തെക്കൻ കേരള തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ, സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മീ. ഉയരത്തിൽ ചക്രവാതച്ചുഴി (Upper Air Cyclonic Circulation) നിലനിൽക്കുന്നു

വടക്കൻ തമിഴ്നാടിന് മുകളിൽ, സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മീ. ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി തുടരുന്നു.

മന്നാർ കടലിടുക്കിൽ നിന്ന് മധ്യ മഹാരാഷ്ട്രയിലേക്ക്, തമിഴ്നാടും കർണാടകയും വഴി കടന്നുപോകുന്ന, സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മീ. ഉയരത്തിൽ ന്യൂനമർദ്ദപാത്തി (Trough) നിലനിൽക്കുന്നു

കേരളത്തിൽ 2026 ഒക്ടോബർ 06 മുതൽ 10വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.

ഒക്ടോബർ 06, 09, 10 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

ഒക്ടോബർ 6, 9, 10 തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

ഒക്ടോബർ 7, 8 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 2026 ഒക്ടോബർ 06, 09, 10 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; ഒക്ടോബർ 07, 08 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

06/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

09/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്

10/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് (06/10/2026) വൈകുന്നേരം 05.30 മുതൽ നാളെ 07/10/2026 രാത്രി 11.30 വരെ 0.8 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 07/10/2026 രാത്രി 08.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.