മാനസിക-ശാരീരിക ആരോഗ്യം മുൻനിർത്തി ‘ഓഫീസ് വെൽനസ്’ പദ്ധതികളും നടപ്പാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖ വികസനങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന പുതിയ നിർമാണ-വാണിജ്യ മേഖലകളിലെ തൊഴിലവസരങ്ങളിൽ അതത് തീരപ്രദേശങ്ങളിലെ ജനങ്ങൾക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തും. ആഗോള തൊഴിൽ വിപണിയിലെ മാറ്റങ്ങൾ വിലയിരുത്തി യുവാക്കളെ സജ്ജരാക്കുന്നതിനായി ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കും. വയോജന-രോഗീപരിചരണ രംഗത്തെ അന്താരാഷ്ട്ര തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് ആറുമാസ ദൈർഘ്യമുള്ള ‘കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകളും’ ആരംഭിക്കും.

കശുവണ്ടി, കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾക്കായി വരുമാനസഹായ പദ്ധതി നടപ്പാക്കും. മൺപാത്ര നിർമാണ മേഖലയിലെ തൊഴിലാളികൾക്കായി പ്രത്യേക ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും മുന്നറിയിപ്പുകളും മൂലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾക്ക് പ്രത്യേക വേതനസഹായം നൽകും. വനിതാ മത്സ്യവിപണന തൊഴിലാളികൾക്കായി ‘ഷീ സ്‌കൂട്ടർ’ പദ്ധതിയും നടപ്പാക്കും.

പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 1,000 രൂപയായി വർധിപ്പിച്ചു. ഇതിനായി 13.30 കോടി രൂപ വകയിരുത്തി. ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 3,000 രൂപ വർധിപ്പിച്ച് 12,000 രൂപയാക്കി. അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, പ്രീ-പ്രൈമറി അധ്യാപകർ എന്നിവരുടെ ഓണറേറിയത്തിലും വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.