സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും (DTPC) പ്രത്യേക ജാഗ്രതാ നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) നൽകി.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുമുള്ള വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ തുടരണമെന്ന് നിർദേശിച്ചു.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര വിനോദസഞ്ചാര മേഖലകളിലും മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അപകടസാധ്യതയുള്ള റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ നടപ്പാക്കുകയും വേണം.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയ വിനോദസഞ്ചാരികൾക്ക് മഴ മുന്നറിയിപ്പും സുരക്ഷാ നിർദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, അപകടത്തിൽപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ബന്ധപ്പെടേണ്ട അടിയന്തര ഫോൺ നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജമാക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാപകമായി അറിയിക്കണമെന്നും, നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ്, ദുരന്തനിവാരണ, അഗ്നിശമന-രക്ഷാസേന എന്നിവയുടെ കൺട്രോൾ റൂമുകളുമായും പങ്കുവയ്ക്കണമെന്നും നിർദേശത്തിൽ അറിയിച്ചു.
തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ തുടരും
കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരളത്തിലെ എല്ലാ തുറമുഖങ്ങളിലും ലോക്കൽ കാഷനറി സിഗ്നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ) തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ കർണാടകയുടെ ഉൾപ്രദേശം മുതൽ തെക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾ, കേരളം, തമിഴ്നാട് എന്നിവിടങ്ങൾ വഴി കോമറിൻ മേഖലയിലേക്ക് സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതാണ് നിലവിലെ കാലാവസ്ഥാ സാഹചര്യം. ഇതിന്റെ സ്വാധീനത്താൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ അറിയിച്ചു.
കാസർഗോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, കൊല്ലം (നീപോർട്ട്), തിരുവനന്തപുരം എന്നീ കേരളത്തിലെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളും ചെറുവള്ളങ്ങളും ബോട്ടുകളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

