സ്വകാര്യമേഖലയിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ വിക്ഷേപണവാഹനമായ വിക്രം-1- ഭ്രമണപഥത്തില്‍ എത്തി.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്ന വിക്രം, 16 മിനിറ്റിൽ 452 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണ പഥത്തിലെത്തി.ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്റോസ്പേസ് നിർമിച്ച ‘വിക്രം –1’ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ നിർമ്മിത വിക്ഷേപണ വാഹനമാണ്. ദൗത്യം വിജയിച്ചെന്നു ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ഇൻസ്പേസിന്റെ ചെയർമാൻ ഡോ. പവൻ കുമാർ ഗോയങ്ക അറിയിച്ചു.വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ വേദിയിൽ വച്ചു പവൻ കുമാർ ഗോയങ്കയുടെ ഫോണിൽ വിളിച്ചു സ്കൈറൂട്ട് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 8 മിനിറ്റോളം പ്രധാനമന്ത്രി സംസാരിച്ചു.വിക്ഷേപണത്തിനു സാക്ഷിയാകാൻ ഐഎസ്ആർഒ ചെയർമാൻ വി.നാരായണൻ, മുൻ ചെയർമാൻമാരായ ഡോ. എസ്.സോമനാഥ്, ഡോ. കെ.രാധാകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല എന്നിവർ സതീഷ് ധവാൻ സ്പേസ് സെന്ററിലെത്തിയിരുന്നു.
രാജ്യത്തിന്റെ ബഹിരാകാശയാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. വിക്രം-1-ന്റെ വിക്ഷേപണം ഇന്ത്യയുടെ ബഹിരാകാശസ്വപ്നങ്ങളിൽ പുതിയ അതിർത്തി തുറക്കുന്നതിനെ അടയാളപ്പെടുത്തുന്നുവെന്നും നൂതനാശയ ഉപജ്ഞാതാക്കൾ, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന കരുത്തിനെയാണ് ഇതു പ്രതിഫലിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.
ദ്രുതഗതിയിലുള്ളതും ആവശ്യാനുസരണമുള്ളതുമായ വിക്ഷേപണ സേവനങ്ങൾ നൽകുന്നതിനാണ് ഈ നാലുഘട്ട റോക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നമ്മുടെ യുവാക്കളുടെ പ്രതിഭ, ദൃഢനിശ്ചയം, സംരംഭകത്വ മനോഭാവം എന്നിവയെ ഈ ദൗത്യം എടുത്തുകാട്ടുന്നു. നമ്മുടെ ബഹിരാകാശമേഖലയിലെ പരിഷ്കാരങ്ങൾ നൂതനാശയ ഉപജ്ഞാതാക്കൾക്കും സംരംഭങ്ങൾക്കും എങ്ങനെ പുതിയ അവസരങ്ങൾ തുറന്നുനൽകുന്നുവെന്നും ഇതു വ്യക്തമാക്കുന്നു.

