വയനാട്: ആനക്കാംപൊയിൽ–കല്ലാടി–മേപ്പാടി ടണൽ പദ്ധതി പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ ദുഃഖം രേഖപ്പെടുത്തിയ കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ്, അതിശക്തമായ മൺസൂൺ മഴയുടെ പശ്ചാത്തലത്തിലാണ് ദുരന്തം സംഭവിച്ചതെന്ന് വ്യക്തമാക്കി. ദുരന്തത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും അനുശോചനവും കമ്പനി അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതാണ് നിലവിലെ പ്രധാന പരിഗണനയെന്ന് കമ്പനി അറിയിച്ചു. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ സേന, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവയുമായി സഹകരിച്ച് സ്ഥലത്തുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും കണ്ടെത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾക്ക് സഹായം നൽകിവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിന് മുമ്പ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്തതും അതിതീവ്രവുമായ മഴയ്ക്ക് ഇന്ത്യാ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കമ്പനി ചൂണ്ടിക്കാട്ടി. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്കുകൾ പ്രകാരം, സംഭവത്തിന് മുമ്പുള്ള 24 മണിക്കൂറിനിടെ വയനാട്ടിൽ ഏകദേശം 265 മില്ലിമീറ്റർ മഴ ലഭിച്ചതായും, ഇത് ഈ മൺസൂൺ സീസണിലെ ഏറ്റവും ഉയർന്ന മഴയളവുകളിൽ ഒന്നാണെന്നും കമ്പനി വ്യക്തമാക്കി. ജൂലൈ മാസത്തിലെ ഒരു സാധാരണ മഴദിവസത്തിൽ ലഭിക്കുന്നതിന്റെ ഒമ്പത് മുതൽ പത്ത് മടങ്ങ് വരെയാണ് ഈ മഴയെന്നും പ്രസ്താവനയിൽ പറയുന്നു.
പദ്ധതി എല്ലാ ബാധകമായ എഞ്ചിനീയറിംഗ്, സുരക്ഷാ, പരിസ്ഥിതി മാനദണ്ഡങ്ങളും നിയമാനുസൃത അനുമതികളും പാലിച്ചാണ് നടപ്പാക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമായതിനാൽ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ എംപവേഡ് കമ്മിറ്റി ഉൾപ്പെടെയുള്ള വിവിധ നിയന്ത്രണ സംവിധാനങ്ങളുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഖനനം ചെയ്ത് പുറത്തെടുക്കുന്ന മണ്ണും പാറകളും അംഗീകൃത രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും കമ്പനി വിശദീകരിച്ചു.
ഇത്തരം നിയന്ത്രണങ്ങളും പാലന നടപടികളും നിലവിലുണ്ടായതിനാൽ സാങ്കേതിക പിഴവുകൾക്ക് സാധ്യത വളരെ പരിമിതമാണെന്നാണ് കമ്പനിയുടെ നിലപാട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും സ്ഥിരീകരിച്ച വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുമെന്നും ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതബാധിതരുടെ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും തുടരുമെന്നും കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ പ്രസ്താവനയിൽ വ്യക്തമാക്കി


