കേരള ക്രിക്കറ്റ് ലീഗ് വാര്‍ത്തകള്‍
ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്ട്ര നിലവാരത്തിൽ
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ വിധിനിർണ്ണയവും തത്സമയ സംപ്രേഷണവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിനായി ഈ സീസൺ മുതൽ അത്യാധുനിക ‘ഹോക് ഐ’ ബോൾ ട്രാക്കിങ് സംവിധാനവും ഡിആർഎസും ഏർപ്പെടുത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ കരാറൊപ്പിട്ടു. ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഉപയോഗിക്കുന്ന നവീന സാങ്കേതികവിദ്യയാണ് ഇത്തവണ കെസിഎല്ലിലും എത്തുന്നത്.
കഴിഞ്ഞ സീസണിൽ പ്രാദേശിക ലീഗ് തലത്തിലുള്ള ബോൾ ട്രാക്കിങ് സംവിധാനമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ, ഇത്തവണ കൂടുതൽ കൃത്യത ഉറപ്പാക്കാൻ ഹൈ-ടെക് സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഹോക് ഐ സംവിധാനം ഏർപ്പെടുത്തിയത്. ഇതിനായി തത്സമയ സംപ്രേഷണ ക്യാമറകൾക്ക് പുറമേ 6 മുതൽ 10 വരെ പ്രത്യേക ക്യാമറകൾ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. ഇതിലൂടെ ബോൾ ട്രാക്കിങ്, അൾട്രാ എഡ്ജ് സാങ്കേതികവിദ്യ, കൃത്യമായ എൽബിഡബ്ല്യു-റൺഔട്ട് റീപ്ലേകൾ എന്നിവ സാധ്യമാകും.
പുതിയ സംവിധാനം എത്തുന്നതോടെ വേഗമേറിയതും കൃത്യതയാർന്നതുമായ വിധിനിർണ്ണയം സാധ്യമാകും. ഹോക് ഐ ടെക്നോളജിയോടൊപ്പം തത്സമയ സംപ്രേഷണം കൂടുതൽ ആവേശകരമാക്കാൻ വിപുലമായ ‘ബ്രോഡ്കാസ്റ്റ് എൻഹാൻസ്മെന്റ് ടൂളുകളും’ ലഭ്യമാക്കും. ഇത് പ്രേക്ഷകർക്ക് മുൻപെങ്ങുമില്ലാത്തവിധം മികച്ച കാഴ്ചാനുഭവം ലഭ്യമാക്കും. പന്തിന്റെ ഗതിയും ബാറ്റർമാരുടെ ചലനങ്ങളും വ്യക്തമായി വിശകലനം ചെയ്യുന്ന സ്പോട്ട് റീപ്ലേകൾ, കളിക്കാർ കൂടുതൽ സ്കോർ ചെയ്യുന്ന മേഖലകൾ, സിക്സറുകളുടെ ദൂരം തുടങ്ങിയവയും ഇതിലൂടെ സംപ്രേഷണത്തിൽ ഉൾപ്പെടുത്താൻ കഴിയും. ലോകമെമ്പാടുമുള്ള ട്വന്റി-20 ഫ്രാഞ്ചൈസി ലീഗുകളിൽ പരീക്ഷിച്ച് വിജയിച്ച ഈ സംവിധാനങ്ങൾ കെസിഎല്ലിന്റെ ദൃശ്യാനുഭവം മാറ്റിമറിക്കും.ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്കും വൈകിട്ട് 6.45നുമാണ് മത്സരങ്ങൾ നടക്കുന്നത്.സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെയും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.
കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ
തിരുവനന്തപുരം: മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഇരട്ടിമധുരം നൽകാൻ കെസിഎൽ ഫാൻ വില്ലേജ് ഒരുങ്ങുന്നു.ആഗസ്റ്റ് 20 മുതൽ കാര്യവട്ടം ദി സ്പോർട്സ് ഹബ്ബ് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ 5-ാം ഗേറ്റിന് സമീപമാണ് ഫാൻ വില്ലേജ് പ്രവർത്തിക്കുക. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ഓണക്കാലത്ത് കളി കാണാനെത്തുന്നവർക്ക് മത്സരത്തിന്റെ ആവേശത്തോടൊപ്പം കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് ഇതിലൂടെ കെസിഎ സമ്മാനിക്കുന്നത്.
ഉത്സവപ്പറമ്പുകളെ അനുസ്മരിപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം ആധുനിക വിനോദോപാധികളും ചേരുന്നതാണ് ഫാൻ വില്ലേജ്. കൂട്ടുകാർക്കൊപ്പം സ്ലോ-മോഷൻ സിനിമാറ്റിക് വിഡിയോകൾ പകർത്താൻ കഴിയുന്ന 360 ഡിഗ്രി ഫോട്ടോബൂത്തും, ഡിജിറ്റൽ കാരിക്കേച്ചർ കൗണ്ടറുകളും കാണികൾക്ക് പുതിയ കാലത്തിന്റെ ആഘോഷാനുഭവമേകും. ഗൃഹാതുരത്വം ഉണർത്തുന്ന ആംഗ്രി ബേർഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗൺ, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാർണിവൽ ഗെയിമുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാം. ഇതിനുപുറമെ, ക്രിക്കറ്റ് താരങ്ങളെപ്പോലെ മെയ്‌വഴക്കവും വേഗതയും പരീക്ഷിക്കുന്ന ‘ബാറ്റൺ ക്യാച്ചർ’, ഭീമൻ ‘കണക്റ്റ്-4’ എന്നീ ഗെയിമുകളും സന്ദർശകർക്ക് ആസ്വദിക്കാനാകും. ഔദ്യോഗിക ടീം മെർച്ചൻഡൈസ് സ്റ്റാളുകളും വൈവിധ്യമാർന്ന വിഭവങ്ങളുമായി വിപുലമായ ഭക്ഷണശാലകളും വർണ്ണാഭമായ വൈദ്യുതദീപാലങ്കാരങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഓണക്കാലത്ത് അരങ്ങേറുന്ന കെസിഎൽ മൂന്നാം സീസൺ കുടുംബങ്ങൾക്കും കുട്ടികൾക്കും ഒന്നാകെ ആസ്വദിക്കാനുള്ള വലിയൊരു കായിക ഉത്സവമാണെന്ന് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി സ്റ്റേഡിയത്തിലേക്ക് എത്തുന്നവർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കാനാണ് ഫാൻ വില്ലേജിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കളികാണാൻ എത്തുന്ന കായിക പ്രേമികൾക്ക് പൂർണ്ണ തോതിലുള്ള കാർണിവൽ അന്തരീക്ഷം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച വേദിയായിരിക്കും ഫാൻ വില്ലേജെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ അഭിപ്രായപ്പെട്ടു. ക്രിക്കറ്റിന്റെ ആവേശവും ഓണത്തിന്റെ ആഘോഷവും ഒരുപോലെ സമന്വയിപ്പിച്ച് കൂടുതൽ ആളുകളെ ഗ്യാലറികളിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ദിവസവും വേറിട്ട വിനോദ പരിപാടികളാണ് ഫാൻ വില്ലേജിൽ ഒരുക്കിയിരിക്കുന്നതെന്നും, മികച്ച നിലവാരത്തിലുള്ള ഈ അനുഭവങ്ങൾ ഓണക്കാലത്തെ ക്രിക്കറ്റ് കാർണിവലിന് കൂടുതൽ മിഴിവേകുമെന്നും കെസിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മിനു ചിദംബരം പറഞ്ഞു.
ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം ശ്രദ്ധേയമാകുന്നു. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പ്രൊമോ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 1.2 മില്യൺ വ്യൂസ് നേടിയ വീഡിയോയ്ക്ക് അരലക്ഷത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്.
സിനിമാ ചിത്രീകരണത്തിന് ശേഷം കാറിൽ കയറുന്ന ലാലേട്ടൻ, വാഹനം ഓടിക്കുന്നത് സഞ്ജുവാണെന്ന് തിരിച്ചറിയാതെ സംസാരിക്കുന്നതാണ് പരസ്യചിത്രത്തിന്റെ പ്രമേയം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് പോകാൻ ആവശ്യപ്പെടുന്ന താരത്തോട് ‘ചേട്ടന് ക്രിക്കറ്റ് കളിക്കാനറിയുമോ?’ എന്ന് സഞ്ജു ചോദിക്കുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ തന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള ഓർമകളിൽ ലാൽ നൽകുന്ന മറുപടിയും, സഞ്ജുവിനെ താനാണ് രാജസ്ഥാനിൽ നിന്ന് ചെന്നൈ ടീമിലേക്ക് കൊണ്ടുവന്നതെന്ന് പറയുന്നതും പരസ്യ ചിത്രത്തിലെ ശ്രദ്ധേയഭാഗമാണ്. ഒടുവിൽ ഡ്രൈവിംഗ് സീറ്റിലുള്ളത് സാക്ഷാൽ സഞ്ജുവാണെന്ന് തിരിച്ചറിയുമ്പോൾ മോഹൻലാൽ അമ്പരക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
ഗ്രൗണ്ടിലെ മികവിനൊപ്പം ക്യാമറയ്ക്ക് മുന്നിലും സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലി ഗംഭീരമാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ മികച്ച കോമഡി ടൈമിംഗും കൂടിയായപ്പോൾ പരസ്യചിത്രം സിനിമാ-ക്രിക്കറ്റ് ആരാധകർ ഇരുകൈയും നീട്ടി ഏറ്റെടുത്തു. കുറച്ചുദിവസങ്ങൾക്ക് മുൻപ് മോഹൻലാലിനൊപ്പമുള്ള ചിത്രം സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെസിഎല്ലിന് തുടക്കം കുറിച്ചുകൊണ്ട് ആരാധകർക്ക് ആവേശം നൽകി കേരള ക്രിക്കറ്റ് ആസോസിയേഷൻ വീഡിയോ പുറത്തുവിട്ടത്.

