BUSINESS100NEWS.COM; അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍, ഔദ്യോഗിക അറിയിപ്പുകള് എന്നിവയുടെ രൂപത്തില്‍ പ്രചരിപ്പിക്കുന്ന വ്യാജ ഫയലുകൾ ഉപയോഗിച്ച് വ്യവസായ പ്രമുഖരുടെയും ധനകാര്യ വിദഗ്ധരുടെയും വാട്സ്ആപ്പ് അക്കൗണ്ടുകൾ പിടിച്ചെടുക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) മുന്നറിയിപ്പ്. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (NCRP) ഇത് സംബന്ധിച്ച പരാതികൾ കുത്തനെ ഉയർന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒരേ രീതിയിലുള്ള തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “വ്യാജ വിൻഡോസ് എക്സിക്യൂട്ടബിള്‍ ഫയലുകളുപയോഗിച്ച് വാട്സ്ആപ്പ് അക്കൗണ്ട് പിടിച്ചെടുക്കാനും വൻതുക തട്ടിയെടുക്കാനും ഉദ്യോഗസ്ഥരുടെയും ഏജൻസികളുടെയും പേരിൽ നടത്തുന്ന തട്ടിപ്പ്” എന്ന തലക്കെട്ടിൽ 2026 ജൂൺ 22-ന് പുറപ്പെടുവിച്ച ഉപദേശക കുറിപ്പിലൂടെ I4C ഈ ഭീഷണിയെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ ഇരകൾക്ക് വാട്സ്ആപ്പ്, SMS അല്ലെങ്കിൽ ഇ-മെയിൽ വഴി “Statement of Account.zip” (പലപ്പോഴും തിയതി ചേർത്ത്, ഉദാഹരണത്തിന് “0714 Statement of Account.zip”) എന്ന പേരിലോ അല്ലെങ്കില്‍ “RBI.zip”, “MCA.zip” എന്നീ പേരുകളിലോ കംപ്രസ് ചെയ്ത (.zip) ഫയലുകൾ ലഭിക്കുന്നു. സാധാരണ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പോലെയോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI), കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA) തുടങ്ങിയ നിയന്ത്രണ ഏജൻസികളുടെ അടിയന്തര നോട്ടീസ് പോലെയോ തോന്നിപ്പിക്കുന്ന സന്ദേശങ്ങളോടെയാണ് ഇവ അയക്കുന്നത്. ചുരുങ്ങിയ സമയത്തിനകം നിർദേശങ്ങൾ പാലിക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു. ഈ ഫയലിൽ അപകടകരമായ വിൻഡോസ് എക്സിക്യൂട്ടബിൾ (.exe) ഫയലും ഒരു ഡൈനാമിക് ലിങ്ക് ലൈബ്രറി (.dll) ഫയലും അടങ്ങിയിട്ടുണ്ട്. വിൻഡോസ് കംപ്യൂട്ടറിലോ ലാപ്ടോപ്പിലോ ഈ ഫയൽ തുറക്കുമ്പോൾ ഒരു ട്രോജൻ മാല്‍വെയർ കംപ്യൂട്ടറില്‍ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും കംപ്യൂട്ടർ ഹാക്ക് ചെയ്ത് ഇരയുടെ വാട്ട്സ്ആപ്പ് വെബ് തട്ടിയെടുക്കുകയും ചെയ്യുന്നു. പല കേസുകളിലും ആദായനികുതി വകുപ്പിന്റെ പേര് വ്യാജമായി ഉപയോഗിച്ച് ഇ-മെയിലുകളും അയക്കുന്നുണ്ട്.
ഹാക്ക് ചെയ്ത വാട്ട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ച് ഇരയുടെ ഫോണില്‍ സേവ് ചെയ്ത നമ്പരുകളിലേക്കും ഗ്രൂപ്പുകളിലേക്കും അതേ വ്യാജ ഫയൽ ഓട്ടോമാറ്റിക്കായി അയക്കപ്പെടുന്നു. പരിശോധനയ്ക്കായി ഈ ഫയൽ കമ്പനിയുടെ ഫിനാൻസ് മാനേജർക്ക് അയക്കാനും കംപ്യൂട്ടര്‍ തുറക്കാനും ആവശ്യപ്പെടുന്നതോടെ ഈ മാല്‍വെയർ കോർപ്പറേറ്റ് നെറ്റ്വർക്കുകളിലേക്ക് കൂടുതൽ വ്യാപിക്കുന്നു. തട്ടിപ്പിന്റെ അവസാന ഘട്ടത്തിനെയാണ് സാധാരണ ‘ബോസ് സ്കാം’ അല്ലെങ്കിൽ ‘സി.ഇ.ഒ ആള്‍മാറാട്ട തട്ടിപ്പ്’ എന്ന് വിളിക്കുന്നത്. ഈ ഘട്ടത്തില്‍ ഇരയാക്കപ്പെട്ട കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ചോ ഹാക്ക് ചെയ്ത ഫോണിൽ സി.ഇ.ഒയുടെ പേരിൽ വ്യാജ നമ്പർ സേവ് ചെയ്തോ ബാങ്ക് അക്കൗണ്ടുകളിലേക്ക് അടിയന്തരമായി പണം അയക്കാൻ അക്കൗണ്ട്സ്-ഫിനാൻസ് ജീവനക്കാർക്ക് സന്ദേശമയക്കുന്നു.
I4C-യുടെ ദേശീയ സൈബർ കുറ്റകൃത്യ ഭീഷണി അപഗ്രഥന വിഭാഗം (NCTAU) നടത്തിയ സാങ്കേതിക പരിശോധനയിൽ അതിർത്തികൾ കടന്ന് പ്രവർത്തിക്കുന്ന സംഘങ്ങളാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡി.എൽ.എൽ സൈഡ്ലോഡിങ് രീതി ഉപയോഗിച്ച് ആന്റിവൈറസുകളുടെ കണ്ണുവെട്ടിക്കാനും പടരാനും ശേഷിയുള്ള അത്യാധുനിക മാല്‍വെയറുകളാണ് ഇവർ ഉപയോഗിക്കുന്നത്. ബന്ധപ്പെട്ട ക്രമസമാധാന പാലന ഏജൻസികളുമായും സാങ്കേതിക ഏജൻസികളുമായും സഹകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
വിൻഡോസ് കംപ്യട്ടറുകളിൽ മാത്രം പ്രവർത്തിക്കുന്ന മാല്‍വെയർ ആയതിനാലും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളുടെയും നിയന്ത്രണ അറിയിപ്പുകളുടെയും രൂപത്തിൽ വരുന്നതിനാലും ചാർട്ടേഡ് അക്കൗണ്ടന്റുമാർ, കമ്പനി ഡയറക്ടർമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ, കമ്പനികളിലെ ഫിനാൻസ്-അക്കൗണ്ട്സ് ജീവനക്കാർ എന്നിവർക്കാണ് തട്ടിപ്പിൽ വലിയ അപകടസാധ്യതയുള്ളത്. വാട്ട്സ്ആപ്പ് വഴിയോ ഇ-മെയിൽ വഴിയോ പണം അയക്കാനോ അക്കൗണ്ട് വിവരങ്ങൾ മാറ്റാനോ അടിയന്തര നിർദ്ദേശങ്ങൾ ലഭിച്ചാൽ നടപടി സ്വീകരിക്കുന്നതിന് മുൻപ് ഫോൺ ചെയ്തോ നേരിട്ടോ ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്താൻ എല്ലാ കോർപ്പറേറ്റ് സ്ഥാപനങ്ങളും ഫിനാൻസ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് ഉടനടി മുന്നറിയിപ്പ് നൽകണമെന്ന് നിർദേശിക്കുന്നു.
ഈ ഭീഷണിയെ ചെറുക്കാന്‍ I4C ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്:
(i) ഇരകളെ ഉടനടി വിവരമറിയിക്കൽ: പരാതി വിശകലനം ചെയ്തും സാങ്കേതിക വിവര ശേഖരണം നടത്തിയും കണ്ടെത്തിയ ഇരകളെയും അപകടസാധ്യതയുള്ളവരെയും I4C നേരിട്ട് ബന്ധപ്പെട്ട് വിവരമറിയിക്കുന്നു. ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍നിന്ന് ലോഗ്ഔട്ട് ചെയ്യാനും അക്കൗണ്ടുകൾ സുരക്ഷിതമാക്കാനും ഇതുവഴി സാധിക്കുന്നു.
(ii) ഭീഷണി സന്ദേശങ്ങൾ പങ്കിടൽ: മാല്‍വെയറിന്റെ സാങ്കേതിക സൂചനകളും ഭീഷണി സന്ദേശങ്ങളും ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In), മൈക്രോസോഫ്റ്റ് ഡിഫെൻഡർ, പ്രമുഖ ഇന്ത്യൻ ആന്റി-വൈറസ് കമ്പനികളായ ക്വിക് ഹീൽ, K7 കംപ്യൂട്ടിങ് , നെറ്റ് പ്രൊട്ടക്ടർ എന്നിവയുമായി പങ്കുവെച്ചിട്ടുണ്ട്. വ്യാജ ഫയലുകൾ കൃത്യമായി കണ്ടെത്താനും തടയാനും നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കും.
(iii) സുരക്ഷിത പൗരന്മാര്: സംയോജിത ഇടപെടലുകളിലൂടെ 10,000-ത്തിലേറെ ഇന്ത്യക്കാരെയാണ് തട്ടിപ്പിൽ നിന്ന് ഇതുവരെ സംരക്ഷിക്കാനായത്. ‘സഹയോഗ് പോർട്ടൽ’ വഴി ഇത്തരം മാല്‍വെയറുകൾ നിരന്തരമായി ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുന്നു.
(iv) ‘I4CMHA-G’ എന്ന SMS ഹെഡര്‍ വഴി മുന്നറിയിപ്പ്: ‘I4CMHA-G’ എന്ന SMS ഹെഡർ ഉപയോഗിച്ച് തട്ടിപ്പിനരയാക്കപ്പെട്ട പൗരന്മാർക്ക് I4C മുന്നറിയിപ്പുകൾ അയക്കുന്നുണ്ട്. കഴിഞ്ഞ 30 ദിവസത്തിനിടെ 58,000-ത്തിലധികം പേര്‍ക്കാണ് ഈ ഹെഡർ വഴി മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചത്. ‘I4CMHA-G’ എന്ന ഹെഡറിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും നൽകിയിരിക്കുന്ന നിർദേശങ്ങൾ ഉടനടി പാലിക്കണമെന്നും പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
പൊതുജനങ്ങളും സ്ഥാപനങ്ങളും താഴെ നല്‍കിയിരിക്കുന്ന മുൻകരുതലുകൾ പാലിക്കാനും നിർദേശിക്കുന്നു:
അജ്ഞാതമോ സംശയാസ്പദമോ ആയ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന .zip ഫയലുകളോ എക്സിക്യൂട്ടബിൾ ഫയലുകളോ ഡൗൺലോഡ് ചെയ്യുകയോ തുറക്കുകയോ ചെയ്യരുത്. റിസർവ് ബാങ്ക് പോലുള്ള ഏജൻസികൾ ഒരിക്കലും
വാട്സ്ആപ്പ് വഴി സോഫ്റ്റ്വെയർ അപ്ഡേറ്റുകളോ അക്കൗണ്ട് വിവരങ്ങളോ അയക്കാറില്ല.
വാട്സ്ആപ്പ് അപ്ലിക്കേഷനിലെ ‘ലിങ്ക്ഡ് ഡിവൈസുകൾ’ (സെറ്റിങ്സ് > ലിങ്ക്ഡ് ഡിവൈസുകള്‍) ക്രമമായി പരിശോധിച്ച് നിലവിൽ ഉപയോഗിക്കാത്ത വാട്സ്ആപ്പ് വെബ് സെഷനുകളിൽ നിന്ന് ലോഗ്ഔട്ട് ചെയ്യുക.
യൂസർ പ്രൊഫൈൽ ഡയറക്ടറികളിൽ നിന്ന് അറിയപ്പെടാത്ത .exe, .dll ഫയലുകൾ പ്രവർത്തിക്കുന്നത് തടയാൻ സിസ്റ്റം അഡ്മിനിസ്ട്രേറ്റർമാർ സോഫ്റ്റ്വെയർ നിയന്ത്രണ നയങ്ങൾ നടപ്പാക്കണം. വിൻഡോസ് കംപ്യൂട്ടറുകളില്‍ അപ്ഡേറ്റ് ചെയ്ത ആന്റി-വൈറസ് ഉറപ്പാക്കുകയും വേണം.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി എല്ലാ ലിങ്ക് ചെയ്ത ഡിവൈസുകളിൽ നിന്നും ലോഗ്ഔട്ട് ചെയ്യുക. പ്രസ്തുത അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ഫയലുകൾ തുറക്കരുതെന്ന് കോൺടാക്ട് പട്ടികയില്‍ പേര് നല്‍കിയവര്‍ക്ക് മുന്നറിയിപ്പ് നൽകുകയും കംപ്യൂട്ടർ ആന്റി-വൈറസ് ഉപയോഗിച്ച് സ്കാൻ ചെയ്യുകയും വേണം.
ഇത്തരം സൈബർ തട്ടിപ്പുകളും സംശയാസ്പദ സന്ദേശങ്ങളും കണ്ടാൽ നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലോ ഉടനടി പരാതിപ്പെടാം. വിശദമായ നിർദേശങ്ങൾ പോർട്ടലിൽ ലഭ്യമാണ്.

