കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സംഗീതവിരുന്ന് :സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം 5.30 മുതൽ പ്രോജക്ട് മലബാറിക്കസ്’ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ : പ്രവേശനം സൗജന്യം:ഫൈനൽ രാത്രി എട്ടിന്

തിരുവനന്തപുരം: ക്രിക്കറ്റ് പൂരത്തിന് കൊടിയിറങ്ങുമ്പോൾ തലസ്ഥാനത്തെ കാണികളെ സംഗീത ലഹരിയിലാറാടിക്കാൻ പ്രമുഖ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും ഗ്രീൻഫീൽഡിലെത്തുന്നു. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന കെസിഎൽ ഫൈനൽ പോരാട്ടത്തിന് മാറ്റുകൂട്ടാനാണ് സിത്താരയുടെ പ്രശസ്ത ബാൻഡായ ‘പ്രോജക്ട് മലബാറിക്കസ്’ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ അരങ്ങേറുന്നത്. വൈകുന്നേരം 5.30 മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന സംഗീത നിശയിലേക്ക് പ്രവേശനം സൗജന്യം.

പരമ്പരാഗത തനിമയുള്ള നാടൻ പാട്ടുകളെയും ശാസ്ത്രീയ സംഗീതത്തെയും ആധുനിക റോക്ക്, ഫ്യൂഷൻ ശൈലികളുമായി സമന്വയിപ്പിച്ച് ആസ്വാദകരെ വിസ്മയിപ്പിക്കുന്ന ബാൻഡാണ് പ്രോജക്ട് മലബാറിക്കസ്. ഏലലാം കിളി,ചായപ്പാട്ട്, അരുതരുതേ, പിള്ളേരാണ്, ഭഗവതി തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ സൂപ്പർഹിറ്റ് ഗാനങ്ങൾ ഗ്രീൻഫീൽഡിലും ആവേശം നിറയ്ക്കും. സിത്താരയുടെ മാസ്മരിക ശബ്ദത്തിനൊപ്പം ലിബോയ് പ്രൈസ്ലി (റിഥം ഗിറ്റാർ), വിജോ ജോബ് (ലീഡ് ഗിറ്റാർ), അജയ് കൃഷ്ണൻ (ബേസ് ഗിറ്റാർ), മിഥുൻ പോൾ (ഡ്രംസ്), ശ്രീനാഥ് നായർ (കീബോർഡ്, വോക്കൽസ്) എന്നിവർ കൂടി സ്റ്റേജിലെത്തുമ്പോൾ തലസ്ഥാന നഗരിക്ക് അവിസ്മരണീയ സംഗീതരാവാകും സമ്മാനിക്കുക. ഒരിടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് സിത്താരയും സംഘവും തലസ്ഥാനത്ത് സംഗീത വിരുന്ന് ഒരുക്കുന്നത്.

പാട്ടിന്റെ പിച്ചിൽ തീപ്പൊരി പാറിക്കുന്ന സിത്താരയുടെ പ്രകടനവും, പിന്നാലെ നടക്കുന്ന വാശിയേറിയ ഫൈനൽ പോരാട്ടവും കായിക പ്രേമികൾക്ക് ഇരട്ടി മധുരമാകും. ഫൈനൽ പോരാട്ടം വലിയൊരു കായിക-സാംസ്കാരിക ഉത്സവമാക്കി മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. സംഗീതവിരുന്നിന് ശേഷം രാത്രി എട്ടിന് കലാശപ്പോരാട്ടത്തിന് തുടക്കമാകും

 

 

കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് ജയം; സെമി ഫൈനൽ ലൈനപ്പായി

തിരുവനന്തപുരം:കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് 3 വിക്കറ്റ് ജയം.ആദ്യ ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 19.5 ഓവറിൽ 140 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി 18.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അജിനാസാണ് പ്ലെയർ ഓഫ് ദി മാച്ച്

സ്കോർ – തൃശൂർ ടൈറ്റൻസ് – 19.5 ഓവറിൽ 140 ആലപ്പി റിപ്പിൾസ് 18.5 ഓവറിൽ 142‌ – 7

ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിൽ ടോസ് നേടിയ ടൈറ്റൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അക്കൗണ്ട് തുറക്കും മുൻപേ തന്നെ ആദ്യ വിക്കറ്റ് വീണു. ടി. എസ്. വിനിൽ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ കെ. ആർ. രോഹിത് മടങ്ങി. പത്ത് റൺസെടുത്ത വിഷ്ണുരാജിന്റേതായിരുന്നു അടുത്ത ഊഴം. വിനിലിന്റെ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാച്ചെടുത്താണ് വിഷ്ണുരാജ് പുറത്തായത്. അടുത്ത ഓവറിൽ അഹമ്മദ് ഇമ്രാനും (16) മടങ്ങി. രണ്ട് തകർപ്പൻ സിക്സറുകളുമായി തുടങ്ങിയ ഇമ്രാൻ, അഭിജിത് പ്രവീണിന്റെ പന്തിൽ സച്ചിൻ ബേബിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ എം. എസ്. അഖിലിനും ഏറെ നേരം പിടിച്ചുനിൽക്കാനായില്ല. ഒരു റണ്ണെടുത്ത അഖിലിനെ അജിത് രാജാണ് പുറത്താക്കിയത്.

അഞ്ചാം വിക്കറ്റിൽ എസ്. ഷാരോണും ഷോൺ റോജറും ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 14 റൺസെടുത്ത ഷാരോണിനെ പുറത്താക്കി അജ്നാസ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. തൊട്ടടുത്ത ഓവറിൽ ഏഴ് റൺസെടുത്ത മുഹമ്മദ് ഇനാൻ, സിബിൻ ഗിരീഷിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന ഷോൺ റോജറെയും പ്രസൂൺ പ്രസാദിനെയും ഒരേ ഓവറിൽ പുറത്താക്കി അജ്നാസ് ടൈറ്റൻസിന് വീണ്ടും പ്രഹരമേൽപ്പിച്ചു. ഒടുവിൽ ഒൻപതാം വിക്കറ്റിൽ ബിജു നാരായണനും ആസിഫ് സലാമും ചേർത്ത 49 റൺസിന്റെ കൂട്ടുകെട്ടാണ് ടൈറ്റൻസിനെ 140-ൽ എത്തിച്ചത്. ആസിഫ് സലാം 16 പന്തുകളിൽ നിന്ന് 21 റൺസെടുത്തു. 25 പന്തുകളിൽ നിന്ന് 37 റൺസുമായി ബിജു നാരായണൻ പുറത്താകാതെ നിന്നു. ഷോൺ റോജർ 24 പന്തിൽ നിന്ന് 27 റൺസ് നേടി ആലപ്പിക്ക് വേണ്ടി കെ അജിനാസ് മൂന്നും വിനിൽ, അഭിജിത് പ്രവീൺ, സിബിൻ ഗിരീഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിയൂടെ തടുക്കവും തകർച്ചയോടെയായിരുന്നു.ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീണു.മുഹമ്മദ് ഇർഷാദിന്റെ പന്തുകളിൽ ആകാശ് പിള്ളയും സച്ചി ബേബിയും അക്കൗണ്ട് തുറക്കാതെ മടങ്ങി.മൂന്നാം വിക്കറ്റിൽ മുഹമ്മദ് ആസറുദ്ദീനും അരുൺ.കെ.എയും ചേർന്ന് 38 റൺസ് കൂട്ടിചേർത്തു. എന്നാൽ 20 റൺസെടുത്ത അരുണിനെ പുറത്താക്കി ഇർഷാദ് ആലപ്പിക്ക് വീണ്ടും പ്രഹരം എൽപ്പിച്ചു.തുടർന്നെത്തിയ അക്ഷയിയും മുഹമ്മദ് അസറുദ്ദീനും ചേർന്നുള്ള കൂട്ടുകെട്ടിൽ 24 റൺസ് പിറന്നു.എന്നാൽ 19 റൺസെടുത്ത അസർ പുറത്തായത് ആലപ്പിക്ക് തിരിച്ചടിയായി.തൊട്ട് പിറകെ അഭിജിത്ത് പ്രവീണും അക്ഷയിയും കൂടി മടങ്ങയതോടെ ആറിന് 71 റൺസെന്ന നിലയിലായിരുന്നു ആലപ്പി.അബിജിത്ത് പ്രവീണും 5 റൺസും അക്ഷയ് 19 റൺസുമെടുത്തു.തുടർന്ന് 8-ാം വിക്കറ്റിൽ സിബിൻ ഗിരീഷും ശ്രീരുപും ചേർന്നുള്ള 60 റൺസ് കൂട്ടുകെട്ടാണ് ആലപ്പിക്ക് വിജയമൊരുക്കിയത്. ഇരുവരും 31 റൺസ് വീതം നേടി. വിജയത്തിന് തൊട്ടരികെ ശ്രീരൂപ് പുറത്തായെങ്കിലും ഏഴ് പന്ത് ബാക്കി നൽക്കെ ആലപ്പി വിജയത്തിലെത്തിയത്.തൃശൂർ ടൈറ്റൻസിന് വേണ്ട് മുഹമ്മദ് ഇർഷാദ് നാല് വിക്കറ്റും,പി.നാസൽ ആസിഫ് സലാം എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.നാളെ നടക്കുന്ന ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസിനെ നേരിടും. രണ്ടാം മത്സരത്തിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള ആലപ്പി റിപ്പിൾസ് നാലാം സ്ഥാനക്കാരായ കാലിക്കറ്റിനെ നേരിടും.

റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്ത് വിഗ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ട്രിവാൻഡ്രം റോയൽസിനെ തകർത്തത് വിഗ്നേഷ് പുത്തൂരിന്റെ ഉജ്ജ്വല ബൗളിംഗ് മികവാണ്. മികച്ച ടേണും വൈവിധ്യവും കൊണ്ട് ബാറ്റർമാരെ വട്ടംകറക്കിയ വിഗ്നേഷ് 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി റോയൽസിന്റെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. മൂന്നാം സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേർന്ന് പടുത്തുയർത്തിയ 51 റൺസിന്റെ കൂട്ടുകെട്ട് തകർത്താണ് വിഗ്നേഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഏഴാം ഓവറിൽ പന്തെറിഞ്ഞ താരം കൃത്യമായ ഡോട്ട് ബോളുകളിലൂടെ റണ്ണൊഴുക്ക് തടഞ്ഞ് ബാറ്റർമാരിൽ സമ്മർദ്ദം സൃഷ്ടിച്ചു. ഗൂഗ്ലിയിലൂടെ കൃഷ്ണപ്രസാദിനെ ലോംഗ് ഓണിൽ അശ്വിൻ ആനന്ദിന്റെ കൈകളിലെത്തിച്ചാണ് വിഗ്നേഷ് വിക്കറ്റ് കൊയ്ത്ത് ആരംഭിച്ചത്. തുടർന്ന് ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പിച്ച് ചെയ്ത വേഗം കുറഞ്ഞ ഗൂഗ്ലിയിൽ ഗോവിന്ദ് ദേവ് പൈയെ വരുൺ നയനാർ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. മൂന്നാം ഓവറിൽ അക്ഷയ് മനോഹറിനെയും നാലാം ഓവറിൽ സിജോമോൻ ജോസഫിനെയും നിഖിൽ എമ്മിനെയും പുറത്താക്കി വിഗ്നേഷ് റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്തു.

കൃത്യമായ ഫീൽഡിങ് ക്രമീകരണങ്ങൾക്കൊപ്പം പന്തിന്റെ വേഗത്തിലും ലൈനിലും വരുത്തിയ വൈവിധ്യങ്ങളാണ് വിഗ്നേഷിന്റെ ബൗളിങ്ങിനെ കൂടുതൽ അപകടകാരിയാക്കിയത്. 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ശ്രദ്ധേയ പ്രകടനത്തോടെ മത്സരത്തിലെ താരമായി മാറിയ വിഗ്നേഷ് പുത്തൂർ കെ.സി.എല്ലിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: വിജയവുമായി എമറാൾഡും റൂബീസും

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം. എമറാൾഡ് സഫയറിനെ ആറ് വിക്കറ്റിനും റൂബീസ് ആംബറിനെ 15 റൺസിനുമാണ് തോൽപ്പിച്ചത്. ഇരു ടീമുകളുടെയും തുടർച്ചയായ രണ്ടാം വിജയമാണിത്.

എമറാൾഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സഫയർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. ക്യാപ്റ്റൻ സജന സജീവന്റെയും അൻസു സുനിലിന്റെയും തകർപ്പൻ ഇന്നിങ്സുകളാണ് സഫയറിനെ മികച്ച സ്കോറിലെത്തിച്ചത്. സജന 34 പന്തുകളിൽ നാല് ഫോറും അഞ്ച് സിക്സുമടക്കം 61 റൺസും അൻസു സുനിൽ 48 റൺസുമെടുത്തു. എമറാൾഡിന് വേണ്ടി നിയ നസ്നീനും സാന്ദ്ര സുരനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് മൂന്ന് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. 54 പന്തുകളിൽ ഏഴ് ഫോറും രണ്ട് സിക്സുമടക്കം 70 റൺസുമായി പുറത്താകാതെ നിന്ന എം അബീനയുടെ ഇന്നിങ്സാണ് എമറാൾഡിന് വിജയമൊരുക്കിയത്. പി ആർ വൈഷ്ണ 22 റൺസെടുത്തു. സഫയറിന് വേണ്ടി വിനയ സുരേന്ദ്രൻ രണ്ട് വിക്കറ്റെടുത്തു.

രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റൂബീസ്, ഓപ്പണർമാർ നൽകിയ തകർപ്പൻ തുടക്കത്തിന്റെ മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. ദിയ ഗിരീഷും എം പി വൈഷ്ണയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 86 റൺസാണ് കൂട്ടിച്ചേർത്തത്. ദിയ 51 പന്തുകളിൽ നിന്ന് 76ഉം വൈഷ്ണ 28 പന്തുകളിൽ 37ഉം റൺസെടുത്തു. ആംബറിന് വേണ്ടി എ കെ ഐശ്വര്യയും എൻഎസ് ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് നേടാനായത്. 38 റൺസെടുത്ത ക്യാപ്റ്റൻ ടി ഷാനിയും 26 റൺസെടുത്ത ആര്യനന്ദയും 25 റൺസെടുത്ത അഭിരാമി പി ബിനുവും മാത്രമാണ് ആംബറിന് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. റൂബീസിന് വേണ്ടി അനുശ്രീ അനിൽകുമാർ മൂന്നും നിത്യ ലൂർദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

വിഷ്ണു വിനോദിന് സെഞ്ച്വറി; റൺവേട്ടയിൽ അഞ്ചാമൻ

തിരുവനന്തപുരം: അവസാന നിമിഷം വരെ ആകാംക്ഷ നിറഞ്ഞ കാലിക്കറ്റ്-ട്രിവാൻഡ്രം റോയൽസ് മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ വിഷ്ണു വിനോദിന് സെഞ്ച്വറി. മത്സരത്തിൽ ഏഴ് റൺസിന് ഗ്ലോബ്സ്റ്റാർസിനോട് പരാജയപ്പെട്ടെങ്കിലും ട്രിവാൻഡ്രത്തിന് വേണ്ടി മികച്ച പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. നേരത്തെ രണ്ട് അർദ്ധ സെഞ്ച്വറികൾ നേടിയ താരം തകർപ്പൻ ഫോമിൽ തുടരുന്നത് റോയൽസിൻ്റെ കിരീടപ്രതീക്ഷകൾക്ക് കരുത്തേകുകയാണ്. കാലിക്കറ്റിന്റെ സ്പിൻ മാന്ത്രികൻ വിഗ്നേഷ് പുത്തൂരിന് മുന്നിൽ റോയൽസ് ക്യാപ്റ്റൻ ഉൾപ്പെടെയുള്ള മുൻനിര ബാറ്റർമാർ കൂടാരം കയറിയപ്പോൾ, മറുവശത്ത് വിഷ്ണു വിനോദ് കളം നിറഞ്ഞു കളിക്കുകയായിരുന്നു. 62 പന്തിൽ നിന്ന് എട്ട് പടുകൂറ്റൻ സിക്സറുകളും പത്ത് ഫോറുകളും ഉൾപ്പെടെ 118 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലെ ബാറ്റിങ് വിരുന്നിലൂടെ 341 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാനും വിഷ്ണുവിന് കഴിഞ്ഞു.

രണ്ടാം ഓവറിൽ തുടർച്ചയായി മൂന്ന് തവണ പന്ത് ബൗണ്ടറി കടത്തിയാണ് വിഷ്ണു വെടിക്കെട്ടിന് തിരികൊളുത്തിയത്. ഹരികൃഷ്ണനെ സിക്സർ പറത്തി ടീം സ്കോർ അമ്പത് കടത്തിയ വിഷ്ണു, ജോസ് പെരയിലിനെ ബൗണ്ടറി കടത്തിയാണ് വ്യക്തിഗത സ്കോർ അമ്പതിലെത്തിച്ചത്. പിന്നീട് കണ്ടത് വിഷ്ണുവിന്റെ അഴിഞ്ഞാട്ടമായിരുന്നു. പതിനാറാം ഓവറിൽ അഖിൻ സത്താറിന്റെ പന്തിൽ ബൗണ്ടറി പായിച്ച് 56 പന്തിൽ വിഷ്ണു സീസണിലെ തന്റെ ആദ്യ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. തൊട്ടടുത്ത പന്തും സിക്സർ പറത്തിയ വിഷ്ണു കാലിക്കറ്റിന്റെ പേടി സ്വപ്നമായി മാറുകയായിരുന്നു. ആ ഓവറിൽ മാത്രം ട്രിവാൻഡ്രത്തിന്റെ സ്കോർബോർഡിൽ ചേർന്നത് 28 റൺസാണ്. അഖിൻ സത്താർ, ഇബ്നുൽ, ജോസ് പെരയിൽ, അഖിൽ സ്കറിയ, ഹരികൃഷ്ണൻ എന്നിവരെല്ലാം വിഷ്ണുവിന്റെ ബാറ്റിങ് ചൂടറിഞ്ഞു. നാലാം ഓവറിൽ മാത്രം അഖിൻ സത്താറിനെതിരെ ഒരു സിക്സും ഫോറും ഉൾപ്പെടെ 14 റൺസാണ് താരം നേടിയത്.

ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും ഏഴാം വിക്കറ്റിൽ ഉജ്ജ്വലിനൊപ്പം ചേർന്ന് വിഷ്ണു നടത്തിയ ചെറുത്തുനിൽപ്പാണ് മത്സരത്തിൽ ട്രിവാൻഡ്രത്തെ സജീവമാക്കിയത്. കേവലം 24 പന്തിൽ നിന്നാണ് ഇരുവരും 62 റൺസ് അടിച്ചുകൂട്ടിയത്. ഇതിൽ 49 റൺസും പിറന്നത് വിഷ്ണുവിന്റെ ബാറ്റിൽ നിന്നായിരുന്നു. ഒടുവിൽ അഖിൽ സ്കറിയയുടെ പന്തിൽ കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് ക്യാച്ച് നൽകിയാണ് വിഷ്ണുവിന്റെ ഈ വീരോചിത ഇന്നിങ്സിന് വിരാമമായത്. ഈ നിർണായക വിജയത്തോടെ കാലിക്കറ്റ് സെമി ഫൈനലിൽ പ്രവേശിച്ചു.

ട്രിവാൺഡ്രം റോയൽസിനെ ഏഴ് റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാ‍ർസ് സെമിയിൽ

തിരുവനന്തപുരം: ജീവന്മരണപ്പോരാട്ടത്തിൽ ട്രിവാൺഡ്രം റോയൽസിനെ ഏഴ് റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാ‍ർസ് കെസിഎല്ലിൻ്റെ സെമി ഫൈനലിൽ കടന്നു. വിഷ്ണു വിനോദിന്റെ ഒറ്റയാൾ പോരാട്ടവും വിഘ്നേഷ് പുത്തൂരിന്റെ അവിസ്മരണീയ ബൗളിങ് പ്രകടനവുമാണ് മത്സരത്തെ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടമാക്കിയത്. അഞ്ച് വിക്കറ്റുമായി ടീമിന് വിജയമൊരുക്കിയ വിഘ്നേഷ് പുത്തൂരാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.

കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 184/6, ട്രിവാൺഡ്രം റോയൽസ് – 19.3 ഓവറിൽ 177

നിർണ്ണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. വി അജിത്തിന്റെ പന്തിൽ ശ്രീഹരി നായർ ക്യാച്ചെടുത്താണ് വരുൺ (4) മടങ്ങിയത്. രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും അഖിൽ സ്കറിയയും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. കൂറ്റൻ ഷോട്ടുകളുമായി നിലയുറപ്പിക്കുകയായിരുന്ന രോഹനെ മനോഹരമായൊരു സ്ലോ ബോളിലൂടെ പുറത്താക്കി എം നിഖിലാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. രോഹൻ 35 റൺസുമായി മടങ്ങി. റൺറേറ്റ് ഉയർത്താൻ നാലാമനായി ജോസ് പെരയിലിനെ ഇറക്കിയ കാലിക്കറ്റിന്റെ തന്ത്രം ഫലം കണ്ടു. 15 പന്തിൽ നാല് സിക്സടക്കം 31 റൺസെടുത്ത ജോസ് തന്റെ റോൾ ഭംഗിയായി നിർവ്വഹിച്ച് മടങ്ങി. എന്നാൽ തുടർന്നെത്തിയ കൃഷ്ണദേവൻ ആറ് റൺസെടുത്ത് പുറത്തായി. 29 റൺസെടുത്ത അഖിൽ സ്കറിയ റണ്ണൗട്ടായതും കാലിക്കറ്റിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ തകർത്തടിച്ച സൽമാൻ നിസാറും അശ്വിൻ ആനന്ദും ചേർന്നാണ് കാലിക്കറ്റിന്റെ സ്കോർ 184ൽ എത്തിച്ചത്. സൽമാൻ 25 പന്തുകളിൽ നിന്ന് 31 റൺസും അശ്വിൻ ആനന്ദ് 12 പന്തുകളിൽ നിന്ന് 24 റൺസുമെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന്റെ ബാറ്റിങ് നിരയിൽ വിഷ്ണു വിനോദ് ഒഴികെ മറ്റാർക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. വിഷ്ണുവിന് പുറമെ 14 റൺസെടുത്ത കൃഷ്ണപ്രസാദും 11 റൺസെടുത്ത ഉജ്ജ്വൽ കൃഷ്ണയും മാത്രമാണ് രണ്ടക്കം കടന്നത്. എന്നാൽ ഒറ്റയാൾ പോരാട്ടത്തിലൂടെ മത്സരത്തിന്റെ ആവേശം അവസാനം വരെ നിലനിർത്താൻ വിഷ്ണുവിനായി. ഒൻപത് റൺസെടുത്ത ഭരത് സൂര്യയായിരുന്നു ആദ്യം മടങ്ങിയത്. തുടർന്നെത്തിയ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേർന്ന് രണ്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത കൃഷ്ണപ്രസാദിനെ പുറത്താക്കി വിഘ്നേഷ് പുത്തൂർ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ശേഷമെത്തിയ ഗോവിന്ദ് ദേവ് പൈയെയും അതേ ഓവറിൽ തന്നെ വിഘ്നേഷ് പുറത്താക്കി. വിഘ്നേഷിനെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിനിടെ അക്ഷയ് മനോഹർ (9) അഖിൽ സ്കറിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. തന്റെ അടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ സിജോമോൻ ജോസഫിനെയും (2) എം നിഖിലിനെയും (0) വിഘ്നേഷ് മടക്കി.

ഇതോടെ 13.3 ഓവറിൽ ആറ് വിക്കറ്റിന് 97 റൺസെന്ന നിലയിലായിരുന്നു റോയൽസ്. എന്നാൽ തുടർന്ന് തകർപ്പൻ ഫോമിലേക്ക് ഉയർന്ന വിഷ്ണു വിനോദ് ഹരികൃഷ്ണൻ എറിഞ്ഞ 16-ാം ഓവറിൽ 18 റൺസ് നേടി. അഖിൻ സത്താർ എറിഞ്ഞ അടുത്ത ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും നേടിയ വിഷ്ണു 56 പന്തുകളിൽ നിന്ന് തന്റെ സെഞ്ചുറിയും പൂർത്തിയാക്കി. 18 ഓവർ അവസാനിക്കുമ്പോൾ 12 പന്തുകളിൽ നിന്ന് 20 റൺസ് മാത്രമാണ് റോയൽസിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അഖിൽ സ്കറിയ എറിഞ്ഞ 19-ാം ഓവറിൽ വിഷ്ണു വിനോദ് പുറത്തായതോടെ കളിയുടെ ഗതി മാറി. 62 പന്തുകളിൽ 10 ഫോറും എട്ട് സിക്സുമടക്കം 118 റൺസാണ് വിഷ്ണു വിനോദ് നേടിയത്. അവസാന ഓവറിൽ ജയിക്കാൻ ഒൻപത് റൺസ് വേണ്ടിയിരുന്ന റോയൽസ് 177 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി വിഘ്നേഷ് പുത്തൂർ നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. അഖിൽ സ്കറിയ,ഇബിനൂൾ അഫ്താബ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.