തിരുവനന്തപുരം: 1995 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് (IPoS) ഉദ്യോഗസ്ഥനായ അമിതാഭ് സിംഗ്  കേരള സർക്കിൾ ചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറലായി ചുമതലയേറ്റു.

ഇതിന് മുമ്പ് മഹാരാഷ്ട്ര സർക്കിൾ ചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറലായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം തപാൽ വകുപ്പിൽ വിവിധ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. നാഗ്പുർ പോസ്റ്റൽ സർവീസസ് ഡയറക്ടർ, ഗാസിയാബാദിലെ റാഫി അഹമ്മദ് കിദ്വായ് നാഷണൽ പോസ്റ്റൽ അക്കാദമി ജോയിന്റ് ഡയറക്ടർ, ബാങ്കോക്കിലെ ഏഷ്യൻ പസഫിക് പോസ്റ്റൽ കോളേജ് ഫാക്കൽറ്റി, ന്യൂഡൽഹിയിലെ പോസ്റ്റൽ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ട്രെയിനിംഗ് ആൻഡ് വെൽഫെയർ), മഹാരാഷ്ട്ര സർക്കിളിൽ പോസ്റ്റ്‌മാസ്റ്റർ ജനറൽ (മെയിൽസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ്) എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

വിസാറ്റ് മണി ഓർഡർ സിസ്റ്റം, പോസ്റ്റൽ ലൈഫ് ഇൻഷുറൻസിന്റെ കമ്പ്യൂട്ടറൈസേഷൻ എന്നിവ ഉൾപ്പെടെയുള്ള തപാൽ വകുപ്പിന്റെ സാങ്കേതികവിദ്യാധിഷ്ഠിത പദ്ധതികൾ നടപ്പാക്കുന്നതിൽ അമിതാഭ് സിംഗ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ഭരണരംഗത്തെ വിപുലമായ അനുഭവസമ്പത്തും സാങ്കേതികവിദ്യാധിഷ്ഠിത പദ്ധതികളിലെ നേതൃത്വപാടവവും കേരള സർക്കിളിന്റെ ആധുനികവൽക്കരണ പ്രവർത്തനങ്ങൾക്കും പൊതുജനസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കരുത്തേകുമെന്നാണ് തപാൽ വകുപ്പ് പ്രതീക്ഷിക്കുന്നത്.