BUSINESS100NEWS.COM; സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ അക്കൗണ്ട്സ് വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ രീതിയിലുള്ള സാമ്പത്തിക സൈബർ തട്ടിപ്പ് വ്യാപിക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി.
സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കസ്റ്റമർമാരുടെയോ സപ്ലയർമാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകളിൽ നിന്നാണ് തട്ടിപ്പുകാർ “അക്കൗണ്ട് സ്റ്റേറ്റ്മെന്റ്” എന്ന പേരിൽ .vbs പോലുള്ള സ്ക്രിപ്റ്റ് ഫയലുകൾ അയയ്ക്കുന്നത്. ഇത്തരം ഫയലുകൾ തുറക്കുന്നതോടെ കമ്പ്യൂട്ടറുകളിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ബ്രൗസറുകളിൽ സൂക്ഷിച്ചിരിക്കുന്ന പാസ്‌വേഡുകളും മറ്റ് രഹസ്യ വിവരങ്ങളും ചോർത്തപ്പെടുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
മാൽവെയറിന്റെ സഹായത്തോടെ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്ത് അവരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് കീഴ്ജീവനക്കാരോട് അടിയന്തരമായി പണം കൈമാറാൻ ആവശ്യപ്പെടുന്നതും തട്ടിപ്പിന്റെ ഭാഗമാണ്. ഇതുവഴി സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇതിനൊപ്പം, സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകളെക്കുറിച്ചും പോലീസ് ജാഗ്രതാ നിർദേശം നൽകി. “100% പ്രോഫിറ്റ്”, “ഗ്യാരണ്ടീഡ് റിട്ടേൺസ്”, “പ്രീമിയം IPO അലോട്ട്മെന്റ്” തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ആളുകളെ ആകർഷിച്ച് വ്യാജ ട്രേഡിംഗ് ആപ്പുകൾ വഴി നിക്ഷേപം നടത്തിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.
വാട്‌സ്ആപ്പിൽ ലഭിക്കുന്ന സംശയാസ്പദമായ ഫയലുകൾ തുറക്കുന്നതിന് മുമ്പ് അയച്ച വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ടു സ്ഥിരീകരിക്കണമെന്നും, വാട്‌സ്ആപ്പ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്നും കേരള പോലീസ് നിർദേശിച്ചു.
സാമ്പത്തിക സൈബർ തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ 1930-ൽ ബന്ധപ്പെടുകയോ പരാതി നൽകുകയോ ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.

