വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം 15 ഇന്ത്യൻ വിനോദസഞ്ചാരികള്‍ ബോട്ട് ദുരന്തത്തിൽ മരണപ്പെട്ടു .കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് കരയിൽനിന്ന് ഏകദേശം 400 മീറ്റർ അകലെ വെച്ച് കീഴ്മേൽ മറിയുകയായിരുന്നു.
ബോട്ട് അപകടത്തിൽ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ ആവിയോട്ട് വീട്ടില്‍ എ. വി. തോമസ് (57), അദ്ദേഹത്തിന്റെ ഭാര്യ ലോവേനി തോമസ് (56) എന്നിവര്‍ മരണപ്പെട്ടു .കൊട്ടാരക്കരയിലെ വിക്ടറി ഗ്രൂപ്പ് ഉടമയായ എ.വി.തോമസും ഭാര്യയും 3 ദിവസം മുൻപാണ് വിയറ്റ്നാമിലേക്കു പോയത്. 32 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരുടെയും മരിച്ചവരുടേയും പട്ടിക വിയറ്റ്നാമിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. മരണപ്പെട്ട 15 പേരിൽ രണ്ട് പേർ കേരളത്തിൽനിന്നും മൂന്ന് പേർ ആന്ധ്രപ്രദേശിൽനിന്നും പത്ത് പേർ തമിഴ്നാട്ടിൽ നിന്നുമുള്ളവരാണ്.
വിയറ്റ്നാം ബോട്ട് ദുരന്തം: മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയോട് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു .
വിയറ്റ്നാമിൽ ഉണ്ടായ ബോട്ട് അപകടത്തിൽ മരണമടഞ്ഞ കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ആവിയോട്ട് ഹൗസ്, മാർക്കറ്റ് ജംഗ്ഷൻ, കൊട്ടാരക്കര, അദ്ദേഹത്തിന്റെ ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി വിയറ്റ്നാമിലെ ഇന്ത്യൻ അംബാസിഡറുമായി സംസാരിച്ചു.
അപകടത്തിൽ മരണമടഞ്ഞത് എ. സി. തോമസും ഭാര്യ ലോവേനി തോമസുമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട എം.പി, വിയറ്റ്നാം അധികൃതരുമായി ഏകോപനം നടത്തി നിയമപരവും ഭരണപരവുമായ നടപടികൾ വേഗത്തിലാക്കുകയും മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും അഭ്യർഥിച്ചു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസി സത്വര നടപടി സ്വീകരിക്കുമെന്ന് അംബാസിഡർ എം.പിയെ അറിയിച്ചു


