ഖത്തറിന്റെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തെ തുടർന്ന് തിങ്കളാഴ്ച ഇന്ത്യയിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കും. രാജ്യത്തുടനീളമുള്ള സർക്കാർ മന്ദിരങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും ഔദ്യോഗിക ആഘോഷ പരിപാടികൾ ഒഴിവാക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇന്ത്യയുടെ അനുശോചനം അറിയിക്കുന്നതിനായി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഖത്തറിലെത്തും. ഷെയ്ഖ് ഹമദ് ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഖത്തറിന്റെ മുൻ ഭരണാധികാരിയും ‘ഫാദർ അമീർ’ എന്നറിയപ്പെട്ടിരുന്ന ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും പാതയിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹമെന്നും ഇന്ത്യയുമായുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു എന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

സമൂഹമാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. 2024 ഫെബ്രുവരിയിൽ ഖത്തർ സന്ദർശിച്ചപ്പോൾ ഷെയ്ഖ് ഹമദിനെ നേരിൽ കണ്ടത് ഓർമ്മിപ്പിച്ച അദ്ദേഹം, ഇന്ത്യയുടെ യഥാർഥ സുഹൃത്തായിരുന്നു മുൻ അമീറെന്നും കുറിച്ചു. നിലവിലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിക്കും രാജകുടുംബത്തിനും ഖത്തറിലെ ജനങ്ങൾക്കും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.