ദേശീയപാത 66 (NH-66) വികസനത്തിൽ നിർണായക നാഴികക്കല്ല് പിന്നിട്ട് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI). കൊടുങ്ങല്ലൂർ–ഇടപ്പള്ളി ആറുവരിപ്പാതയുടെ വികസനത്തിന്റെ ഭാഗമായി, ഇടപ്പള്ളിയിലെ റെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെ 63.48 മീറ്റർ നീളമുള്ള കൂറ്റൻ സ്റ്റീൽ ബോസ്ട്രിങ് ഗിർഡർ വിജയകരമായി സ്ഥാപിച്ചു.

വലിയ തൂണുകളുടെ സഹായമില്ലാതെ തന്നെ നീളമുള്ള പാലങ്ങളെ താങ്ങിനിർത്താൻ സഹായിക്കുന്ന അമ്പെയ്ത്ത് വില്ലിന്റെ ആകൃതിയുള്ള പ്രത്യേക സ്റ്റീൽ ഘടനയാണ് ‘ബോസ്ട്രിങ് ഗിർഡർ’. തിരക്കേറിയ റെയിൽവേ പാതയ്ക്ക് മുകളിലൂടെയുള്ള ഭാഗങ്ങളിലാണ് ഈ നിർമ്മാണ രീതി സ്വീകരിക്കാറുള്ളത്.

ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ, രാത്രി ട്രെയിനുകൾ പ്രത്യേകമായി നിയന്ത്രിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണ് ഈ കൂറ്റൻ ഘടന യഥാസ്ഥാനത്ത് സ്ഥാപിച്ചത്. ഇതോടെ കൊടുങ്ങല്ലൂർ–ഇടപ്പള്ളി ദേശീയപാത വികസനത്തിലെ നിർണായക ഘട്ടം കൂടിയാണ് പിന്നിട്ടിരിക്കുന്നത്. 26 കിലോമീറ്റർ പാതയിൽ ആകെ ഏഴ് വലിയ പാലങ്ങളും എട്ട് ചെറിയ പാലങ്ങളുമാണുള്ളത്. ഇതി അവസാനത്തെ പ്രധാന നിർമാണമായിരുന്നു ഇടപ്പള്ളിയിലെ ഈ റെയിൽവേ മേൽപ്പാലം. ഇതോടെ ഈ പാതയിലെ വികസന പ്രവർത്തനങ്ങളുടെ 75 ശതമാനവും പൂർത്തിയായി.

ഇത്രയും വലിയൊരു ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ, മികച്ച ആസൂത്രണവും, ഒത്തൊരുമയോടെയുള്ള പ്രവർത്തനവും ആവശ്യമായിരുന്നു. രാത്രികാല നിർമാണ പ്രവർത്തനങ്ങളോട് സഹകരിച്ച ഇന്ത്യൻ റെയിൽവേ, കേരള പോലീസ്, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർക്ക് NHAI തങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിച്ചു. എല്ലാവർക്കും സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യം ഒരുക്കുന്ന മികച്ച ദേശീയപാതകൾ നിർമിക്കാൻ NHAI എപ്പോഴും പ്രതിജ്ഞാബദ്ധമാണ്.