ഗ്രാമീണ ഉപജീവനമാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിലും വികസിത ഗ്രാമീണ ഇന്ത്യയെന്ന കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നതിലും ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തി 2025-ലെ വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) അഥവാ വിബി-ജി റാം ജി നിയമം ഇന്ന് രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു. നിയമം നിലവിൽ വന്നതോടെ യോഗ്യരായ ഗ്രാമീണ കുടുംബങ്ങൾക്ക് പ്രതിവര്‍ഷം 125 ദിവസത്തെ തൊഴിൽ നിയമപരമായി ഉറപ്പാക്കും. സുസ്ഥിര ഗ്രാമീണ ആസ്തി നിര്‍മ്മിതി, പ്രകൃതിവിഭവ സംരക്ഷണം, കാർഷിക ഉല്പാദനക്ഷമത മെച്ചപ്പെടുത്തല്‍, ഉപജീവനമാർഗങ്ങളുടെ പ്രോത്സാഹനം, സ്ത്രീ പങ്കാളിത്ത വികസനം എന്നിവ ത്വരിതപ്പെടുത്തുന്നതിനൊപ്പം ഗ്രാമീണ തൊഴിലവസരങ്ങൾ കൂടുതൽ ഫലപ്രദവും സുതാര്യവും ലക്ഷ്യാധിഷ്ഠിതവുമാക്കാൻ നിയമം ലക്ഷ്യമിടുന്നു.
വിബി-ജി റാം ജി നിയമം നടപ്പാക്കുന്നതിനൊപ്പം നിയമപ്രകാരം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പുതുക്കിയ വേതന നിരക്കുകളും കേന്ദ്ര ഗവണ്മെൻ്റ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. തല്‍ഫലമായി രാജ്യത്തൊരിടത്തും വിജ്ഞാപനം ചെയ്ത പ്രതിദിന വേതനം 300 രൂപയ്ക്ക് താഴെയാകില്ല. ദേശീയ ശരാശരി വേതനം പ്രതിദിനം 298.8 രൂപയിൽ നിന്ന് 327.4 രൂപയായി വർധിച്ചു. 10 ശതമാനത്തിലധികം ശരാശരി വർധനയാണിത്. ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 15 മുതൽ 25 ശതമാനം വരെ വേതന വർധനയുണ്ടായി. നിയമം ആദ്യ ദിവസം മുതൽ തടസ്സമില്ലാതെയും ഫലപ്രദമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കൃത്യസമയത്ത് വേതനം നൽകാനും വികസന പ്രവർത്തനങ്ങൾ നടത്താനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 95,692.31 കോടി രൂപയുടെ ഇടക്കാല വിഹിതം ഗവണ്മെൻ്റ് ഇതിനകം അനുവദിച്ചിട്ടുണ്ട്.
ഗ്രാമീണ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരവും അഭൂതപൂർവവുമായ ദിനമാണെന്ന് കേന്ദ്ര ഗ്രാമവികസന കാർഷിക കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന വിബി-ജി റാം ജി നിയമം കേവലം പുതിയ നിയമം മാത്രമല്ലെന്നും ദശലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികൾക്ക് അന്തസ്സും ആത്മാഭിമാനവും ഉപജീവന സുരക്ഷിതത്വവും നൽകുന്ന സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു. യോഗ്യരായ ഗ്രാമീണ കുടുംബങ്ങൾക്ക് 100 ദിവസത്തിന് പകരം 125 ദിവസത്തെ തൊഴിലിന് നിയമത്തില്‍ അവകാശമുണ്ടാകും. യോഗ്യനായ ഒരു ഗ്രാമീണ തൊഴിലാളിക്കും ഒരു ദിവസം പോലും തൊഴിൽ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഗവണ്മെൻ്റ് ഉയർന്ന മുൻഗണന നൽകുന്നതെന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. നിയമം സുഗമമായി നടപ്പാക്കുന്നതിനാവശ്യമായ ഭരണപരവും സാമ്പത്തികവും സാങ്കേതികവുമായ തയ്യാറെടുപ്പുകളെല്ലാം കേന്ദ്ര ഗവണ്മെൻ്റും സംസ്ഥാനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഗ്രാമങ്ങളിൽ പുതിയ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുമെന്ന പദ്ധതി സുസ്ഥിര ആസ്തികളുടെ നിർമ്മാണം ത്വരിതപ്പെടുത്തുമെന്നും സ്ത്രീ ശാക്തീകരണത്തിന് കരുത്തേകുമെന്നും ആത്മനിർഭർ-വികസിത ഗ്രാമീണ ഇന്ത്യയെന്ന കാഴ്ചപ്പാടിന് പുതിയ ഊർജ്ജം പകരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമൃദ്ധവും ശാക്തീകരിക്കപ്പെട്ടതുമായ സ്വയംപര്യാപ്ത ഗ്രാമങ്ങൾ കെട്ടിപ്പടുക്കുന്നതിൽ പങ്കുചേരാന്‍ അദ്ദേഹം എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്തു.
വിബി-ജി റാം ജി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം, ഗുണഭോക്താക്കൾക്ക് ഗ്രാമീണ തൊഴിലുറപ്പ് കാർഡുകളുടെ വിതരണം, പുതിയ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം പുറത്തിറക്കല്‍, പ്രധാന പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, ഗുണഭോക്താക്കളുമായി ആശയവിനിമയം, നിയമം ഫലപ്രദമായി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കല്‍ എന്നിവ ദേശീയ ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
വിബി-ജി റാം ജി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം, ഗുണഭോക്താക്കൾക്ക് ഗ്രാമീണ തൊഴിലുറപ്പ് കാർഡുകളുടെ വിതരണം, പുതിയ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം പുറത്തിറക്കല്‍, പ്രധാന പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, ഗുണഭോക്താക്കളുമായി ആശയവിനിമയം, നിയമം ഫലപ്രദമായി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കല്‍ എന്നിവ ദേശീയ ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
2026 ജൂലൈ 2-ന് ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ ഓബുലവാരിപ്പള്ളി മണ്ഡലത്തിലെ മുക്കവാരിപ്പള്ളി ഗ്രാമത്തിലാണ് വിബി-ജി റാം ജി നിയമത്തിൻ്റെ ദേശീയതല ഉദ്ഘാടന പരിപാടി. ചടങ്ങിൽ കേന്ദ്ര ഗ്രാമവികസന, കാർഷിക കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി ശ്രീ കൊണിഡേല പവൻ കല്യാൺ, കേന്ദ്ര സഹമന്ത്രിമാരായ ഡോ. ചന്ദ്രശേഖർ പെമ്മസാനി, ശ്രീ കമലേഷ് പസ്വാൻ എന്നിവരും മറ്റ് പ്രമുഖരും പങ്കെടുക്കും.

