കേന്ദ്രസർക്കാർ പാസ്പോർട്ട് സേവനങ്ങളുടെ ഫീസ് കുത്തനെ വർധിപ്പിച്ച നടപടി സാധാരണക്കാരെയും വിദ്യാർത്ഥികളെയും പ്രവാസികളെയും ഗുരുതരമായി ബാധിക്കുന്നതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തെയും തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഈ അന്യായമായ ഫീസ് വർധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണ 36 പേജുള്ള പാസ്പോർട്ടിന്റെ ഫീസ് ₹1,500ൽ നിന്ന് ₹2,500 ആയും, 60 പേജുള്ള പാസ്പോർട്ടിന്റെ ഫീസ് ₹2,000ൽ നിന്ന് ₹3,500 ആയും വർധിപ്പിച്ചത് ജനങ്ങൾക്ക് അധിക സാമ്പത്തികഭാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തത്കാൽ പാസ്പോർട്ടുകൾക്കും കുട്ടികളുടെ പാസ്പോർട്ടുകൾക്കും നഷ്ടപ്പെട്ട പാസ്പോർട്ടിന്റെ പുനഃസ്ഥാപനത്തിനും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുമെല്ലാം ഫീസ് ഗണ്യമായി വർധിപ്പിച്ചതോടെ വിദേശ തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനുമായി വിദേശത്തേക്ക് പോകുന്ന യുവാക്കളും പ്രവാസികളും ഏറ്റവും കൂടുതൽ ബാധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ സുലഭവും ചെലവുകുറഞ്ഞതുമാക്കേണ്ടതിന് പകരം കൂടുതൽ ചെലവേറിയതാക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാസ്പോർട്ട് ഒരു ആഡംബര രേഖയല്ല; തൊഴിൽ, വിദ്യാഭ്യാസം, ചികിത്സ, കുടുംബസംഗമം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സുപ്രധാന രേഖയാണ്. അതിനാൽ ഈ അന്യായമായ ഫീസ് വർധനവ് കേന്ദ്രസർക്കാർ ഉടൻ പിൻവലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ പാർലമെന്റിലും മറ്റ് ഉചിതമായ വേദികളിലും വിഷയം ശക്തമായി ഉന്നയിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു.

