BUSINESS100NEWS.COM/ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് വിജയം. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റൻസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസ് 19 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അർദ്ധ സെഞ്ച്വറി നേടിയ നിഖിൽ തോട്ടതാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തിൽ നിഖിൽ തോട്ടത്ത് ക്യാച്ചെടുത്താണ് വരുൺ മടങ്ങിയത്. രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും കെ. എസ്. അരവിന്ദും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടർന്നുള്ള ഓവറുകളിൽ ഇരുവരെയും പുറത്താക്കി ബിജു നാരായണൻ കാലിക്കറ്റിന്റെ കുതിപ്പിന് തടയിട്ടു. രോഹൻ കുന്നുമ്മൽ 30-ഉം അരവിന്ദ് 26-ഉം റൺസെടുത്തു. തുടർന്നെത്തിയ അഖിൽ സ്കറിയയും (9), അശ്വിൻ ആനന്ദും (2) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സൽമാൻ നിസാർ രണ്ട് ബൗണ്ടറികളുമായി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 13 റൺസെടുത്ത് പുറത്തായി. ഏഴാമനായെത്തിയ കൃഷ്ണദേവന്റെ ഇന്നിങ്സാണ് കാലിക്കറ്റിന്റെ സ്കോർ 137-ൽ എത്തിച്ചത്. 15 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കമാണ് കൃഷ്ണദേവൻ 27 റൺസെടുത്തത്. അബ്ദുൾ ബാസിത് 18 റൺസെടുത്തു. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസിന് ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായി. കെ. ആർ. രോഹിതിനെയും (3), അഹ്മദ് ഇമ്രാനെയും (10) അഖിൻ സത്താറാണ് പുറത്താക്കിയത്. എന്നാൽ മധ്യനിരയിൽ ഒത്തുചേർന്ന ഷോൺ റോജറുടെയും നിഖിൽ തോട്ടത്തിലിന്റെയും ഇന്നിങ്സുകൾ തൃശൂരിന് കരുത്തായി. ഇരുവരും ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്തു. ഷോൺ റോജർ 30 റൺസെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ചുനിന്ന നിഖിൽ മികച്ചൊരു ഇന്നിങ്സുമായി ടീമിനെ വിജയത്തിലെത്തിച്ചു. 48 പന്തുകളിൽ 59 റൺസുമായി നിഖിൽ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ എം. എസ്. അഖിൽ 27 റൺസുമായി നിഖിലിന് പിന്തുണയേകി. 16.5 ഓവറിൽ തൃശൂ‍ർ ലക്ഷ്യത്തിലെത്തി.

 

 

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

തിരുവനന്തപുരം: കെസിഎൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തം പേരിലാക്കി മലപ്പുറം സ്വദേശിയും തൃശൂർ ടൈറ്റൻസ് താരവുമായ നിഖിൽ തോട്ടത്ത്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരായ ആദ്യ മത്സരത്തിലാണ് നിഖിൽ പുറത്താകാതെ അർദ്ധ സെഞ്ച്വറി നേടിയത്. നാലാമനായി ക്രീസിലെത്തിയ നിഖിൽ, കാലിക്കറ്റ് ബൗളർമാരെ അനായാസം നേരിട്ടാണ് തൃശൂരിന്റെ സ്കോർ ഉയർത്തിയത്. നിഖിൽ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്.

മധ്യനിരയിൽ ബാറ്റേന്തിയ നിഖിൽ 48 പന്തിൽ നിന്നാണ് 59 റൺസ് അടിച്ചുകൂട്ടിയത്. മൂന്ന് സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. കാലിക്കറ്റിന്റെ ബൗളർമാർക്കെതിരെ പതറാതെ നിന്ന നിഖിൽ, കിട്ടിയ അവസരങ്ങളിലെല്ലാം പന്ത് അതിർത്തി കടത്തി മികച്ച സ്ട്രൈക്ക് റേറ്റോടെ സ്കോർബോർഡ് ചലിപ്പിച്ചു. നിഖിലിന് പിന്തുണയായി ക്യാപ്റ്റൻ എംഎസ് അഖിൽ 27 റൺസുമായി ക്രീസിൽ നിലയുറപ്പിച്ചപ്പോൾ തൃശൂർ ടൈറ്റൻസ് 16.5 ഓവറിൽ വിജയം കണ്ടു.

യുവതാരങ്ങളെ അണിനിരത്തിയിരിക്കുന്ന തൃശൂർ ടീമിൽ ഒരു മാച്ച് വിന്നറുടെ റോളാണ് നിഖിലിനുള്ളത്. മധ്യനിരയിൽ അതിവേഗം സ്കോർ ഉയർത്താൻ കെൽപ്പുള്ള താരം കഴിഞ്ഞ തവണ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഭാഗമായിരുന്നു. സെമിയിൽ അർദ്ധസെഞ്ച്വറിയുമായി കൊച്ചിക്ക് വിജയമൊരുക്കിയതിൽ നിർണ്ണായകമായത് നിഖിലിൻ്റെ ഇന്നിങ്സായിരുന്നു. ഈ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ മികച്ച ഫോം കണ്ടെത്താനായത് വരും മത്സരങ്ങളിലും തൃശൂർ ടൈറ്റൻസിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.