BUSINESS100NEWS.COM; കേരളത്തിൽ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ടെന്ന് കാനറാ ബാങ്ക് ജനറൽ മാനേജറും, സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനറുമായസന്തോഷ്‌ വി എസ്.

പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം കാനറ ബാങ്കിൽ നടന്ന പ്രതിമാസ ഇന്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി (ഐഎംപിസിസി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ കോളേജുകൾ കേന്ദ്രീകരിച്ച് വ്യാപക ബോധവത്കരണ ക്യാമ്പയ്ൻ എസ്എൽബിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്ക് വിവരങ്ങൾ, എ.ടി.എം പിൻ, ഒ.ടി.പി എന്നിവ ആരുമായും പങ്കുവെക്കരുതെന്നും വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചു. എസ്എൽബിസിയുടെ പ്രവർത്തനങ്ങളും സന്തോഷ്‌ വി എസ് വിശദീകരിച്ചു.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ECLGS) 5.0 നെ കുറിച്ചുള്ള ബോധവത്കരണ പരിപാടികളും എസ്എൽബിസിയുടെ ആഭിമുഖ്യത്തിൽ നടത്തി‌തായി സന്തോഷ് പറഞ്ഞു. കേരളത്തിലെ എംഎസ്എംഇ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, കാനറ ബാങ്ക്, നബാർഡ്, സിഡ്ബി, അംഗ ബാങ്കുകൾ എന്നിവയുമായി ഏകോപിപ്പിച്ച് എസ്എൽബിസി കേരള, കണ്ണൂരിലും കാസർകോട്ടും നാഷണൽ മിഷൻ ഫോർ കപ്പാസിറ്റി ബിൽഡിംഗ് ഓഫ് ബാങ്കേഴ്‌സ് യോ​ഗങ്ങളും സംഘടിപ്പിച്ചതാ‌യി അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി യോ​ഗത്തിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെൻ്റിൻ്റെ വിവിധ സ്ഥാപന മേധാവികൾ യോ​ഗത്തിൽ സംബന്ധിച്ചു.