ബാങ്കുകൾക്ക് ഇന്നു പ്രവൃത്തിദിനം(സെപ്റ്റംബർ 27); അടുത്ത മൂന്നു ദിവസം പണിമുടക്ക് :ഡിജിറ്റൽ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിപ്പിക്കും :സമരം മൂലം രാജ്യവ്യാപകമായി ബാങ്കിങ് പ്രവർത്തനങ്ങൾ സ്തംഭിക്കാനാണ് സാധ്യത
buisness100news.com ; സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്ത് ബാങ്കുകൾ പ്രവർത്തിക്കും. തിങ്കളാഴ്ചമുതൽ മൂന്നുദിവസം ജീവനക്കാരുടെ യൂണിയനുകൾ പണിമുടക്കു പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനാണ് ഞായറാഴ്ച ബാങ്കുകൾക്കു പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കിയത്. മൂന്നു ദിവസത്തെ പണിമുടക്കിനുശേഷം ഒക്ടോബർ ഒന്നിന് ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും .ഒക്ടോബര് രണ്ടിന് ഗാന്ധിജയന്തി പ്രമാണിച്ച് പൊതു അവധിയാണ്. ഒക്ടോബറിലെ ആദ്യ ശനിയാഴ്ചയായതിനാൽ മൂന്നിന് പ്രവൃത്തിദിനമാണ്. ഡിജിറ്റൽ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിപ്പിക്കുമെന്ന് ബാങ്കുകൾ അറിയിച്ചിട്ടുണ്ട്.ഓൺലൈൻ സേവനങ്ങളെ സമരം ബാധിക്കില്ല. ഇ.എം.ഐ. ഉൾപ്പെടെ ഓട്ടമേറ്റഡ്-മാൻഡേറ്റഡ് ഇടപാടുകളും തടസ്സമില്ലാതെ നടക്കും. എ.ടി.എം. ഇടപാടുകൾക്ക് തടസ്സമുണ്ടാകില്ല. ഞായറാഴ്ച പ്രവൃത്തിദിനമായതിനാൽ എ.ടി.എമ്മുകളിൽ പണലഭ്യത ഉറപ്പാക്കും .തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ എത്ര തവണ വേണമെങ്കിലും എ.ടി.എം. വഴി പണം പിൻവലിക്കാമെന്നും ഫീസ് ഈടാക്കില്ലെന്നും പൊതുമേഖലാ ബാങ്കുകൾ അറിയിച്ചിട്ടുണ്ട് .സമരം മൂലം രാജ്യവ്യാപകമായി ബാങ്കിങ് പ്രവർത്തനങ്ങൾ സ്തംഭിക്കാനാണ് സാധ്യത.

