നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് കുടുംങ്ങിയ 53 കേരളീയരെ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ വിവിധ തലങ്ങളിൽ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ലൈനുകള്‍ എന്നിവിടങ്ങളില്‍ ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് 53 കേരളീയരെ തിരിച്ചറിഞ്ഞത്. ഇതിൽ മുതിർന്നവരും കുട്ടികളും കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ഇവരിൽ ചിലർ കുടുംബത്തോടൊപ്പവും ചിലർ വിവിധ സംഘങ്ങളായും അവധിക്കാല യാത്ര, തീർത്ഥാടനം, ട്രക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്കായും നേപ്പാളിൽ എത്തിയവരാണെന്നാണ് ലഭിച്ച വിവരങ്ങൾ. കണ്ടെത്താനുളളവരുടെ വിവരങ്ങള്‍ അതാത് തദ്ദേശസ്ഥാപനങ്ങള്‍ക്കു കൈമാറി വിവരശേഖരണം കാര്യക്ഷമമാക്കാന്‍ വൈകിട്ട് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ബന്ധുക്കളുമായി ഇടവേളകളിൽ നിരന്തരം ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ ശേഖരിക്കുകയും ഹെൽപ്പ് ഡെസ്കിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും ഇത് സഹായകരമാകും. വിദേശകാര്യ മന്ത്രാലയത്തിന്റെയോ സംസ്ഥാനത്തിന്റെയോ ഹെല്‍പ്പ് ലൈനുകളില്‍ ഇവരെ സംബന്ധിച്ചുളള വിവരങ്ങള്‍ ലഭ്യമാകുന്ന അവസരത്തില്‍ തന്നെ പരസ്പരം കൈമാറാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ട തരത്തില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി 33 പേരുടെ പട്ടിക സംസ്ഥാനം നല്‍കിയിട്ടുണ്ട്. ആവശ്യം വേണ്ട രേഖകള്‍ കൂടി ലഭ്യമാകുന്ന മുറയ്ക്ക് മറ്റുളളവരുടെ വിവരങ്ങളും വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയുടെ ഓഫീസ് പ്രധാന ഏകോപന കേന്ദ്രമായി പ്രവർത്തിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നുണ്ട്. നോർക്ക റൂട്ട്സിന്റെ ഡൽഹി എന്‍.ആര്‍.കെ ഡലവപ്മെന്റ് ഓഫീസും കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുവരുന്നു. അതേസമയം, കാഞ്ഞങ്ങാട് നിന്ന് യാത്ര ചെയ്ത 36 പേരടങ്ങുന്ന സംഘവും കോട്ടയത്ത് നിന്നുള്ള 16 പേരുടെ സംഘത്തിനും പ്രശ്നങ്ങളില്ലെന്നും സുരക്ഷിതരാണന്നും അറിയിച്ചിട്ടുണ്ട്. അവരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ടെന്നും രാജേഷ് മാധവൻ അറിയിച്ചു. ഈ സംഘങ്ങൾ 53 പേരുടെ പട്ടികയിൽ ഉൾപ്പെടുന്നതല്ല.